അര്‍ജന്‍റീന ആരാധകന്‍ ആത്മഹത്യ ചെയ്തു
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പുറത്താകല്‍ കോടിക്കണക്കിന് ആരാധകരെയാണ് കടുത്ത നിരാശയിലാഴ്‍ത്തിയത്. എന്നാല്‍ ഫുട്ബോള്‍ ആരാധകരുടെ ലോകത്തു നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ പുറത്താകല്‍ കോടിക്കണക്കിന് ആരാധകരെയാണ് കടുത്ത നിരാശയിലാഴ്‍ത്തിയത്. എന്നാല്‍ ഫുട്ബോള്‍ ആരാധകരുടെ ലോകത്തു നിന്ന് മറ്റൊരു ദുരന്ത വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ലയണല്‍ മെസിയുടെ കടുത്ത ആരാധകനായ 20 കാരന്‍ ആത്മഹത്യ ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലാണ് സംഭവം. മോനോതോഷ് ഹല്‍ദര്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്.
ഫ്രാന്‍സിനോട് അര്‍ജന്‍റീന തോറ്റ ആ രാത്രിയില്‍ അത്താഴം പോലും കഴിക്കാതെ മോനോതോഷ് മുറിയില്‍ കയറി വാതിലടച്ചതാണെന്ന് മാതാപിതാക്കള്‍ പറയുന്നു. തോല്‍വിയില്‍ നിരാശനായത് കൊണ്ട് തന്നെ നേരത്തെ ഉറങ്ങാന്‍ കിടന്നതാണെന്നാണ് മാതാപിതാക്കളും കരുതിയത്. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് മകന്‍ തങ്ങളെ വിട്ട് പോയ യാഥാര്‍ഥ്യം അവര്‍ അറിയുന്നത്. രാവിലെ നിരവധി തവണ മോനോതോഷിന്‍റെ മുറിയില്‍ തട്ടിവിളിച്ചെങ്കിലും അവന്‍ മറുപടി നല്‍കിയില്ല. മുറിയും തുറന്നില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോള്‍ മോനോതോഷിനെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
''ഞങ്ങളുടെ മകന് യാതൊരു അസുഖവുമുണ്ടായിരുന്നില്ല. അവന്‍ അര്‍ജന്‍റീനയുടെ കടുത്ത ആരാധകനായിരുന്നു. ലോകകപ്പ് തുടങ്ങിയതു മുതല്‍ അവന്‍ കൃത്യസമയം ടിവിക്ക് മുന്നില്‍ എത്തുമായിരുന്നു. ഫ്രാന്‍സിനോട് അര്‍ജന്‍റീന തോറ്റതോടെ അവന്‍ വളരെ അസ്വസ്ഥനായിരുന്നു. എന്നാലും അവന്‍ ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.'' - മോനോതോഷിന്‍റെ പിതാവ് പറഞ്ഞു.