ബ്രസീലിനെ പരാജയപ്പെടുത്തി ബെല്‍ജിയത്തിന്റെ സുവര്‍ണ തലമുറ 

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം.

Update: 2018-07-06 20:39 GMT
Advertising

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനെ പരാജയപ്പെടുത്തി ബെല്‍ജിയം സെമിയില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം.

ആദ്യ മിനിറ്റുകള്‍ മുതല്‍ ആക്രമണത്തിലൂന്നി ബ്രസീലും തക്കംപാര്‍ത്തിരുന്ന് തട്ടിയെടുക്കുന്ന പന്തുമായി പ്രത്യാക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബെല്‍ജിയവും കളം നിറഞ്ഞു. രണ്ടാം മിനിറ്റില്‍ ഇടതു വിങിലൂടെ ബോക്സിലേക്ക് മുന്നേറിയ നെയ്മറിന്റെ ക്രോസ്. പക്ഷേ ലക്ഷ്യം കണ്ടില്ല. ഏഴാം മിനിറ്റില്‍ തിയാഗോ സില്‍വയിലൂടെയാണ് ബ്രസീലിന് ആദ്യ ഗോളവസരമെത്തിയത്. തിയാഗോയുടെ ദുര്‍ബലമായ ഷോട്ട് പോസ്റ്റില്‍ തട്ടി ബെല്‍ജിയം ഗോള്‍കീപ്പറുടെ കൈകളില്‍ ഭദ്രം. അവിടെ നിന്ന് തുടങ്ങി ബെല്‍ജിയത്തിന്റെ പ്രത്യാക്രമണം. പത്താം മിനിറ്റില്‍ വീണ്ടും ബെല്‍ജിയം ബോക്സിനുള്ളില്‍ കൂട്ടപ്പൊരിച്ചില്‍. പൌളീഞ്ഞോയുടെ മുന്നേറ്റം പക്ഷേ ചെങ്കുപ്പായക്കാരുടെ പ്രതിരോധത്തില്‍ തട്ടിയകന്നു. 13ാം മിനിറ്റില്‍ കാനറികളെ ഞെട്ടിച്ച് ബ്രസീലിന്റെ വല കുലുങ്ങി. അതും സെല്‍ഫ് ഗോള്‍. ഡി ബ്രൂയിനെടുത്ത കോര്‍ണറില്‍ ഫെര്‍ണാണ്ടീഞ്ഞോ ചാടി പൊങ്ങിയെങ്കിലും തോളില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് പറന്നിറങ്ങുന്നത് ബ്രസീലിയന്‍ ആരാധകര്‍ അവിശ്വസനീയതോടെയാണ് നോക്കിയിരുന്നത്.

പിന്നീടങ്ങോട്ട് ഗോള്‍ മടക്കാനായി ബ്രസീല്‍ മുന്നേറ്റനിരയുടെ അതിവേഗ ആക്രമണം. 25ാം മിനിറ്റില്‍ മാഴ്‍സലോ തൊടുത്ത ഇടംകാല്‍ ഷോട്ടിന് ബെല്‍ജിയം ഗോള്‍കീപ്പര്‍ തടസം നിന്നു. 31ാം മിനിറ്റില്‍ ബ്രസീലിന്റെ ആത്മവിശ്വാസം തകര്‍ത്ത് ബെല്‍ജിയത്തിന്റെ കുന്തമുന ഡി ബ്രൂയിന്റെ മിന്നല്‍ ഗോള്‍. ബൂട്ടില്‍ പന്ത് കുരുക്കി ലുക്കാക്കുവിന്റെ മുന്നേറ്റം. വലതു ഭാഗത്തേക്ക് നല്‍കിയ പാസില്‍ നിന്ന് ഡി ബ്രൂയിന്‍ തൊടുത്ത ബുള്ളറ്റ് ഷോട്ട് ബ്രസീലിയന്‍ ഗോള്‍ പോസ്റ്റിലേക്ക് തുളഞ്ഞുകയറി. 35ാം മിനിറ്റില്‍ ജീസസിന് സുവര്‍ണാവസരം. പക്ഷേ ജീസസിന്റെ ഹെഡ്ഡര്‍ പുറത്തേക്ക്. 37ാം മിനിറ്റില്‍ വീണ്ടും ബ്രസീലിന്റെ മുന്നേറ്റം. കുട്ടീന്യോയുടെ ഷോട്ട് കുര്‍ട്ടോയ്സില്‍ തട്ടിനിന്നു. രണ്ടു ഗോളിന്റെ ലീഡ് നിലനിര്‍ത്തി ആദ്യ പകുതി ബെല്‍ജിയം അവസാനിപ്പിച്ചു

കളിയിലെ ആധിപത്യം നിലനിര്‍ത്താനായിരുന്നു രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന്റെ ശ്രമം. എന്നാല്‍ ഗോള്‍ മടക്കാനുള്ള തത്രപ്പാടിലായിരുന്നു ബ്രസീല്‍. എന്നാല്‍ ബ്രസീലിന്റെ പകുതിയില്‍ തമ്പടിച്ച ലുക്കാക്കു ബെല്‍ജിയത്തിന്റെ പ്രത്യാക്രമണത്തിന് മൂര്‍ച്ച കൂട്ടുകയായിരുന്നു. 51ാം മിനിറ്റില്‍ ബ്രസീലിന് ലഭിച്ച സുവര്‍ണാവസരം ഫിര്‍മിനോയുടെ അലസത തുലച്ചു. രണ്ടു മിനിറ്റിന്റെ ഇടവേളയില്‍ വീണ്ടും ബ്രസീലിന്റെ മുന്നേറ്റം. എന്നാല്‍ അടവുകള്‍ പിഴക്കാതെ അടി തെറ്റാതെ ബെല്‍ജിയത്തിന്റെ കാവല്‍ക്കാരനായി കുര്‍ട്ടോയ്സ് വല നിറഞ്ഞുനിന്നു. അബദ്ധങ്ങളുടെ കൂടാരമായിരുന്ന ജീസസിനെ 58ാം മിനിറ്റില്‍ കരയ്ക്ക് കയറ്റി കോസ്റ്റയെ ബ്രസീല്‍ കളത്തിലിറക്കി. മുന്നേറ്റങ്ങളും ഷോട്ടുകളും അനവധി ബെല്‍ജിയത്തിന് നേര്‍ക്ക് ബ്രസീലിയന്‍ പട തൊടുത്തെങ്കിലും നിര്‍ഭാഗ്യവും കുര്‍ട്ടോയ്സിന്റെ മിന്നല്‍ സേവുകളും കാനറികള്‍ക്ക് ഗോള്‍ നിഷേധിച്ചുകൊണ്ടേയിരുന്നു. ഇതിനിടെ 62ാം മിനിറ്റില്‍ ഏഡന്‍ ഹസാര്‍ഡിന് ബെല്‍ജിയത്തിന്റെ ലീഡ് ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും കാനറികളുടെ വല കാക്കുന്നവന്‍ രക്ഷകനായി. 71ാം മിനിറ്റില്‍ തോമസ് മ്യൂനറിന് മഞ്ഞക്കാര്‍ഡ്. നെയ്മറിനെ വീഴ്‍ത്തിയതിനായിരുന്നു ശിക്ഷ.

Full View

76ാം മിനിറ്റില്‍ അഗസ്റ്റോ ബ്രസീലിന്റെ രക്ഷകനായെത്തി. കുട്ടീന്യോ ബോക്സിനുള്ളില്‍ നിന്ന് ഉയര്‍ത്തിയിട്ട് നല്‍കിയ പാസില്‍ നിന്ന് നെല്ലിട തെറ്റാതെ റെനാറ്റോ ആഗസ്റ്റോ പന്ത് ബെല്‍ജിയത്തിന്റെ വലയിലേക്ക് കുത്തിയിട്ടു. പൌളീഞ്ഞോയുടെ പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിലാണ് അഗസ്റ്റോയുടെ ഗോള്‍.

അവസാന മിനിറ്റ് വരെ സമനില ഗോളിനായി ബ്രസീല്‍ പൊരുതിയെങ്കിലും നിര്‍ഭാഗ്യം അവരെ പൊതിഞ്ഞു പിടിച്ചു. 93ാം മിനിറ്റില്‍ നെയ്മര്‍ ക്രോസ് ബാറിന് തൊട്ടുരുമി നല്‍കിയ ഷോട്ട് കുര്‍ട്ടോയ്സ് വിരല്‍ കൊണ്ട് പുറത്തേക്ക് തള്ളിയകറ്റിയതോടെ കാനറികളുടെ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. ഒടുവില്‍ മൂന്നു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ബെല്‍ജിയം ലോകകപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.

മെക്‌സിക്കോയെ വീഴ്ത്തിയ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ബ്രസീല്‍ ഇറങ്ങിയത്. രണ്ടു മഞ്ഞക്കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലുള്ള കാസിമിറോയ്ക്കു പകരം ഫെര്‍ണാണ്ടീഞ്ഞോയും ഫിലിപ്പെ ലൂയിസിനു പകരം പരുക്കുമാറിയെത്തുന്ന മാര്‍സലോയും ആദ്യ ഇലവനിലിറങ്ങി.

Tags:    

Similar News