അട്ടിമറികളുടെ റഷ്യ; ഒടുവില്‍ ‘യൂറോ’ ലോകകപ്പ്
ലോക ഫുട്ബോളിന്റെ ശാക്തിക ചേരിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലിലേക്ക് കടക്കുന്നത്. ലാറ്റിനമേരിക്കന്‍ ശക്തികള്‍ ഒരിക്കല്‍ കൂടി യൂറോപ്പിന് മുന്നില്‍
ലോക ഫുട്ബോളിന്റെ ശാക്തിക ചേരിയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച് കൊണ്ടാണ് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലിലേക്ക് കടക്കുന്നത്. ലാറ്റിനമേരിക്കന്‍ ശക്തികള്‍ ഒരിക്കല്‍ കൂടി യൂറോപ്പിന് മുന്നില്‍ തോല്‍ക്കുന്നതും, യൂറോപ്യന്‍ ഫുട്ബോളില്‍ തന്നെ പുതിയ ശക്തികളുടെ ഉദയത്തിനും റഷ്യ സാക്ഷിയായി. പ്രതീക്ഷ നിര്‍ഭരമായ മുഹൂര്‍ത്തങ്ങള്‍ ഏഷ്യന്‍ ടീമുകള്‍ പ്രകടിപ്പിച്ചതും, ആഫ്രിക്ക ഒരിക്കല്‍ കൂടി നിരാശപ്പെടുത്തുന്നതും റഷ്യ കണ്ടു.
കുത്തകകള്‍ തകര്‍ക്കപ്പെടുന്നതും പുതിയ ടീമുകളും താരങ്ങളും ഉദിച്ചുയരുന്നതും എല്ലാ ലോകകപ്പുകളിലെയും സവിശേഷമായ ഘടകങ്ങളാണ്. പരമ്പരാഗത ശക്തികളുടെ പതനത്തിന് റഷ്യന്‍ ലോകകപ്പോളം മറ്റൊരു ലോകകപ്പും സാക്ഷിയായിട്ടില്ല. ജര്‍മനിയാണ് റഷ്യയില്‍ അട്ടിമറിക്കപ്പെട്ട ആദ്യ വന്‍ശക്തി. രണ്ടാം റൌണ്ടില്‍ യൂറോപ്യന്‍ ശക്തികളായ സ്പെയിനും, പോര്‍ച്ചുഗലിനും കാലിടറി. ലാറ്റിനമേരിക്കന്‍ ശക്തിയ അര്‍ജന്റീനയുടെ അനിവാര്യമായ പതനവും രണ്ടാം റൌണ്ടില്‍ കണ്ടു. ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ലാറ്റിനമേരിക്കന്‍ ടീമുകളുടെ പതനം സമ്പൂര്‍ണ്ണമാക്കി ബ്രസീലും യുറൂഗ്വെയും നാട്ടിലേക്ക് മടങ്ങി.
ഒടുവില്‍ കലാശപ്പോരിന് വേണ്ടിയുള്ള പോരാട്ടത്തിന് ബാക്കിയായത് നാല് യൂറോപ്യന്‍ ടീമുകള്‍ മാത്രം. അതില്‍ രണ്ട് പേര്‍ യൂറോപ്യന്‍ ഫുട്ബോളില്‍ പുതുതായി ഉദിച്ചുയര്‍ന്നവര്‍. ക്രൊയേഷ്യയും, ബെല്‍ജിയവും. കറുത്ത കുതിരകളെന്നോ, അണ്ടര്‍ ഡോഗ്സെന്നോ വിളിക്കപ്പെടുന്ന ടീമുകളെപ്പോലെയല്ല ഇവര്‍ ഈ ലോകകപ്പില്‍ കളിച്ചത്. ആധികാരിമായ മികച്ച ആക്രമണ ഫുട്ബോള്‍ കളിച്ചാണ് ഈ ടീമുകള്‍ മുന്നേറിയത്. ജര്‍മനി, സ്പെയിന്‍, ഇറ്റലി, ഹോളണ്ട് തുടങ്ങിയ പരമ്പരാഗത യൂറോപ്യന്‍ ശക്തികള്‍ക്ക് മേല്‍വിലാസം നഷ്ടപ്പെടുമ്പോഴാണ് ബെല്‍ജിയവും, ക്രോയേഷ്യയും പുതിയ ചരിത്രം സൃഷ്ടിക്കുന്നത്. പരമ്പരാഗത യൂറോപ്യന്‍ ശക്തികള്‍ക്ക് കാലിടറുമ്പോള്‍ തന്നെ, ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്കാകെ ശക്തി ക്ഷയത്തിന്റെ കാലമാണിതെന്ന് റഷ്യ അടിവരയിടുന്നു. കളിയില്‍ മേധാവിത്വം പുലര്‍ത്തിയിട്ടും ഫലം സൃഷ്ടിക്കുന്നതില്‍ ബ്രസീല്‍ പരാജയപ്പെടുന്നത് കളി തന്ത്രങ്ങളില്‍ ലാറ്റിനമേരിക്ക യൂറോപ്പിന് പിന്നിലായിപ്പോകുന്നതിന്റെ ചൂണ്ടു പലകയാണ്.
പ്രൊഷണല്‍ ഫുട്ബോളിന്റെ വളര്‍ച്ചക്കാവശ്യമായ സ്രോതസ്സുകളുടെ അഭാവവും, ഉള്ള വിഭവങ്ങള്‍ ഉപയോഗിക്കാനുള്ള സംവിധാനങ്ങളുടെ പരാജയവും ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ എത്രത്തോളം പിറകിലോട്ട് വലിക്കുന്നു എന്നതിന്റെ ഉദാഹരണമായി ഈ ലോകകപ്പിലെ അര്‍ജന്റീനയുടെ ദയനീയ പ്രകടനം. നന്നായി കളിച്ചിട്ടും, മികച്ച താരങ്ങളുണ്ടായിട്ടും ആഫ്രിക്ക എന്ത് കൊണ്ട് ലോകഫുട്ബോളില്‍ മുന്നോട്ട് വരുന്നില്ലെന്ന ചോദ്യവും റഷ്യന്‍ ലോകകപ്പ് ഉയര്‍ത്തുന്നുണ്ട്. ഭാവിയിലേക്ക് ഊര്‍ജ്ജം പകരാവുന്ന മികച്ച മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചാണ് ഏഷ്യന്‍ ടീമുകള്‍ മടങ്ങുന്നതെന്ന ആഹ്ലാദവും റഷ്യ പകര്‍ന്ന് തന്നു.