വിദേശികളുടെ മെഡിക്കൽ ഇൻഷുറൻസ് ഫീസിൽ ഉടൻ വർദ്ധനയുണ്ടാകില്ലെന്നു കുവൈത്ത്
ചികിത്സാനിരക്കു വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇത് മൂലം വിദേശികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി
വിദേശികളുടെ മെഡിക്കൽ ഇൻഷുറൻസ് ഫീസിൽ ഉടൻ വർദ്ധനയുണ്ടാകില്ലെന്നു കുവൈത്ത് ആരോഗ്യ മന്ത്രാലയം . അടുത്തമാസം മുതൽ ചികിത്സാനിരക്കു വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇത് മൂലം വിദേശികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി .
ആരോഗ്യമന്ത്രാലയം വക്താവ് ഡോ. അഹ്മദ് ആൽ ശത്തി ആണ് വിദേശികളുടെ ഇൻഷുറൻസ് ഫീസ് അടുത്ത അഞ്ചു വർഷത്തേക്ക് വർധിപ്പിക്കില്ലെന്നു വ്യക്തമാക്കിയത് . അതെ സമയംസൗജന്യവും ചെലവ് വളരെ കുറഞ്ഞതുമായ ചികിത്സാ സേവനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായാണ് ചികിത്സ നിരക്ക് വർധിപ്പിച്ചത് 1993 മുതൽ മാറ്റമില്ലാതെ തുടരുന്ന ചികിത്സാ നിരക്കുകളാണ് പുതിയ ഉത്തരവിലൂടെ പരിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു . ധനമന്ത്രാലയം ശിപാർശ ചെയ്ത നിരക്കിലും കുറവാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ചികിത്സാ ഫീസ്. പ്രതിരോധ കുത്തിവെപ്പുകൾ പോലുള്ള അടിസ്ഥാന സേവനങ്ങൾക്കുള്ള ഫീസിലെ വർധന നാമമാത്രമാണ്. മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം നിരവധി വിഭാഗങ്ങൾക്ക് ഫീസ് വർധനയിൽ ഇളവും നൽകിയിട്ടുമുണ്ട്. രാജ്യത്ത് സ്ഥിരമായി താമസിക്കുന്നവരെയും സന്ദർശനത്തിന് വരുന്നവരെയും രണ്ടായി തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
സന്ദർശക വിസയിലെത്തുന്നവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് നിരവധി ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആരോഗ്യ മന്ത്രാലയത്തിലെ ടെക്നിക്കൽ കമ്മിറ്റി വിശദമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് സന്ദർശകർക്കുള്ള ചികിത്സാ സേവനങ്ങളുടെ ചെലവ് സ്വകാര്യ മേഖലയുടേതിന് സമാനമായി ഉയർത്താൻ ശിപാർശ ചെയ്തത് . ലോകത്തെല്ലായിടത്തും ചികിത്സാ സേവന ചെലവ് വർധിക്കുകയാണെന്നും അടിയന്തര ചികിത്സ ആവശ്യമായ കേസുകളിൽ പണമില്ലാത്തതിനാൽ ചികിത്സ നിഷേധിക്കുന്ന സാഹചര്യം കുവൈത്തിൽ ഉണ്ടാകില്ലെന്നും ഡോ. അഹ്മദ് ആൽ ശത്തി കൂട്ടിച്ചേർത്തു.