ബി.എം.ഡബ്ല്യു X7 ഡാര്‍ക്ക് ഷാഡോ വരുന്നു; ലോകത്തില്‍ 500 എണ്ണം മാത്രം

കറുപ്പില്‍ മുങ്ങി കുളിച്ച് എത്തിയതൊഴിച്ചാല്‍ ഡിസൈനില്‍ കാര്യമായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് വിവരം.

Update: 2021-06-01 12:17 GMT
Advertising

ആഡംബര കാര്‍ വിപണിയില്‍ പുതിയ താരമായി ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ X7-ന്റെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പ് വരുന്നു. X7 ഡാര്‍ക്ക് ഷാഡോ എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിന് 2.02 കോടി രൂപയാണ് ഇന്ത്യയിലെ എക്സ്ഷോറും വില. X7-ന്റെ ആദ്യ സ്പെഷ്യല്‍ എഡിഷന്‍ മോഡല്‍ എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്. ലോകത്തുടനീളമുള്ള ബി.എം.ഡബ്ല്യുവിന്റെ വിപണികള്‍ക്കായി X7 ഡാര്‍ക്ക് ഷാഡോ എഡിഷന്റെ 500 യൂണിറ്റ് മാത്രമാണ് ബി.എം.ഡബ്ല്യു പുറത്തിറക്കുന്നത്. ഇതില്‍ എത്ര യൂണിറ്റാണ് ഇന്ത്യക്ക് ലഭിക്കുകയെന്ന സൂചനകള്‍ ലഭിച്ചിട്ടില്ല.

ആകര്‍ഷകമായ പെയിന്റ് സ്‌കീമാണ് ഡാര്‍ക്ക് ഷാഡോ എഡിഷന്റെ ഹൈലൈറ്റ്. ഫ്രോസെണ്‍ ആര്‍ട്ടിക് ഗ്രേ മെറ്റാലിക് എന്നാണ് ബി.എം.ഡബ്ല്യു. ഈ നിറത്തിനെ വിശേഷിപ്പിക്കുന്നത്. X7 ഡാര്‍ക്ക് ഷാഡോ എഡിഷനിലാണ് ഈ പെയിന്റ് സ്‌കീം ആദ്യമായി ഉപയോഗിക്കുന്നത്. എന്നാല്‍, വൈകാതെ X6, X5 തുടങ്ങിയ മോഡലുകളിലും ഓപ്ഷണല്‍ പാക്കേജായി ഈ നിറം നല്‍കിയേക്കും.

കറുപ്പില്‍ മുങ്ങി കുളിച്ച് എത്തിയതൊഴിച്ചാല്‍ ഡിസൈനില്‍ കാര്യമായി മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്നാണ് വിവരം. ബി.എം.ഡബ്ല്യു സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, ഡി.ആര്‍.എല്‍, മസ്‌കുലര്‍ ഭാവമുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവത്തിലുള്ളത്. ലൈറ്റുകള്‍ ഒഴിച്ച് ബാക്കി എല്ലാ ഭാഗങ്ങളിലും കറുപ്പ് നിറം നല്‍കിയിട്ടുള്ളതാണ് മുന്‍വശത്തെ സ്‌റ്റൈലിഷാക്കിയിരിക്കുന്നത്.

6-7 സീറ്റിങ്ങ് ഓപ്ഷനുകളില്‍ ഡാര്‍ക്ക് ഷാഡോ എഡിഷന്‍ എത്തുന്നുണ്ട്. കറുപ്പാണ് അകത്തളത്തിന്റെയും ഭാവം. മെമ്മറി ഫങ്ഷനൊപ്പം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന സീറ്റുകളാണ് മൂന്ന് നിരയിലും നല്‍കിയിട്ടുള്ളത്. ഡാഷ്ബോര്‍ഡും മറ്റും ലെതറിലാണ് തീര്‍ത്തിരിക്കുന്നത്. ഫീച്ചറുകളും മറ്റും X7 -ന്റെ റെഗുലര്‍ മോഡലില്‍ നല്‍കിയിട്ടുള്ളതാണ് ഇതിലുമുള്ളത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News