മുസന്നയിലെ ഇന്റഗ്രേറ്റഡ് സ്പോർട്സ് സിറ്റി പദ്ധതിയുടെ ലേലനടപടികൾ അവസാനഘട്ടത്തിൽ
പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഒരു ലോകോത്തര വേദി സൃഷ്ടിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്
മസ്കത്ത്: സൗത്ത് ബാത്തിനയിലെ മുസന്നയിൽ ഇന്റഗ്രേറ്റഡ് സ്പോർട്സ് സിറ്റി പദ്ധതിയുടെ വികസനം അവസാന ഘട്ടത്തിൽ പ്രോജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടൻസിയുടെ ലേല നടപടികളുമായി മുന്നേറുകയാണ്. ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ റോയൽ ഡയറക്റ്റീവിന്റെ ഭാഗമായാണ് സ്‌പോർട്‌സ് സിറ്റി പ്രോജക്റ്റ് ഒരു മില്യൺ ചതുരശ്ര മീറ്ററിൽ ഒരുക്കുന്നത്. 2023 ഒക്ടോബറിൽ പ്രഖ്യാപിക്കപ്പെട്ട പദ്ധതി പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് ഒരു ലോകോത്തര വേദി സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
മൂന്ന് കമ്പനികൾ ബിഡ് സമർപ്പിച്ചതായി ടെൻഡർ ബോർഡ് അറിയിച്ചു. മജൻ എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ്, ഹിൽ ഇന്റർനാഷണൽ എഞ്ചിനീയറിംഗ് കൺസൾട്ടൻസി, മേസ് ഇന്റർ നാഷ്ണൽ എന്നിവരാണ് ലേലത്തിനുള്ളത് അന്താരാഷ്ട്ര ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനും ലോകോത്തര പരിശീലന സൗകര്യങ്ങൾ ഒരുക്കാനുമാണ് കായിക നഗരം ലക്ഷ്യമിടുന്നത്.
ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോൾ (ഫിഫ), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്സ് ഫെഡറേഷൻസ് (ഐഎഎഎഫ്) എന്നിവയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രകൃതിദത്ത ഗ്രാസ് പിച്ച്, സിന്തറ്റിക് ട്രാക്കുകൾ, സൗകര്യങ്ങൾ എന്നിവയുള്ള 25,000 സീറ്റുകളുള്ള ഫുട്‌ബോൾ സ്റ്റേഡിയമാണ് പദ്ധതിയുടെ കേന്ദ്രഭാഗം. വിഐപി ലോഞ്ചുകൾ, ടീം ചേഞ്ചിംഗ് റൂം, സ്പെക്ടേറ്റർ സർവീസ് എന്നിവ സമഗ്ര പദ്ധതിയുടെ ഭാഗമാണ്.