ബാഴ്‌സയിലെ പരാജിതന്‍, കൊളംബിയയുടെ ഹീറോ
ലോകകപ്പിന് മുന്‍പുള്ള 10 മാസങ്ങള്‍ മിന മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാകും.
ഗ്രൂപ്പ് എച്ചില്‍ കൊളംബിയയെ ഗ്രൂപ്പ് ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് യെരി മിന. ആദ്യ മത്സരത്തില്‍ ജപ്പാനോട് തോറ്റ കൊളംബിയ പിന്നീടുള്ള രണ്ട് മത്സരങ്ങളും ജയിച്ചത് യെരി മിനയുടെ ഗോളിന്റെ ബലത്തിലായിരുന്നു. ജപ്പാനെതിരെ ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍ക്കാനായിരുന്നു കൊളംബിയയുടെ വിധി. എന്നാല്‍ പോളണ്ടിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് മുട്ടുകുത്തിച്ച് അവര്‍ പ്രീ ക്വാര്‍ട്ടര് പ്രതീക്ഷ നിലനിര്‍ത്തി. പോളണ്ടിനെതിരെ ആദ്യ ഗോള്‍ നേടിയത് 40 ആം മിനിറ്റില്‍ യെരി മിനയായിരുന്നു
റെഡമേല്‍ ഫാല്‍ക്കാവോ കൊഡ്രാഡോ എന്നിവരുടെ വകയായിരുന്നു മൂന്നാം ഗോള്‍. ഒടുവില്‍ സെനഗലിനെതിരായ അവസാന മത്സരത്തിലും കൊളംബിയയുടെ രക്ഷകനായി മിനയെത്തി. സെനഗലിന് എതിരായ മത്സരത്തില്‍ ഹാമേസ് റോഡ്രിഗസ് പരിക്കേറ്റ് പിന്‍വാങ്ങിയപ്പോള്‍ പലരും കൊളംബിയന്‍ സാധ്യതകളെ തള്ളി കളഞ്ഞതാണ്. ജയം അനിവാര്യമായ മത്സരത്തില്‍ ഫാല്‍കാവോയും കോഡ്‌റാഡോയും സെനഗലീസ് പ്രതിരോധത്തിന്റെ കരുത്തില്‍ കളി മറന്നപ്പോള്‍ മികച്ചൊരു ഹെഡറിലൂടെ ഗോള്‍ നേടി രക്ഷകന്‍ ആയത് ഈ മധ്യനിരയിലെ പ്രതിരോധക്കാരനായിരുന്നു.
ഗോള്‍ അടിച്ചു മാത്രമല്ല മിന കൊളംബിയക്ക് തുണയായത്. സെനഗല്‍ ആക്രമണത്തെ ഡേവിസന്‍ സാഞ്ചസിനൊപ്പം ചേര്‍ന്ന് തടയുന്നതിലും താരം വലിയ പങ്കാണ് വഹിച്ചത്. മത്സരത്തില്‍ 91 ശതമാനം പാസിംഗ് കൃത്യതയും, 7 ഏരിയല്‍ ഡ്യൂവെല്‍സ്, 7 ക്ലിയറന്‍സ് എന്നിവയുമായി പ്രതിരോധത്തില്‍ ഉരുക്ക് കോട്ട പോലെ ഉറച്ചു നിന്നപ്പോള്‍ സെനഗലിനെ വരച്ച വരയില്‍ നിര്‍ത്താന്‍ കൊളംബിയക്ക് സാധിച്ചു.
ലോകകപ്പിന് മുന്‍പുള്ള 10 മാസങ്ങള്‍ മിന മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാകും. ബ്രസീലിയന്‍ ക്ലബ്ബായ പാല്‍മേറാസില്‍ നിന്ന് ബാഴ്‌സലോണയില്‍ എത്തിയ താരത്തിന് പക്ഷെ ലഭിച്ചത് വളരെ കുറഞ്ഞ അവസരങ്ങള്‍. ഉംറ്റിറ്റിയും പികെയും അടങ്ങുന്ന ബാഴ്‌സയുടെ മധ്യനിരയില്‍ താരത്തിന് ലഭിച്ചത് വെറും 5 കളികള്‍. ബാഴ്‌സ താരത്തെ വില്‍ക്കാന്‍ ശ്രമിക്കുന്നു എന്ന വാര്‍ത്തകളും വരുന്നതിനിടെയാണ് ലോകകപ്പില്‍ താരത്തിന്റെ കിടിലന്‍ പ്രകടനം. യൂറോപ്പിലെ ഏതെങ്കിലും വമ്പന്‍ ടീം താരത്തെ ലോകകപ്പിന് ശേഷം സ്വന്തമാക്കിയാലും അത്ഭുതപെടാനാവില്ല. ഒരു പക്ഷെ ബാഴ്‌സയില്‍ രണ്ടാമത് ഒരവസരവും താരത്തിന് ലഭിച്ചേക്കും.