രാഹുലിന്റെ ഈ സെഞ്ച്വറിക്കുമുണ്ട് ചില പ്രത്യേകതകള്‍ 

ഫോമില്ലാതെ ഉഴലുന്ന രാഹുലിന് പുതുജീവനേകുന്ന സെഞ്ച്വറികൂടിയായി ഓവലിലേത്. 

Update: 2018-09-11 13:37 GMT
Advertising

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്കായി സെഞ്ച്വറി കുറിച്ച ലോകേഷ് രാഹുലിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ലോകം. ഫോമില്ലാതെ ഉഴലുന്ന രാഹുലിന് പുതുജീവനേകുന്ന ഇന്നിങ്സ്കൂടിയായി ഓവലിലേത്. ഈ പരമ്പരയില്‍ ബാറ്റിങ്ങില്‍ അടിമുടി പരാജയമായിരുന്നു രാഹുല്‍. അടുത്ത ഇന്ത്യയുടെ പരമ്പരക്ക് അദ്ദേഹത്തെ ഉള്‍പ്പെടുത്തണമോ എന്ന് വരെ നീണ്ടു വിമര്‍ശം. അവയെല്ലാം ഏകദിന ശൈലിയില്‍ ബാറ്റുവീശി രാഹുല്‍ മറുപടി നല്‍കി ഓവലില്‍. കരിയറിലെ അഞ്ചാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുലിന്റേത്.

അഞ്ചും വ്യത്യസ്ത രാജ്യങ്ങളില്‍ എന്നതാണ് പ്രധാന പ്രത്യേകത. രാഹുലിന്റെ ആദ്യ സെഞ്ച്വറി ആസ്‌ട്രേലിയക്കെതിരെ ആസ്‌ട്രേലിയയില്‍. രണ്ടാമത്തേത് ശ്രീലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍. മൂന്നാമത്തേത് വെസ്റ്റ്ഇന്‍ഡീസിനെതിരെയും നാലമത്തേത് ഇന്ത്യയിലും. ക്രിക്കറ്റ് ലോകത്ത് ഇങ്ങനെയൊരു നേട്ടം അപൂര്‍വമായിരിക്കും. ആദ്യ അഞ്ച് സെഞ്ച്വറികള്‍ വ്യത്യസ്ത രാജ്യങ്ങളിലാകുന്നത്. അഞ്ചാമത്തെ സെഞ്ച്വറി നേടാന്‍ രാഹുല്‍ എടുത്തത് 28 ഇന്നിങ്‌സുകളും 20 മാസവും. പിന്നെ വിമര്‍ശകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരു ടെസ്റ്റിന്റെ നാലാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഓപ്പണര്‍ എന്നതാണ് മറ്റൊരു പ്രത്യേകത.

ഇന്ത്യന്‍ താരങ്ങളായ സുനില്‍ ഗവാസ്‌കറും ശിഖര്‍ ധവാനുമാണ് ഇങ്ങനെയൊരു നേട്ടം കൈവരിച്ചത്. അതേസമയം ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ അടിച്ചുകളിക്കുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 230 എന്ന നിലയിലാണ്. 131 റണ്‍സുമായി രാഹുല്‍ 48 റണ്‍സുമായി റിഷബ് പന്ത് എന്നിവരാണ് ക്രീസില്‍.

Tags:    

Similar News