മെസി പോലും മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കാന്‍ ബുദ്ധിമുട്ടുമെന്ന് സ്കോള്‍സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കഷ്ടകാലം തീരുന്നില്ല. പരിശീലകന്‍ ഹൗസെ മൗറീഞ്ഞോയെ ചുറ്റിപ്പറ്റിയുള്ള വിവാദം തീര്‍ന്നിട്ടില്ല. പരിശീലകനെ പുറത്താക്കണമെന്നും മൗറീഞ്ഞോയാണ് ടീമിനെ ഇങ്ങനെ എത്തിച്ചതെന്നും തുടങ്ങി ടീമിനെ സ്‌നേഹിക്കുന്നവരെല്ലാം വിമര്‍ശം ഉന്നയിക്കുകയാണ്. ഇപ്പോഴിതാ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഇതിഹാസ താരം പോള്‍ സ്കോള്‍സ് തന്നെ വിമര്‍ശവുമായി രംഗത്ത് എത്തിയിരിക്കുന്നു.
അദ്ദേഹം പറയുന്നത് സാക്ഷാല്‍ മെസി വന്നാല്‍ പോലും ഇവിടെ കളിക്കാന്‍ ബുദ്ധിമുട്ടുമെന്നാണ്. യുണൈറ്റഡില്‍ ആര് എത്തിയാലും ആ താരങ്ങള്‍ കഷ്ടപ്പെടുകയാണ്. ഇനിയിപ്പോള്‍, മെസി വന്നാല്‍ പോലും അവസ്ഥയ്ക്ക് മാറ്റം വരില്ല. അദ്ദേഹം കളിക്കാന്‍ കഷ്ടപ്പെടുമെന്നും സ്‌കോള്‍സ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷമായി യുണൈറ്റഡിന്റെ സ്ഥിരം വിമര്‍ശകനാണ് സ്‌കോള്‍സ്. പ്രത്യേകിച്ച് മൗറിഞ്ഞോ പരിശീലകനായി എത്തിയ ശേഷം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
എട്ട് കളികളില്‍ നിന്നായി പതിമൂന്ന് പോയിന്റാണ് ടീമിന് ഇതുവരെ നേടാനായത്. ഇത്രക്കും മോശം അവസ്ഥയില്‍ അടുത്തെങും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എത്തിയിട്ടുമില്ല. അതേസമയം മാനേജ്മെന്റിന് ഇപ്പോഴും മൗറീഞ്ഞോയില്‍ വിശ്വാസമുണ്ട്. അദ്ദേഹത്തെ പുറത്താക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഇതു സംബന്ധിച്ച വാര്‍ത്തകളോട് അദ്ദേഹം പ്രതികരിച്ചത്.