എണ്ണവിലയിടിവ്: യാണ്‍മ്പുവില്‍ ശമ്പളമില്ലാതെ പ്രവാസികള്‍
മലയാളികടക്കം നിരവധി പേര്‍ക്കാണ് ഇവിടെ തൊഴില്‍ നഷ്ടപ്പെട്ടത്. കൃത്യമായി വേതനം ലഭിക്കാത്തതും ഒട്ടേറെ പേരെ വലയ്ക്കുന്നുണ്ട്.
എണ്ണവിലയിടിവിനെ തുടര്‍ന്ന് പദ്ധതികള്‍ പലതും റദ്ദാക്കിയത് സൗദി അറേബ്യയുടെ വ്യാവസായ നഗരമായ യാണ്‍മ്പുവില്‍ പ്രവാസികളുടെ ജീവിതം പ്രതിസന്ധിയിലാക്കുകയാണ്. മലയാളികടക്കം നിരവധി പേര്‍ക്കാണ് ഇവിടെ തൊഴില്‍ നഷ്ടപ്പെട്ടത്. കൃത്യമായി വേതനം ലഭിക്കാത്തതും ഒട്ടേറെ പേരെ വലയ്ക്കുന്നുണ്ട്.
എണ്ണവില കുത്തനെ കുറഞ്ഞതോടെ പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും യാമ്പുവില്‍ നിലച്ചു. ഇതിന് പുറമെയാണ് സ്വദേശിവല്‍കരണവും തൊഴില്‍നിയമത്തിലെ മാറ്റങ്ങളും കര്‍ശനമായത്. ഇതോടെ പ്രവാസികളില്‍ നിരവധി പേര്‍ക്ക് തൊഴിലില്ലാതായി. പല കമ്പനികളും തൊഴിലാളികളുടെ എണ്ണം കുറക്കുകയാണ്. ദിവസവേതനത്തിനും മറ്റും ചെറുകിട കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്കാകട്ടെ കൃത്യമായി ശമ്പളം ലഭിക്കുന്നുമില്ല. നിയമം കര്‍ശനമായിട്ടും ഫ്രീവിസ എന്നറിയപ്പെടുന്ന സംവിധാനത്തില്‍ ഇപ്പോഴും പലരും അവസരം തേടി നാട്ടില്‍ നിന്നെത്തുന്നു. ഇവര്‍ക്കും തൊഴിലില്ല. യാണ്‍മ്പു ജാലിയാത്തിനു സമീപമുള്ള വേപ്പ് മരച്ചോട്ടിലാണ് തൊഴില്‍രഹിതരായ മലയാളികളുടെയും പാകിസ്താനികളുടെയും താവളം. സങ്കടങ്ങള്‍ പങ്കുവെച്ച് അവര്‍ ഒത്തുകൂടും.
അരീക്കോട് സ്വദേശി അബ്ദുല്‍ റസാക്കിന് ശമ്പളം കിട്ടിയിട്ട് ഏഴുമാസമായി. 20 വര്‍ഷമായി ഇവിടെയുള്ള കൂട്ടിലങ്ങാടി സ്വദേശി മൊയ്തുവിന് ആറുമാസമായി ശമ്പളമില്ല. കായംകുളം സ്വദേശി രാജീവ് കാലടി, സിജു കണ്ണൂര്‍, ഷാജഹാന്‍ നിലമ്പൂര്‍ അങ്ങനെ പോകുന്നു മലയാളികളായ തൊഴില്‍ രഹിതരുടെ പട്ടിക. വര്‍ഷങ്ങളായി ഇവിടെ വിയര്‍പ്പൊഴുക്കിയവര്‍ മുതല്‍ വന്‍തുക വിസക്കും ടിക്കറ്റിനും മുടക്കി എത്തിയവര്‍വരെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ് ഇവിടെ.