’ലൂക്ക മോഡ്രിച്ച് എങ്ങോട്ടും പോകുന്നില്ല’
ലോകകപ്പില്‍ മിന്നും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചവരെയാണ് വിവിധ ക്ലബ്ബുകള്‍ വലവീശുന്നത്.
സീസണ്‍ തുടങ്ങുന്നതിന് മുമ്പ് കളിക്കാരെ പിടിക്കാനുള്ള തന്ത്രപ്പാടിലാണ് വിവിധ യൂറോപ്യന്‍ ക്ലബ്ബുകള്‍. ലോകകപ്പില്‍ മിന്നും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചവരെയാണ് വിവിധ ക്ലബ്ബുകള്‍ വലവീശുന്നത്. ഇതിനകം തന്നെ ഒത്തിരിപേര്‍ കൂട് മാറിക്കഴിഞ്ഞു. ചിലര്‍ ആലോചനയിലുമാണ്. ക്രൊയേഷ്യന്‍ നായകന്‍ ലൂക്ക മോഡ്രിച്ചിനെച്ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പരക്കുന്നത്. അദ്ദേഹം റയല്‍മാഡ്രിഡ് വിടാനൊരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരം ആരോപണങ്ങളെത്തള്ളി ക്ലബും ടീമിലെത്തന്നെ സഹകളിക്കാരനും എത്തിക്കഴിഞ്ഞു.
മോഡ്രിച്ച് ടീം വിടുന്നതായുള്ള വാര്‍ത്തകള്‍ റയല്‍ മാനേജര്‍ ജൂലന്‍ ലൊപഗേറ്റി തള്ളിക്കഴിഞ്ഞു. അദ്ദേഹം അത്യാവേശമുള്ള കളിക്കാരനാണെന്നും റയലില്‍ തന്നെ തുടരുമെന്നും ജൂലന്‍ വ്യക്തമാക്കി. മോഡ്രിച്ച് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് ചേക്കേറിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ അതിനിര്‍ണായക പങ്കാണ് ലൂക്ക മോഡ്രിച്ച് വഹിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഓടിയത് ലൂക്കയായിരുന്നു.
അതേസമയം അദ്ദേഹം ക്ലബ്ബ് വിടുന്നില്ലെന്ന് സഹതാരം വസ്‌ക്വസും വ്യക്തമാക്കി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തന്നെ ലൂക്ക തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2012ലാണ് മോഡ്രിച്ച് റയല്‍മാഡ്രിഡിലെത്തുന്നത്. റയല്‍ നേടിയ സ്പാനിഷ്, കോപ്പ ഡെല്‍റെ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളില്‍ സാന്നിധ്യമായി ലൂക്കയുമുണ്ടായിരുന്നു.