ഗൾഫ്കപ്പിൽ ഒമാൻ നാളെ യുഎഇയെ നേരിടും
സെമി ബെർത്ത് ഉറപ്പിക്കാൻ നാളത്തെ മത്സരം റെഡ് വാരിയേഴ്‌സിന് നിർണായകമാണ്
മസ്‌കത്ത്: അറേബ്യൻ ഗൾഫ്കപ്പിൽ ഒമാൻ നാളെ യുഎഇയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ഖത്തറിനെതിരെ നേടിയ മിന്നും ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഒമാൻ. സെമി ബെർത്ത് ഉറപ്പിക്കാൻ നാളത്തെ മത്സരം റെഡ് വാരിയേഴ്‌സിന് നിർണായകമാണ്. കുവൈത്തിനെതിരെ സമനില പിടിച്ചും ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ വീഴ്ത്തിയും ഗൾഫ് കപ്പിൽ ഒമാൻ ജൈത്രയാത്ര തുടരുകയാണ്.
മിന്നും ഫോമിലുള്ള സാബിയാണ് ഒമാന്റെ തുറുപ്പ് ചീട്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് പെനാൽറ്റിയടക്കം ഒമാൻ നേടിയ ഗോളുകളെല്ലാം സാബിയുടെ ബൂട്ടിൽ നിന്നാണ് പിറന്നത്. മറ്റുള്ളവരും ഗോൾ കണ്ടെത്തിയാൽ ഒമാന് ഈസിയായി സെമി ഉറപ്പിക്കാം. ആദ്യ മത്സരത്തിൽ കുവൈത്തിനെതിരെ സമനിലയാണ് നേടിയെതെങ്കിലും ഗോളായെന്ന് ഉറപ്പിച്ച കിക്കുകൾ ഒന്നിൽ കൂടുതലുണ്ടായിരുന്നു. ബാറിൽ തട്ടി അകന്നുപോയത് ഭാഗ്യക്കേട് കൊണ്ട് മാത്രമാണ്. എന്നാൽ ഖത്തറിനെതിരെ അവസരം മുതലാക്കി വലകുലുക്കാൻ ഒമാനായി.
ഈ അത്മവിശ്വാസത്തിൽ തന്നെയാണ് യുഎഇക്കെതിരെ നാളെ റെഡ് വാരിയേഴ്‌സ് കളത്തിലിറങ്ങുന്നത്. യുഎഇയുടെ സ്ഥിതി അത്ര മെച്ചമല്ല. കളിച്ച രണ്ട് മത്സരങ്ങളിൽ ഒരു തോൽവിയും സമനിലയുമാണ് സമ്പാദ്യം. ഖത്തറിനെതിരെ സമനില പിടിച്ചപ്പോൾ കുവൈത്തിനെതിരെ തോൽക്കാനായിരുന്നു അവരുടെ വിധി. നിലവിൽ ഗ്രൂപ്പ് എയിൽ നാല് പോയന്റുമായി ഒമാനും കുവൈത്തുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. യുഎഇക്കും ഖത്തറിനും ഓരോ പോയന്റ് വീതമാണുള്ളത്. ഗ്രൂപ്പ് ബി യിൽ ആറ് പോയന്റുമായി ബഹ്‌റൈൻ സെമി ഉറപ്പിച്ചിട്ടുണ്ട്. മൂന്ന് പോയന്റു വീതമുള്ള സൗദിയും ഇറാഖും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. രണ്ട് മത്സരങ്ങളും തോറ്റ് യെമൻ നാലാം സ്ഥാനത്താണ്.