റഷ്യയില്‍ മഞ്ഞക്കടല്‍
50 ാം മിനിറ്റില്‍ കാനറികളുടെ സുവര്‍ണതാരം നെയ്മറിന്‍റെ കുതിപ്പ്. നെയ്മര്‍ തുടങ്ങിവെച്ച അവസരം. ബോക്സിനുള്ളില്‍ വെച്ച് പിന്‍ കാലുകൊണ്ട് നെയ്മര്‍ വില്യാന് പന്ത് മറിച്ചു നല്‍കി.
റഷ്യയിലെ സമാറ അറീനയില്‍ മഞ്ഞക്കടല്‍ ആര്‍ത്തിരമ്പി. കാനറികള്‍ ചിറകുവിരിച്ചു പറന്നു. ക്വാര്‍ട്ടറിലേക്ക്. മെക്സികോയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് കീഴക്കി കാനറികള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
തുടക്കം മുതല്‍ ആക്രമണം അഴിച്ചുവിട്ടത് മെക്സികോയായിരുന്നു. രണ്ടാം മിനിറ്റില്‍ മെക്സിക്കന്‍ താരം ലൊസാനോയുടെ ഷോട്ട് ബ്രസീല്‍ ഗോളി കുത്തിയകറ്റി. തൊട്ടടുത്ത മിനിറ്റില്‍ തന്നെ ബ്രസീലിന് അനുകൂലമായി ആദ്യ ഫ്രീ കിക്ക്. വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ ആ പന്തും കടന്നുപോയി. ആദ്യ മിനിറ്റുകളിലെ അസ്ഥിരതക്ക് ശേഷം ബ്രസീല്‍ താളം കണ്ടെത്തി തുടങ്ങി. അഞ്ചാം മിനിറ്റില്‍ കാനറികളുടെ കുന്തമുന നെയ്മറിന് സുവര്‍ണാവസരം. നെയ്മറിന്‍റെ ഷോട്ട് നേരെ ഒച്ചാവോയുടെ കൈകളിലേക്ക്. കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിനെ ഒറ്റക്ക് തടഞ്ഞ ഒച്ചാവോ വീണ്ടും ബ്രസീലിന് മുന്നില്‍ വന്‍ മതിലായി.
എട്ടാം മിനിറ്റില്‍ മെക്സിക്കോയുടെ രണ്ടാം കോര്‍ണര്‍. ഗോളി മാത്രം മുന്നില്‍ നില്‍ക്കുമ്പോള്‍ ഹാവിയര്‍ ഫെര്‍ണാണ്ടസിന് അവസരം. പക്ഷേ ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു ആ ശ്രമത്തിന് തടയിട്ടു. ആദ്യ മിനിറ്റുകളില്‍ മെക്സിക്കോ പുറത്തെടുത്ത പ്രസിങ് ഗെയിം ബ്രസീസിന് ആവശ്യത്തിലേറെ സമ്മര്‍ദം സമ്മാനിച്ചു. ബ്രസീല്‍ പകുതിയിലേക്ക് കയറി വന്ന് മെക്സിക്കന്‍ മുന്നേറ്റനിര എതിരാളികളെ തുടര്‍ച്ചയായി സമ്മര്‍ദ്ദത്തിലാക്കി. 16 ാം മിനിറ്റില്‍ ബ്രസീലിന് അനുകൂലമായി കോര്‍ണര്‍. വില്യനെടുത്ത ദുര്‍ബലമായ കോര്‍ണര്‍ മെക്സിക്കന്‍ പ്രതിരോധനിര അനായാസം കുത്തിയകറ്റി. പ്രതിരോധത്തിലൂന്നി നില്‍ക്കുമ്പോഴും കിട്ടുന്ന അവസരങ്ങളില്‍ പ്രത്യാക്രമണം അതിവേഗം നടത്തുകയെന്ന തന്ത്രം മത്സരത്തിന്‍റെ ആദ്യ ഘട്ടത്തില്‍ മെക്സിക്കോ വിജയകരമായി നടപ്പിലാക്കി. 32 ാം മിനിറ്റില്‍ ജീസസിന്‍റെ സുന്ദരമായ മുന്നേറ്റത്തിനൊടുവിലെ ഷോട്ടും ഒച്ചാവോയില്‍ തട്ടിയകന്നു.
ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചപ്പോഴേക്കും ബ്രസീല്‍ താളം കണ്ടെത്തി കഴിഞ്ഞിരുന്നു. രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ബ്രസീലിന്‍റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍. മെക്സിക്കന്‍ തിരമാലകളെ കീറിമുറിച്ച് നെയ്മറും സംഘവും. പക്ഷേ ഓരോ മുന്നേറ്റങ്ങളുടെയും മുനയൊടിച്ച് ഒച്ചാവോ മെക്സിക്കന്‍ ഗോള്‍മുഖത്തുണ്ടായിരുന്നു. 37 ാം മിനിറ്റില്‍ നെയ്മറിനെ ഫൌള്‍ ചെയ്തതിന് എഡ്സണ്‍ അല്‍വാരസിന് മഞ്ഞക്കാര്‍ഡ്. ബോക്സിന് വെളിയില്‍ നിന്ന് ബ്രസീല്‍ ഫ്രീകിക്ക്. നെയ്മറുടെ ഫ്രീകിക്ക് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക്. 47 ാം മിനിറ്റില്‍ കുടീന്യോയുടെ വക ബോക്സിനുള്ളില്‍ നിന്നും തകര്‍പ്പന്‍ ഷോട്ട്. അപ്പോഴും ഗോളി ഗില്ലര്‍മോ ഒച്ചാവോയെ കീഴടക്കാന്‍ ബ്രസീലിനായില്ല.
50 ാം മിനിറ്റില്‍ കാനറികളുടെ സുവര്‍ണതാരം. നെയ്മറിന്‍റെ കുതിപ്പ്. നെയ്മര്‍ തുടങ്ങിവെച്ച അവസരം. ബോക്സിനുള്ളില്‍ വെച്ച് പിന്‍ കാലുകൊണ്ട് നെയ്മര്‍ വില്യന് പന്ത് മറിച്ചു നല്‍കി. പ്രതിരോധക്കാരെ നെയ്മര്‍ കബളിപ്പിച്ചതോടെ വില്യന് എളുപ്പമായി മുന്നേറ്റം. വില്യന്‍ നല്‍കിയ ക്രോസ് പല കാലുകള്‍ കടന്ന് നെയ്മറിലേക്ക് തന്നെ വീണ്ടും. പിഴവു വരുത്താതെ നെയ്മര്‍. നെയ്മര്‍ നേടിയത് ബ്രസീലിന്‍റെ ലോകകപ്പിലെ 227 ാമത്തെ ഗോള്‍. ഇതോടെ ജര്‍മ്മനിയെ പിന്തള്ളി ലോകകപ്പിലെ കൂടുതല്‍ ഗോളുകള്‍ നേടിയ ടീമെന്ന റെക്കോഡ് ബ്രസീല്‍ സ്വന്തമാക്കി. ലീഡ് നേടിയതോടെ ബ്രസീല്‍ കുതിരകള്‍ വര്‍ധിതവീര്യത്തോടെ കുതിപ്പ് തുടങ്ങി. എന്നാല്‍ കാരിരുമ്പിന്‍റെ കരുത്തുമായി ഒച്ചാവോയുടെ ഗ്ലൌസുകള്‍ അപ്പോഴൊക്കെ മെക്സിക്കോയുടെ രക്ഷക്കെത്തി. അവിശ്വസനീയമായ സേവുകളാണ് ഒച്ചാവോയില്‍ നിന്ന് മെക്സിക്കോയെ പൊതിഞ്ഞുപിടിച്ചത്.
ഈ സമയം പന്ത് പിടിച്ചെടുത്ത് മുന്നേറുന്ന മെക്സിക്കന്‍ തിരമാല ഇടക്കിടെ ആഞ്ഞടിച്ചുകൊണ്ടിരുന്നു. 50 ാം മിനിറ്റില്‍ കാര്‍ലോസ് വെലയുടെ കര്‍വിങ് ഷോട്ട് ബ്രസീല്‍ ഗോളി മുകളിലേക്ക് കുത്തിയകറ്റി രക്ഷപെടുത്തി. 63 ാം മിനിറ്റില്‍ വീണ്ടും ഒച്ചാവോയുടെ രക്ഷാപ്രവര്‍ത്തനം. വില്യന്‍റെ കരുത്തുറ്റ വലംകാല്‍ ഷോട്ട് ഒച്ചാവോയുടെ കൈകളില്‍ തട്ടി തീര്‍ന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെ നിറംമങ്ങി കളിച്ച വില്യന്‍ ഇന്ന് കാട്ടുതീ പോലെയാണ് മൈതാനത്ത് നിറഞ്ഞത്. 67 ാം മിനിറ്റില്‍ സ്വന്തം പകുതിയില്‍ നിന്നും പിടിച്ചെടുത്ത പന്തുമായി വില്യന്‍റെ മനോഹര കുതിപ്പ്. ഒടുവില്‍ നെയ്മര്‍ക്ക് ക്രോസ് നല്‍കുന്നു. നെയ്മറുടെ ഗോള്‍ ശ്രമം പ്രതിരോധക്കാരന്‍റെ കാലില്‍ തട്ടി മെക്സിക്കന്‍ ഗോള്‍ പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക്. 77 ാം മിനിറ്റില്‍ കാര്‍ലോസ് സെല്‍സാഡക്ക് മഞ്ഞക്കാര്‍ഡ്.
88 ാം മിനിറ്റില്‍ ബ്രസീലിന്റെ വക പ്രത്യാക്രമണം. നെയ്മറിന്‍റെ മനോഹര മുന്നേറ്റം. ബോക്സില്‍ നിന്നും ഡിഫന്‍സിനേയും ഒച്ചാവോയേയും പറ്റിച്ച് കുടീന്യോക്ക് പകരക്കാരനായി ഇറങ്ങിയ ഫെര്‍മീന്യോക്ക് ക്രോസ്. പിഴവേതുമില്ലാതെ കളത്തിലിറങ്ങി രണ്ടാം മിനുറ്റില്‍ റോബര്‍ട്ടോ ഫെര്‍മീന്യോ വലകുലുക്കി. ടിറ്റെയുടെ തന്ത്രം വീണ്ടും വിജയിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ സമാറ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ മഞ്ഞക്കടലായി.