സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കാനൊരുങ്ങി കുവൈത്ത്
സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സാമൂഹ്യമാധ്യമങ്ങളിലെ നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണു നീക്കം
സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിക്കാൻ കുവൈത്ത് പ്രത്യേക പദ്ധതി ആവിഷ്കരിക്കുന്നു . സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ സാമൂഹ്യമാധ്യമങ്ങളിലെ നിയമ വിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണു നീക്കം . ധനമന്ത്രാലയം നടപ്പാക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്.
ധനമന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട് ചെയ്തത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയർ ഉപയോഗിക്കുക. സോഫ്ട്‍വെയർ രൂപകല്പനക്കായി ഈ മേഖലയിലെ വിദഗ്ധ കമ്പനിക്ക് കരാർ നൽകാനാണു തീരുമാനം . അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75000 ദീനാറാണ് ചെലവ് കണക്കാക്കുന്നത്. സെൻട്രൽ ടെൻഡർ കമ്മിറ്റി മുഖേനയല്ലാതെ നേരിട്ട് തുക ബന്ധപ്പെട്ട കമ്പനിക്ക് കൈമാറുമെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ സാമ്പത്തിക നിലയെ വരെ ബാധിക്കുന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമായതോടെയാണ് വൻതുക മുടക്കി പദ്ധതി രൂപകൽപന ചെയ്യാൻ ധനമന്ത്രാലയം തീരുമാനിച്ചത്.