പ്രവാസികള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെയും എംബസിയെ സമീപിക്കാം: സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍
സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്ക് ഏതു സമയത്തും എംബസിയെ സമീപിക്കാമെന്ന് സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്
സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്ക് ഏതു സമയത്തും എംബസിയെ സമീപിക്കാമെന്ന് സൌദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ് പറഞ്ഞു. റിയാദിലെ ഇന്ത്യന്‍ സമൂഹം ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്നും അംബാസഡര്‍ പറഞ്ഞു.
ഫെയ്സ്ബുക്ക്, വാട്സാപ്പ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തി പ്രവാസികള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ അധികൃതര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാം. എംബസിയിലെയും കോണ്‍സുലേറ്റിലെയും ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി ഇത്തരം സംവിധാനങ്ങള്‍ പരിശോധിക്കുന്നുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. സൌദിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള അവസരം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അഹമ്മദ് ജാവേദ് പറഞ്ഞു. ഇന്ത്യന്‍ സ്കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ ഊര്‍ജിതമാക്കും. പിടിച്ചുപറി ഉള്‍പ്പെടെ ഇന്ത്യന്‍ സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ സൌദി അധികൃതര്‍ക്ക് മുന്നില്‍ എത്തിക്കുമെന്നും അംബാസഡര്‍ പറഞ്ഞു. എംബസി ഓഡിറ്റോറിയം പൊതുപരിപാടികള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യത്തെക്കുറിച്ച് പഠിക്കുമെന്നും അംബാസഡര്‍ ഉറപ്പു നല്‍കി. റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ എണ്‍പതോളം ഇന്ത്യന്‍ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.
വിവിധ സംഘടനാ നേതാക്കളും വ്യവസായ പ്രമുഖരും അംബാസഡറെ സ്വീകരിച്ചു. അംബാസഡറുടെ ഭാര്യ ശബ്നം ജാവേദിനും ചടങ്ങില്‍ സ്വീകരണം നല്‍കി. നോര്‍ക്ക ജനറല്‍ കണ്‍സള്‍ട്ടന്റ് ശിഹാബ് കൊട്ടുകാട്, സുഹൈല്‍ അഹമ്മദ്, എ.ആര്‍ സലീം, ഇംതിയാസ് അഹമ്മദ്, ബാലചന്ദ്രന്‍ നായര്‍, ശഹീം മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. എംബസി ഡിസിഎം ഹേമന്ദ് കൊട്ടല്‍വാര്‍, ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍, സെക്കന്‍റ് സെക്രട്ടറി ഹിഫ്സുറഹ്മാന്‍ തുടങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.