ഇബ്ര വരുമോ? റയല്‍മാഡ്രിഡ് ആരാധകര്‍ കാത്തിരിപ്പില്‍ 

ഗോള്‍ നേടാനാവുന്നൊരു സ്ട്രൈക്കറെയാണ് റയല്‍മാഡ്രിഡ് നോക്കുന്നത്. 

Update: 2018-10-22 08:27 GMT
Advertising

റയല്‍മാഡ്രിഡിന്റെ ഗോള്‍ വരള്‍ച്ചക്ക് പരിഹാരം കാണാന്‍ സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഗോള്‍ നേടാനാവുന്നൊരു കളിക്കാരനെയാണ് റയല്‍മാഡ്രിഡ് നോക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോയതിന് ശേഷം ഗോളടിക്കുന്നൊരു സ്‌ട്രൈക്കര്‍ റയലിന് കണ്ടെത്താനായിട്ടില്ല. നിലവില്‍ ടീമിലുള്ളവര്‍ക്ക് അതിന് കഴിയുന്നുമില്ല. ഈ വിടവിലേക്കാണ് ഇബ്രാഹിമോവിച്ചിനെ പരിഗണിക്കുന്നത്. വരുന്ന വിന്റര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ യുഎസ് ലീഗില്‍ കളിക്കുന്ന ഇബ്രയെ കൊണ്ടുവരാനാണ് റയലിന്റെ നീക്കം. എല്‍.എ ഗ്യാലക്‌സിയില്‍ തകര്‍പ്പന്‍ ഫോമിലാണ് ഇബ്രാഹിമോവിച്ച്.

25 മത്സരങ്ങളില്‍ നിന്നായി 22 ഗോളുകള്‍ ഇബ്ര നേടി. പ്രായം 37 ആയെങ്കിലും അതിനെ വെല്ലുന്ന പ്രകടനമാണ് ഇബ്രയുടെത്. അസാധ്യമായ പൊസിഷനില്‍ നിന്ന് വരെ ഗോള്‍ കണ്ടെത്തുന്ന ഇബ്രയുടെ കഴിവ് പന്ത് തട്ടുന്നവര്‍ക്കെല്ലാം അറിയുന്ന കാര്യവും. അതേസമം മാഞ്ചസ്റ്റര്‍ യുണൈറ്റഡും ഇബ്രയില്‍ നോട്ടമിട്ടിട്ടുണ്ട്. സ്പാനിഷ് ലീഗില്‍ എങ്ങനെയാണോ റയല്‍ മാഡ്രിഡ്, അതെ അവസ്ഥയിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും.

നേരത്തെ ലാലിഗയില്‍ ബാഴ്‌സലോണക്ക് വേണ്ടി ഇബ്ര ബൂട്ടണിഞ്ഞിട്ടുണ്ട്. 2009-11 സീസണുകളിലായിരുന്നു ബാഴ്‌സയിലെ ഇബ്രയുടെ കാലം. ലാലിഗയില്‍ ഏഴാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്. ഗോളടിക്കാനാവുന്നില്ല എന്നതാണ് അവരുടെ പ്രധാന പ്രശ്‌നം. മൂന്ന് മത്സരങ്ങള്‍ തോറ്റു, രണ്ട് എണ്ണം സമനില എന്നിങ്ങനെയാണ് റയലിന്റെ അക്കൗണ്ടിലുള്ളത്. അതേസമയം റയല്‍ മാഡ്രിഡിന്റെ പരിശീലകനെ പുറത്താക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Tags:    

Similar News