അര്‍ജന്റീന ടീമില്‍ പരിശീലകനെതിരെ കലാപം
പരിശീലകന്‍ സാംപോളിയെ പുറത്താക്കണമെന്ന് ഒരു കൂട്ടം താരങ്ങള്‍ ടീം മീറ്റിംങില്‍ പരസ്യമായി ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഗോളി കാബല്ലെറോയും കളിക്കാരുടെ ദേഷ്യത്തിനിരയായി...
ലോകകപ്പില്‍ പുറത്താകലിന്റെ വക്കില്‍ നില്‍ക്കുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീമില്‍ കലാപം. പരിശീലകന്‍ സാംപോളിയെ പുറത്താക്കണമെന്ന് ഒരു കൂട്ടം താരങ്ങള്‍ ടീം മീറ്റിംങില്‍ പരസ്യമായി ആവശ്യപ്പെട്ടുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച്ച രാത്രി നടക്കുന്ന നൈജീരിയക്കെതിരായ മത്സരത്തില്‍ അര്‍ജന്റീന ടീമിനെ സാംപോളിയല്ല മുതിര്‍ന്ന താരങ്ങളാകും തീരുമാനിക്കുകയെന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയെന്നാണ് സൂചന.
ആദ്യ മത്സരത്തില്‍ ഐസ്‌ലണ്ടിനോട് 1-1ന്റെ സമനിലക്കു പുറകേ ക്രൊയേഷ്യക്കെതിരെ ഏകപക്ഷീയമായ മൂന്ന് ഗോളിന്റെ പരാജയവും ഏറ്റുവാങ്ങിയതോടെയാണ് അര്‍ജന്റീന ടീമില്‍ അസ്വാരസ്യങ്ങള്‍ പരസ്യമായിരിക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ മാനേജര്‍ ജോര്‍ജ്ജ് ബുറുചുഗയോടാണ് പരിശീലകനെതിരായ പൊതുവികാരം മുതിര്‍ന്ന താരങ്ങള്‍ വ്യക്തമാക്കിയത്. ശനിയാഴ്ച്ച രാത്രി നടന്ന ടീം മീറ്റിംങിനിടെയായിരുന്നു നിര്‍ണ്ണായക സംഭവങ്ങള്‍.
1986ല്‍ ലോകകിരീടം നേടിയ അര്‍ജന്റീന ടീമിലെ അംഗമായിരുന്ന റിക്കാര്‍ഡോ ഗ്യൂസ്റ്റിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ നീലപ്പടയിലെ കലാപം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 'കളിക്കാരാകും ഇനി ടീമിനെ തീരുമാനിക്കുക. അതാണ് സത്യം. സാംപോളിക്ക് ബെഞ്ചില്‍ ഇരിക്കാന്‍ ആഗ്രമുണ്ടെങ്കില്‍ അതാവാം. അദ്ദേഹം സൈഡ് ബെഞ്ചിലില്ലെങ്കിലും കുഴപ്പമൊന്നുമില്ല' എന്നായിരുന്നു ഗ്യൂസ്റ്റിയുടെ പ്രതികരണം.
നൈജീരിയക്കെതിരായ മത്സരത്തില്‍ ജയം മാത്രം ലക്ഷ്യംവെച്ചാണ് അര്‍ജന്റീന ഇറങ്ങുന്നത്. നൈജീരിയക്കെതിരെ ജയിച്ചാല്‍ അര്‍ജന്റീനക്ക് നാല് പോയിന്റാകും. ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റുള്ള ക്രൊയേഷ്യ പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്. ക്രൊയേഷ്യക്ക് പിറകില്‍ രണ്ടാം സ്ഥാനത്തിനായാണ് ഗ്രൂപ്പില്‍ മത്സരം നടക്കുന്നത്. നൈജീരിയക്കെതിരെ ജയിച്ചാലും ഐസ്‌ലന്റ് ക്രൊയേഷ്യ മത്സരത്തെ ആശ്രയിച്ചിരിക്കും അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശം.
ജീവിതത്തിലെ ഏറ്റവും പ്രധാന മത്സരം കളിക്കാനിറങ്ങുമ്പോള്‍ സൈഡ് ബെഞ്ചില്‍ പോലും സാംപോളി വേണ്ടെന്ന നിലപാടാണ് മാഷറാനോയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന താരങ്ങള്‍ സ്വീകരിച്ചത്. സമ്മര്‍ദ്ദമേറിയപ്പോള്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായി സാംപോളി സംസാരിച്ചിരുന്നു. ലോകകപ്പ് കഴിയുന്നതുവരെ സ്ഥാനമൊഴിയേണ്ടതില്ലെന്നാണ് സാംപോളിയുടെ തീരുമാനമെന്നാണ് കരുതപ്പെടുന്നത്.
പരിശീലകനെതിരെ മാത്രമല്ല ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ സ്‌കൂള്‍കുട്ടികളെ പോലും നാണിപ്പിക്കുന്ന പിഴവുകള്‍ വരുത്തിയ ഗോള്‍ കീപ്പര്‍ വില്ലി കാബല്ലെറോയും കളിക്കാരുടെ ദേഷ്യത്തിനിരയായെന്നും റിപ്പോര്‍ട്ടുണ്ട്. മത്സരശേഷം ഡ്രസിംങ് റൂമില്‍വെച്ച് മാഷറാനോയും സ്‌ട്രൈക്കര്‍ ക്രിസ്റ്റിയന്‍ പാവോനും പരസ്യമായി കാബല്ലെറോയെ ചീത്തവിളിച്ചെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആരാധകരുടെ വാനോളമുള്ള പ്രതീക്ഷകള്‍ക്കൊപ്പം സമ്മര്‍ദ്ദങ്ങളുടെ തീച്ചൂളയില്‍ നിന്നായിരിക്കും മെസിയും സംഘവും ചൊവ്വാഴ്ച്ച രാത്രി 11.30ക്ക് നൈജീരിയക്കെതിരെ മൈതാനത്തിറങ്ങുകയെന്നുറപ്പ്.