ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരം; പട്ടികയില്‍ നിന്ന് നെയ്‍മര്‍ പുറത്ത്
രാജ്യത്തിനായും ക്ലബ്ബിനായും കാഴ്ചവെച്ച മികച്ച പ്രകടനമാണ് പത്ത് പേര്‍ക്ക് പട്ടികയില്‍ ഇടംനല്‍കിയത്.
ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിനുള്ള പട്ടിക ഫിഫ പുറത്തുവിട്ടു. റൊണാള്‍ഡോയും മെസിയും ഇടംനേടിയപ്പോള്‍ നെയ്മറിന് നിരാശയാണ് ഫലം. പരിശീലകരുടെ പട്ടികയില്‍ സിദാനും ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സും ഇടംനേടിയിട്ടുണ്ട്.
രാജ്യത്തിനായും ക്ലബ്ബിനായും കാഴ്ചവെച്ച മികച്ച പ്രകടനമാണ് പത്ത് പേര്‍ക്ക് പട്ടികയില്‍ ഇടംനല്‍കിയത്. റയലിനായി ഫിഫ ക്ലബ്ബ് ലോകകപ്പ്, ചാമ്പ്യന്‍സ് ലീഗ് കിരീടം, 2017 -18 സീസണില് ചാമ്പ്യന്‍സ് ലീഗിലെ ടോപ് സ്കോറര്‍ എന്നിവയെല്ലാം സ്വന്തമാക്കിയ റൊണാള്‍ഡോയാണ് പ്രധാന താരം. ബെല്‍ജിയത്തിന്റെ കെവിന്‍ ഡി ബ്രൂണെ, ഈഡന്‍ ഹസാര്‍ഡ് എന്നിവരും പട്ടികയിലുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ചെല്‍സിയുടെയുംസൂപ്പര്‍ താരങ്ങളാണ് ഇരുവരും. ലോകകപ്പിലെ സില്‍വര്‍ ബോള്‍ സ്വന്തമാക്കാനും ഹസാര്‍ഡിന് സാധിച്ചിരുന്നു.
ഫ്രാന്‍സിനായി ലോകകപ്പും ലോകകപ്പില്‍ സില്‍വര്‍ബൂട്ട്, ബ്രോണ്‍സ് ബോള്‍, അത്‍ലറ്റിക്കോ മാഡ്രിഡിനായി യുവേഫ യൂറോപ്പ ലീഗ് എന്നിങ്ങനെ നേട്ടങ്ങള്‍ അനവധി ഉള്ള അന്റോയിന്‍ ഗ്രീസ്മാനുമുണ്ട് ഇത്തവണ.
ഇംഗ്ലണ്ടിനെ 1990 ത്തിന് ശേഷം ആദ്യമായി ലോകകപ്പ് സെമിയിലെത്തിച്ച ഹാരി കെയ്ന‍് ഈ ലോകകപ്പിലെ ഗോള്ഡന്‍ ബൂട്ടിന് ഉടമയാണ്. ഈ ലോകകപ്പിലെ മികച്ച യുവതാരം, ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ മികച്ച മുന്നേറ്റക്കാരന്‍, പെലെക്ക് ശേഷം ലോകകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം, പിഎസ്ജിക്കൊപ്പം ഹാട്രിക് കിരീടം എന്നിങ്ങനെ എംബാപ്പയുടെ സാധ്യതയും ശക്തമാണ്. ലാ ലീഗയിലെ ടോപ് സ്കോറററും ബാഴ്സക്കായി ലാ ലീഗ കിരീടവും കിങ്സ് കപ്പും നേടിക്കൊടുത്ത മെസിയാണ് മറ്റൊരു ശക്തന്‍.
ക്രൊയേഷ്യയെ ലോകകപ്പ് ഫൈനലിലെത്തിക്കുകയും മികച്ച താരത്തിനുള്ള ഗോള്‍ഡണ്‍ ബോള്‍ സ്വന്തമാക്കുകയും ചെയ്ത ലൂക്കാ മോഡ്രിച്ചും സാധ്യതയില്‍ മുന്നിലാണ്. ലിവര്‍പൂളിന്റെ സൂപ്പര്‍താരമായ ഈജിപ്തിന്റെ മുഹമ്മദ് സലാ പ്രീമിയര്‍ ലീഗ് സീസണില്‍ 32 ഗോളുകളെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയാണ് നില്‍ക്കുന്നത്.
ഫ്രാന്‍സിനായും റയലിനായും തിളങ്ങിയ റാഫേല്‍ വരാനെയാണ് പട്ടികയിലെ പത്താമന്‍. പരിശീലകരിലും കടുത്ത മത്സരമാണ്. റയല്‍ പരിശീലകന്‍ സിദാന്‍, മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ് ഗ്വാഡിയോള എന്നിവര്‍ക്കൊപ്പം ഫ്രാന്‍സിനെ ലോകകപ്പ് ജേതാക്കളാക്കിയദിദിയര്‍ ദെഷാംപ്സും ക്രൊയേഷ്യന്‍ പരിശീലകന്‍ സ്ലാട്കോ ഡാലിച്ചും ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നവരാണ്. ബ്രസീല്‍ സൂപ്പര്‍ താരമായ നെയ്മറിനും പരിശീലകന്‍ ടിറ്റെക്കും ഇത്തവണ പട്ടികയില്‍ ഇടംനേടാനായില്ലെന്നത് മറ്റൊരു പ്രത്യേകതായണ്.