കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ അധിക അവധി എടുത്താല്‍ നടപടി
വിദേശതൊഴിലാളികള്‍ അകാരണമായി അവധി ദീര്‍ഘിപ്പിക്കുന്നത് തടയാനാണ് നിയമ നിര്‍മാണം.
കുവൈത്തില്‍ വിദേശികള്‍ അധിക അവധി എടുത്താല്‍ വിനയാകും. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ കാലം അവധിയെടുത്താല്‍ ഒളിച്ചോട്ടമായി പരിഗണിക്കും. വിദേശതൊഴിലാളികള്‍ അകാരണമായി അവധി ദീര്‍ഘിപ്പിക്കുന്നത് തടയാനാണ് നിയമ നിര്‍മാണം.
നാട്ടില്‍ പോകുന്ന തൊഴിലാളികള്‍ കൃത്യമായ കാരണം കാണിക്കാതെ അവധി ദീര്‍ഘിപ്പിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായുള്ള പരാതികള്‍ തൊഴിലുടമകളുടെ ഭാഗത്തുനിന്ന് വര്‍ധിച്ചതിനെ തുടര്‍ന്നാണ് മാന്‍പവര്‍ പബ്ലിക് അതോറിറ്റി പുതിയ നിയമനിര്‍മാണത്തെ കുറിച്ച് ആലോചിക്കുന്നത്. നാട്ടിലേക്ക് അവധിക്ക് പോകുന്ന തൊഴിലാളി കാരണം കാണിക്കാതെ മടക്കയാത്ര വൈകിപ്പിച്ചാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെ നടപടികളെടുക്കാന്‍ തൊഴിലുടമക്ക് നിലവില്‍ അനുമതിയുണ്ട്. തൊഴിലാളി തിരികെ എത്തിയാല്‍ മാത്രമേ ഈ നടപടികള്‍ സാധ്യമാകൂ. ഇതിനു പകരമായി തൊഴിലാളി നാട്ടിലായിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരെ ഒളിച്ചോട്ടത്തിന് നടപടി സ്വീകരിക്കാനും തുടര്‍ന്ന് ഇഖാമ മരവിപ്പിക്കാനും തൊഴിലുടമക്ക് സാധിക്കുന്ന രീതിയിൽ പുതിയ നിയമം കൊണ്ട് വരാണ് അതോറിറ്റി ആലോചിക്കുന്നത്. ഇങ്ങനെ ഇഖാമ മരവിപ്പിക്കപ്പെടുന്ന വിദേശികള്‍ക്ക് പുതിയ വിസയിലല്ലാതെ പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല.
നിലവില്‍ കാരണം കൂടാതെ വൈകിയത്തെിയാലും പരമാവധി ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നല്ലാതെ ഇഖാമ റദ്ദാക്കുവാന്‍ തൊഴിലുടമക്ക് അവകാശം ഉണ്ടായിരുന്നില്ല. എന്നാല്‍ കാരണം കൂടാതെ നാട്ടിലെ അവധിക്കാലം നീട്ടിയാല്‍ കുവൈത്തിലേക്ക് തിരിച്ചുവരാന്‍ പറ്റാത്ത സാഹചര്യമാണ് പുതിയ നിയമം വരുന്നതോടെ ഉണ്ടാവുക. കുറഞ്ഞ അവധിയില്‍ നാട്ടിലേക്ക് പോകുന്ന മലയാളികളുള്‍പ്പെടെ വിദേശികള്‍ക്ക് നിര്‍ദിഷ്ട നിയമം ഏറെ പ്രയാസമാകുമെന്നാണ് കരുതപ്പെടുന്നത്.