സെനഗലും ജപ്പാനും ഇന്ന് നേര്‍ക്കുനേര്‍

പോളണ്ടും കൊളംബിയയും തമ്മിലാണ് മറ്റൊരു മത്സരം. കസന്‍ അരേനയില്‍ രാത്രി 11.30നാണ് ഈ മത്സരം...

Update: 2018-06-24 02:29 GMT
Advertising

ഗ്രൂപ്പ് എച്ചില്‍ ഇന്ന് കരുത്തുറ്റ പോരാട്ടങ്ങള്‍. രണ്ടാം ജയം ലക്ഷ്യമിട്ട് സെനഗലും ജപ്പാനും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ആദ്യ മത്സരത്തില്‍ കരുത്തരായ പോളണ്ടിനെ തോല്‍പ്പിച്ചാണ് സെനഗലിന്റെ വരവെങ്കില്‍ കൊളംബിയയെ ഞെട്ടിച്ചാണ് ജപ്പാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പോളണ്ടും കൊളംബിയയും തമ്മിലാണ് മറ്റൊരു മത്സരം.

പോളണ്ടും കൊളംബിയയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ അവരെ തോല്‍പ്പിച്ചെത്തുന്ന ജപ്പാനും സെനഗലും ഏറ്റുമുട്ടുമ്പോള്‍ എക്കറ്റെരിന്‍ബര്‍ഗ് അരേനയില്‍ പോരാട്ടം കനക്കും. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇരു ടീമുകളുടേയും ജയം. ആദ്യ മത്സരത്തില്‍ ഫോം കണ്ടെത്താതിരുന്ന മാമെ ഡിയൗഫിന് പകരം മൂസ കൊനറ്റയോ മൂസ സോയോ സെനഗലിന്റെ മുന്നേറ്റത്തില്‍ ഇടം പിടിച്ചേക്കും. ജയിക്കുന്നവര്‍ക്ക് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാം.

ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയവരാണ് കൊളംബിയയും പോളണ്ടും. കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ വരെ മുന്നേറിയ കൊളംബിയക്ക് ഇത്തവണ പ്രീ ക്വാര്‍ട്ടറിലെത്തണമെങ്കില്‍ ഇന്നത്തെ മത്സരം തോല്‍ക്കാതിരിക്കണം. ഹാമേഷ് റോഡ്രിഗസ് ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.

പോളണ്ടിന്റെ കാര്യവും സമാനമാണ്. സ്‌ട്രൈക്കര്‍ ലെവന്‍ഡോസ്‌കി ഗോള്‍ കണ്ടെത്തുമെന്നാണ് അവരുടെ പ്രതീക്ഷ. സെനഗലിനെതിരെ ആദ്യ ഇലവനില്‍ ഇറങ്ങാതിരുന്ന മുന്നേറ്റ താരം! ഡേവിഡ് കൊവനാക്കി കൂടി എത്തുമ്പോള്‍ മത്സരം കനക്കും. കസന്‍ അരേനയില്‍ രാത്രി 11.30നാണ് മത്സരം.

Tags:    

Similar News