ദെഷാംപ്‌സിന് ഇരട്ടിമധുരമായി ലോകകപ്പ്

നായകനായും പരിശീലകനായും ലോകകപ്പ് നേടുന്ന രണ്ടാമത്തെ ആളെന്ന റെക്കോര്‍ഡ് ഇനി ദിദിയര്‍ ദെഷാംപ്‌സിന് സ്വന്തം.

Update: 2018-07-16 03:15 GMT
Advertising

ഫ്രാന്‍സ് ലോകകപ്പ് നേടിയതോടെ കോച്ച് ദിദിയര്‍ ദെഷാംപ്‌സിനും ഇത് ചരിത്രനേട്ടം. നായകനായും കോച്ചായും ലോകകപ്പ് നേടുന്ന രണ്ടാമത്തെ ആളായി ഇതോടെ ദിദിയര്‍ ദെഷാംപ്‌സ്. ദെഷാംപ്‌സിന് മുമ്പ് ടീമിന്റെ നായകനായും കോച്ചായും ലോകകപ്പ് നേടിയ ഏകവ്യക്തി ജര്‍മന്‍ ഇതിഹാസം ബെക്കന്‍ ബോവറാണ്.

കരുത്തുറ്റ യുവനിരയുമായി റഷ്യയിലെത്തിയ ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് കിരീടം മാത്രമായല്ല മടങ്ങുന്നത്. ദെഷാംപ്‌സെന്ന പേരിനൊപ്പം എഴുതി ചേര്‍ക്കാന്‍ ഒരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കിയാണ്. നായകനായും പരിശീലകനായും ലോകകപ്പ് നേടുന്ന രണ്ടാമത്തെ ആളെന്ന റെക്കോര്‍ഡ് ഇനി ദിദിയര്‍ ദെഷാംപ്‌സിന് സ്വന്തം.

ജര്‍മന്‍ ഇതിഹാസ താരം ബെക്കന്‍ ബോവര്‍ മാത്രമാണ് ഇതിന് മുന്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. 1974ല്‍ കിരീടം ചൂടിയ പശ്ചിമ ജര്‍മനിയുടെ ക്യാപ്റ്റനായിരുന്നു ബെക്കന്‍ ബോവര്‍. 1990ല്‍ കപ്പുയര്‍ത്തിയ ജര്‍മനിയെ പരിശീലിപ്പിച്ചതും ബെക്കന്‍ ബോവര്‍. ഇതോടെ നായകനായും കോച്ചായും ലോക കിരീടം ഉയര്‍ത്തിയ ആദ്യത്തെ ആളെന്ന റെക്കോര്‍ഡ് ബെക്കന്‍ ബോവറിന്റെ പേരിലായി.

1998ല്‍ ഫ്രാന്‍സിന് കന്നിക്കിരീടം. ബ്രസീലിനെ തോല്‍പ്പിച്ച് ഫ്രാന്‍സ് ജേതാക്കളാകുമ്പോള്‍ ഫ്രഞ്ച് പടയുടെ നായകനായിരുന്നു ദിദിയര്‍ ദെഷാംപ്‌സ്. 2012ല്‍ ഫ്രഞ്ച് ടീമിനെ പരിശീലിപ്പിക്കാന്‍ ദെഷാംപ്‌സെത്തി. 2014ലെ ലോകകപ്പില്‍ ക്വാര്‍ട്ടറിനപ്പുറം മുന്നേറാന്‍ കഴിയാതിരുന്ന ദെഷാംപ്‌സിന്റെ ടീമിന് പക്ഷെ യൂറോ കപ്പില്‍ ഫൈനലിലെത്താനായി. ഫൈനലില്‍ പക്ഷേ പോര്‍ച്ചുഗലിനോട് വീണു.

റഷ്യന്‍ ലോകകപ്പിലേക്കും യുവനിരയുമായെത്തി ദെഷാംപ്‌സ്. അര്‍ജന്റീനയേയും യൂറുഗ്വേയേയും ബെല്‍ജിയത്തേയും മറികടന്ന് ഒടുവില്‍ ക്രൊയേഷ്യന്‍ കടമ്പയും അതിജീവിച്ച് ജേതാക്കളായി. അങ്ങനെ നായകനായും കോച്ചായും ലോക കിരീടം ഉയര്‍ത്തുക എന്ന ചരിത്ര നേട്ടം ബെക്കന്‍ ബോവറിന് ശേഷം ദെഷാംപ്‌സിനെ തേടിയെത്തി.

കളിക്കാരനും കോച്ചുമായി ലോകകപ്പ് നേടുന്ന മൂന്നാമത്തെ ആളാണ് ദെഷാംപ്‌സ്. ബ്രസീലിന്റെ മരിയോ സഗാലോയാണ് കളിക്കാരനായും കോച്ചായും വന്ന് ലോകകപ്പ് ഉയര്‍ത്തുന്ന രണ്ടാമത്തെ ആള്‍.

Tags:    

Similar News