തച്ചുടച്ച് ബാഴ്സ, പി.എസ്.ജി, ഡോർമുണ്ട്; അടി തെറ്റി ലിവർപൂൾ; ചാമ്പ്യൻസ് ​ലീ​ഗിൽ ​ഗോൾ മഴ

ഇന്റര്‍ മിലാന്‍ 2-1 പി.എസ്.വി, പോര്‍ട്ടോ 1-0 ഗാലറ്റസറേ, ഡോര്‍മുണ്ട് 3-0 മൊണോക്കോ, അത്‍ലറ്റികോ മാ‍ഡ്രിഡ് 3-0 ക്ലബ് ബ്രൂഗെ, ഷാല്‍ക്കെ 1-0 ലോക്കോമോട്ടിവ് മോസ്കോ എന്നീ ടീമുകളും വിജയിച്ചു

Update: 2018-10-03 23:24 GMT
Advertising

മുൻ നിര ടീമുകൾ അണിനിരന്ന ചാംപ്യസ് ലീഗ് ഇന്നലെ സാക്ഷിയായത് ആവേശകരമായ ഗോള്‍ പ്രളയത്തിന്. പി.എസ്.ജി, ബാഴ്സലോണ, ഡോർമുണ്ട്, അത്‍ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ എന്നീ ടീമുകള്‍ വിജയിച്ചപ്പോൽ, ലിവർപൂൾ സീസണിലെ അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് തോൽവി അറിഞ്ഞു.

നെയ്മറിന്റെ ത്രസിപ്പിക്കുന്ന ഹാട്രിക്ക് മികവിൽ, ഒന്നിനെതിരെ ആറു
ഗോളുകൾക്കാണ് പി.എസ്.ജി, റെ‍ഡ് സ്റ്റാർ ബെൽഗ്രേഡിനെ നിലംപരിശാക്കിയത്. കളിക്കിടെ എതിരാളികൾക്ക് ഒരവസരവും കൊടുക്കാതിരുന്ന പി.എസ്.ജിക്ക് വേണ്ടി എയ്ഞ്ചൽ ‍ഡി മരിയ, എഡ്സൻ കവാനി, എംബാപ്പെ എന്നിവരും ലക്ഷ്യം കണ്ടു. രണ്ടു ഫ്രീകിക്കുകൾ അടങ്ങുന്നതാണ് നെയമറിന്റെ ഹാട്രിക്ക് നേട്ടം. ബെൽഗ്രേഡിനെ വരിഞ്ഞു മുറുക്കിയ നെയ്മറും സംഘവും 75 ശതമാനം വരെ ബോൾ പൊസിഷനോടെയാണ് കളി അവസാനിപ്പിച്ചത്. മാർക്കോ മറിൻ ആണ് റെഡ് സ്റ്റാർസിന്റെ ആശ്വാസഗോൾ നേടിയത്.

മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനാമിനെ രണ്ടിനെതിരെ നാലു
ഗോളുകൾക്ക് വീഴത്തി ബാഴ്സ ഗ്രൂപ്പ് ചാമ്പ്യൻമാരായി. സൂപ്പർ താരം മെസ്സിയുടെ ഇരട്ട ഗോളുകൾക്കു പുറമേ, കുട്ടീന്വോ, ഇവാൻ റാക്കിറ്റിച് എന്നിവരും ഓരോ ഗോളുകൾ വീതം നേടി. ഇംഗ്ലിഷ് താരം ഹാരി കെയ്നും എറിക് ലമേലയുമാണ് ടോട്ടനാമിനായി വല ചലിപ്പിച്ചത്.

അതിനിടെ, ചാമ്പ്യൻസ് ലീഗിൽ ജെെത്രയാത്ര തുടരുകയായിരുന്ന ലിവർപൂളിനെ പിടിച്ചു കെട്ടി നാപോളി. 90+ാം മിനിട്ടില്‍ ലോറൻസോ ഇൻസിനെയിലൂടെ നേടിയ മറപടിയില്ലാത്ത ഒരു ഗോളിനാണ് ലിവർപൂൾ തോൽവി അറിഞ്ഞത്. തോൽവിയോടെ ലിവർപൂൾ ഗ്രൂപ്പിലെ ഒന്നാം സ്ഥാനത്തു നിന്നും മൂന്നിലേക്ക് പിന്തള്ളപ്പെട്ടു.

ഇന്റര്‍ മിലാന്‍ 2-1 പി.എസ്.വി, പോര്‍ട്ടോ 1-0 ഗാലറ്റസറേ, ഡോര്‍മുണ്ട് 3-0 മൊണോക്കോ, അത്‍ലറ്റികോ മാ‍ഡ്രിഡ് 3-0 ക്ലബ് ബ്രൂഗെ, ഷാല്‍ക്കെ 1-0 ലോക്കോമോട്ടിവ് മോസ്കോ എന്നിങ്ങനെയാണ് മറ്റു മത്സര ഫലങ്ങള്‍.

Full View
Tags:    

Writer - റഫീക്ക് തിരുവള്ളൂര്

Writer

Editor - റഫീക്ക് തിരുവള്ളൂര്

Writer

Web Desk - റഫീക്ക് തിരുവള്ളൂര്

Writer

Similar News