ലോകകപ്പ് ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ ആരാണ് താരം?
ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, ഹസാര്‍ഡ്.. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പേരുകള്‍ ഏറെയുണ്ടായിരുന്നു
ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായപ്പോള്‍ തകര്‍പ്പന്‍ കളിയുമായി കളം നിറഞ്ഞ ഒരുപിടി താരങ്ങളുണ്ട്. ഗോളടിച്ചും അടിപ്പിച്ചും ഈ ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ താരങ്ങളായവര്‍. അതില്‍ ഏറ്റവും തിളങ്ങി നില്‍ക്കുന്ന താരം ആരാണെന്ന് ചോദിച്ചാല്‍ ബ്രസീല്‍ സൂപ്പര്‍ താരം കുട്ടീന്യോ എന്നാകും ഉത്തരം.
ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, ഹസാര്‍ഡ്.. ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് പേരുകള്‍ ഏറെയുണ്ടായിരുന്നു ലോകകപ്പിലെ താരം ആരാകും എന്നതിന്. പക്ഷേ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ താരമായത് ബ്രസീലിയന്‍ ഫിലിപ്പ് കുട്ടീന്യോ. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും മാത്രമല്ല. ബ്രസീലിന്റെ നീക്കങ്ങളുടെയെല്ലാം സ്രാഷ്ട്രാവ് കുട്ടീന്യോയാണ്. റഷ്യന്‍ ലോകകപ്പില്‍ ബ്രസീല്‍ അക്കൌണ്ട് തുറന്നത് കുട്ടീഞ്ഞോയുടെ ബൂട്ടില്‍ നിന്ന്. ഈ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹരമായ ഗോളുകളിലൊന്ന് പിറന്നത് സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ പോരാട്ടത്തില്‍.
ബ്രസീലിന്റെ രണ്ടാം ഗോളിന്റെ അവകാശിയും മറ്റൊരാളായില്ല. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു കുട്ടീഞ്ഞോയുടേയും ബ്രസീലിന്റേയും രണ്ടാം ഗോള്‍. അടിച്ച ഗോളുകളേക്കാള്‍ മനോഹരം കുട്ടീഞ്ഞോ അടിപ്പിച്ച ഗോള്‍. ഗോള്‍ പിറന്നത് സെര്‍ബിയക്കെതിരായ മത്സരത്തില്‍. പൌളീഞ്ഞോക്ക് നീട്ടി നല്‍കിയ ആ ലോംഗ് പാസിലുണ്ട് കുട്ടീഞ്ഞോ എന്ന താരത്തിന്റെ കളി സൌന്ദര്യം.
കളി മെനയുന്ന കളിക്കാരനാണ് കുട്ടീഞ്ഞോ. ഗോളടിക്കുന്നതിനേക്കാള്‍ എതിരാളികള്‍ ഭയക്കേണ്ടതും ഗോളടിപ്പിക്കാനുള്ള കുട്ടീഞ്ഞോയുടെ മികവിനെയാണ്.