“ഞാനായിരുന്നു അവന്‍റെ സ്ഥാനത്തെങ്കില്‍ ടീം വിടുമായിരുന്നു”; ഓസിലിനെ ബലിയാടാക്കുന്നതിനെതിരെ പിതാവ് 

ടീം ജയിക്കുമ്പോൾ ഒത്തൊരുമയുടെ ജയം. തോൽക്കുമ്പോഴാകട്ടെ പഴി മുഴുവന്‍ ഓസിലിനും, പിതാവ് മുസ്തഫ പറയുന്നു

Update: 2018-07-08 14:08 GMT
Advertising

"കഴിഞ്ഞ 9 വർഷമായി അവൻ ജര്‍മനിക്കായി കളിക്കുന്നു. ടീം ജയിക്കുമ്പോൾ ഒത്തൊരുമയുടെ ജയമെന്ന് പറയും. തോൽക്കുമ്പോഴാകട്ടെ പഴി മുഴുവന്‍ ഓസിലിനും. അവനെ ബലിയാടാക്കുകയാണ്. അവന്‍റെ സ്ഥാനത്ത് ഞാൻ ആയിരുന്നുവെങ്കിൽ ടീം വിട്ടേനെ", ജര്‍മന്‍ മിഡ് ഫീല്‍ഡര്‍ മെസ്യൂട്ട് ഓസിലിന്‍റെ പിതാവ് മുസ്തഫ ഓസിലിന്‍റെ വാക്കുകളാണിത്.

ജർമ്മൻ ടീം ലോകകപ്പിൽ നിന്ന് ആദ്യ റൌണ്ടില്‍ തന്നെ പുറത്തായതോടെ ഓസിലിനെതിരെ രാജ്യത്ത് പ്രതിഷേധവും വിമര്‍ശനവും ശക്തമാകുന്നതിനിടെയാണ് മകനെ ബലിയാടാക്കുന്നതിനെതിരെ പിതാവ് രംഗത്തെത്തിയത്. ഓസില്‍ അപമാനിക്കപ്പെട്ട അവസ്ഥയിലാണ്. ഒന്‍പത് വര്‍ഷം രാജ്യത്തിന് വേണ്ടി കളിച്ച് ലോകകപ്പ് വരെ നേടിക്കൊടുത്തിട്ടും ഓസിലിന്‍റെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്നത് വേദനാജനകമാണെന്ന് മുസ്തഫ പറഞ്ഞു.

തുര്‍ക്കി പ്രസിഡന്‍റ് ഉര്‍ദുഗാനൊപ്പം ഫോട്ടോയെടുത്തിന്‍റെ പേരിലും ഓസിലിന് വിമര്‍ശനം നേരിടേണ്ടിവന്നിരുന്നു. ടീം ആദ്യ റൌണ്ടില്‍ തന്നെ പുറത്തായതോടെ വിമര്‍ശനം രൂക്ഷമായി. ഉര്‍ദുഗാനെ പോലൊരാള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആവശ്യപ്പെടുമ്പോള്‍ എങ്ങനെയാണ് ഓസിലിന് നിരസിക്കാനാവുക എന്ന് മുസ്തഫ ചോദിക്കുന്നു. ഉര്‍ദുഗാനുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാതിരുന്ന, തുര്‍ക്കിഷ് വേരുകളുള്ള ഓസിലിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലായിരുന്നുവെന്ന് ടീം ഡയറക്ടര്‍ ഒലിവര്‍ ബെയ്റോഫ് തുറന്നടിച്ചു. പിന്നാലെയാണ് ഓസിലിനെതിരായ കടന്നാക്രമണം രൂക്ഷമായത്.

Tags:    

Similar News