പൂര്‍ണവളര്‍ച്ചയെത്തും മുമ്പ് കുഞ്ഞ് ജനിച്ചോ; ബുദ്ധിവികാസത്തിനുള്ള ഏക മരുന്ന് മുലപ്പാല്‍ മാത്രം
പ്രസവതീയതിക്ക് വളരെ നേരത്തെ ജനിക്കുന്ന കുട്ടികള്‍ പഠനത്തിലും ചിന്തയിലുമൊക്കെ പിറകിലാകാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി മുലയൂട്ടി ഈ അവസ്ഥയെ മറികടക്കാമെന്ന് വിദഗ്ധര്‍
മുലപ്പാലിലൂടെ കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്ന പോഷണത്തെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല, അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പൂര്‍ണ വളര്‍ച്ചയെത്തും മുമ്പ് ജനിച്ച കുഞ്ഞുങ്ങളുടെ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്ക് മുലപ്പാലാണ് ഏറ്റവും നല്ല മരുന്ന് എന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
പ്രസവ തീയതിക്ക് വളരെ നേരത്തെ ജനിക്കുന്ന കുട്ടികള്‍ പഠനത്തിലും ചിന്തയിലുമൊക്കെ പിറകിലാകാനുള്ള സാധ്യത ഏറെയാണ്. കൃത്യമായി മുലയൂട്ടി ഈ അവസ്ഥയെ ഭാവിയില്‍ മറികടക്കാന്‍ മുലയൂട്ടല്‍ കുട്ടികളെ സഹായിക്കും. വളര്‍ച്ച പൂര്‍ത്തിയാകാതെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ അമ്മമാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകം ശ്രദ്ധ കൊടുക്കണമെന്ന് പറയുന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നതുതന്നെ കൃത്യമായി മുലയൂട്ടുക എന്നതാണ്.
കുഞ്ഞ് കൃത്യമായ ശരീരഭാരത്തിലേക്കെത്താന്‍ വളര്‍ച്ചക്കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഫോര്‍മുല മില്‍ക്ക്, നിര്‍ദേശിക്കുന്നത് സാധാരണ പതിവാണ്. പക്ഷേ ഐസിയുവില്‍ പ്രവേശിപ്പിച്ച കുട്ടികളാണെങ്കിലും ഫോര്‍മുല മില്‍ക്ക് നല്‍കുന്നതിന് പകരം മുലപ്പാല്‍ തന്നെ നല്‍കാന്‍ അമ്മമാര്‍ ശ്രദ്ധിക്കണം.
തലച്ചോറിന്‍റെ വളർച്ചയെ സഹായിക്കുന്ന ഡോകാസ ഹെക്‌സോണിക് ആസിഡ് (ഡിഎച്ച്എ) എന്ന ഒമേഗ-3 ഫാറ്റി ആസിഡ് കൊഴുപ്പ് ഘടകം മുലപ്പാലിൽ അടങ്ങിയിട്ടുണ്ട്. വളർച്ചയ്ക്കും തലച്ചോറിലെ .കോശങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുമുള്ള പോഷകമാണ് ഡിഎച്ച്എ. മുലപ്പാലിലെ കൊളസ്‌ട്രോൾ, ഗാലക്ടോസ് എന്നിവയും തലച്ചോറിന്‍റെ വളർച്ചയ്ക്ക് പ്രധാനപ്പെട്ടതാണ്.
മുലയൂട്ടുമ്പോൾ കുട്ടിയുടെ ശരീരത്തിൽ തഴുകുന്നതും തലച്ചോറിലെ ന്യൂറോണുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും വൈകാരികമായ സമർദ്ദം താങ്ങാൻ കുട്ടിയെ സഹായിക്കുകയും ചെയ്യും. മുലയൂട്ടുന്ന കുട്ടികൾക്ക് ഉയർന്ന ഐക്യു ഉണ്ടെന്നും അവർ സ്കൂളുകളിൽ മെച്ചമാണെന്നും പല ആധികാരിക പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.