ചാമ്പ്യന്‍സ് ലീഗില്‍ പുതുചരിത്രം രചിച്ച് ക്രിസ്റ്റ്യാനോ
വലന്‍സിയക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിന് യുവന്റസ് ഒരു ഗോളിന് ജയിച്ചതോടെയാണ് ക്രിസ്റ്റ്യാനോ പുതിയ റെക്കോഡ് സൃഷ്ടിച്ചത്.
ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലായി നൂറ് വിജയങ്ങള്‍ നേടുന്ന കളിക്കാരനെന്ന റെക്കോഡ് സ്വന്തമാക്കി പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. വലന്‍സിയക്കെതിരെ ഏകപക്ഷീയമായ ഒരുഗോളിന് യുവന്റസ് ഒരു ഗോളിന് ജയിച്ചതോടെയാണ് ക്രിസ്റ്റ്യാനോ പുതിയ റെക്കോഡ് സൃഷ്ടിച്ചത്. നൂറാം വിജയത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും നിര്‍ണ്ണായകമായ ഗോള്‍ മരിയോ മാന്‍സുകിച്ച് നേടിയത് ക്രിസ്റ്റിയാനോയുടെ ക്രോസില്‍ നിന്നായിരുന്നു.
വലന്‍സിയക്കെതിരായ ജയത്തോടെ സീരി എ ചാമ്പ്യന്മാരായ യുവന്റസ് ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറിനുള്ള യോഗ്യത നേടി. യുവന്റസ് ഇത്തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയാല്‍ അതും ക്രിസ്റ്റിയാനോയുടെ കിരീടത്തിലെ പൊന്‍തൂവലായി മാറും. നേരത്തെ അഞ്ച് തവണ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബുകള്‍ ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. റൊണാള്‍ഡോ അംഗമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒരു തവണയും റയല്‍ മാഡ്രിഡ് നാല് തവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടി.
വിജയങ്ങളില്‍ സെഞ്ചുറി കുറിച്ചെങ്കിലും റൊണാള്‍ഡോയുടെ ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റം തോല്‍വിയോടെയായിരുന്നു. റേഞ്ചേഴ്‌സിനെതിരെയാണ് റൊണാള്‍ഡോയുടെ ടീം ആദ്യ ജയം നേടുന്നത്. പിന്നീട് റൊണാള്‍ഡോയും അദ്ദേഹം കളിച്ച ടീമുകളും വിജയം ശീലമാക്കുകയായിരുന്നു.
ചാമ്പ്യന്‍സ് ലീഗില്‍ കൂടുതല്‍ ഗോളുകള്‍ നേടിയതിന്റെ റെക്കോഡും റൊണാള്‍ഡോയുടെ പേരിലാണ്. 155 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്നും 121 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. രണ്ടാമതുള്ള മെസിയുടെ പേരില്‍ 105 ഗോളുകളുണ്ട്. 127 കളികളില്‍ നിന്നാണ് മെസി ഇത്രയും ഗോളുകള്‍ വലയിലാക്കിയത്. ഏറ്റവും കൂടുതല്‍ ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ കളിച്ചതിന്റെ ഐക്കര്‍ കസിയസിന്റെ(157) റെക്കോഡും വൈകാതെ റൊണാള്‍ഡോ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്.