ബാലന്‍ ഡിഓറില്‍ മെസിക്ക് വമ്പന്‍ ഭൂരിപക്ഷം; ആരാധക വോട്ടെടുപ്പ് റദ്ദാക്കിയത് വിവാദത്തില്‍ 

മെസിക്ക് വന്‍ പിന്തുണ ലഭിച്ചതോടെ “ഫാന്‍ വോട്ട്” സംവിധാനം അധികൃതര്‍ എടുത്തു കളഞ്ഞത് വിവാദത്തില്‍. 

Update: 2018-10-13 04:46 GMT
Advertising

ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരത്തിനുള്ള ബാലന്‍ ഡിഓര്‍ പുരസ്കാര ജേതാവിനെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ ലയണല്‍ മെസിക്ക് വന്‍ പിന്തുണ ലഭിച്ചതോടെ “ഫാന്‍ വോട്ട്” സംവിധാനം അധികൃതര്‍ എടുത്തു കളഞ്ഞത് വിവാദത്തില്‍. പുരസ്‌കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കിയ ശേഷമാണ് ഫാന്‍ വോട്ട് നടന്നത്. ലയണല്‍ മെസിയും ലിവര്‍പൂളിന്റെ ഈജിപ്ത് താരം മുഹമ്മദ് സലാഹുമായിരുന്നു വോട്ടെടുപ്പില്‍ മുന്നിട്ട് നിന്നത്. ഇതില്‍ തന്നെ മെസിയായിരുന്നു ബഹുദൂരം മുന്നില്‍. 48 ശതമാനം വോട്ടായിരുന്നു മെസിക്ക് ലഭിച്ചത്. സലാഹിനാവട്ടെ 31 ശതമാനവും.

മറ്റുള്ളവര്‍ക്കൊന്നും ഇരുവരുടെയും അടുത്തെങ്ങുമെത്താനായിട്ടില്ല. മൂന്നാം സ്ഥാനത്തുള്ള ക്രിസ്റ്റ്യാനൊ റൊണാള്‍ഡോക്ക് ലഭിച്ചതാവട്ടെ 8 ശതമാനം മാത്രം. ഫിഫാ ലോക താരം ലൂക്കാ മോഡ്രിച്ചിനും 2018 ലോകകപ്പ് യുവതാരം കിലിയന്‍ എംബാപ്പേക്കും ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനും രണ്ട് ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഇതോടെയാണ് ബാലന്‍ ഡി ഓറിനായുള്ള ഫാന്‍ വോട്ട് സംവിധാനം അധികൃതര്‍ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ഫ്രഞ്ച് ഫുട്‌ബോള്‍ മാഗസിനായ ഫ്രാന്‍സ് ഫുട്‌ബോളാണ് ബാലന്‍ ഡിഓര്‍ താരത്തെ തെരഞ്ഞെടുക്കുന്നത്.

യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡിന്റെ എട്ട് താരങ്ങള്‍ പട്ടികയിലുണ്ട്. പ്രീമിയര്‍ ലീഗില്‍ നിന്ന് പതിനൊന്ന് താരങ്ങള്‍ ഇടംപിടിച്ചു. മാധ്യമ പ്രവര്‍ത്തകരുടേയും ഫുട്‌ബോള്‍ വിദഗ്ധരുടേയും വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് ബാലന്‍ഡി ഓര്‍ പുരസ്കാര ചടങ്ങ്. അഞ്ച് വീതം ബാലന്‍ഡിഓറുമായി മെസിയും ക്രിസ്റ്റ്യാനോയും ആണ് ഈ നേട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

Tags:    

Similar News