പ്രവാസികൾക്ക് ആശ്വാസം; കാലാവധി അവസാനിക്കുന്ന വിസകൾ സൗദി നീട്ടിത്തുടങ്ങി
ജൂലൈ 31 വരെയാണ് കാലാവധി നീട്ടുക
യാത്രാ വിലയ്ക്കുള്ള രാജ്യങ്ങളിലുള്ളവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റിങ് വിസ എന്നിവയുടെ കാലാവധി സൗദി ദീർഘിപ്പിച്ച് തുടങ്ങി. ജൂലൈ 31 വരെ സൗജന്യമായാണ് കാലാവധി നീട്ടി നൽകുക. ഇതിനായി പ്രത്യേകം അപേക്ഷ നൽകേണ്ടതില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ പ്രത്യേക നിർദേശത്തെ തുടർന്നാണ് നടപടി.
യാത്രാവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ചുവരാൻ സാധിക്കാത്തവരുടെ ഇഖാമ, എക്സിറ്റ്-റീ എൻട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി നീട്ടിനൽകാൻ ഇക്കഴിഞ്ഞ മെയ് 24നാണ് സൗദി ഭരണാധികാരി സൽമാൻ രാജാവ് നിർദേശം നൽകിയത്. ജൂൺ രണ്ടുവരെ കാലാവധി ദീർഘിപ്പിച്ച് നൽകുമെന്നായിരുന്നു അന്ന് മന്ത്രാലയം അറിയിച്ചിരുന്നത്. എന്നാൽ ആർക്കും തന്നെ കാലാവധി പുതുക്കി ലഭിച്ചിരുന്നില്ല. ഇതുമൂലം പ്രവാസികൾക്കിടയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നിരുന്നു. ഇതിനിടെയാണ് ഇന്ന് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തി പാസ്പോർട്ട് വിഭാഗത്തിന്റെ അറിയിപ്പുണ്ടായത്.
യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള മുഴുവൻ വിദേശികൾക്കും ജൂലൈ 31 വരെ ഇഖാമ, റീ എൻട്രി എന്നിവയുടെ കാലാവധി സൗജന്യമായി ദീർഘിപ്പിച്ചുനൽകും. ഈ രാജ്യങ്ങളിൽനിന്നുള്ള സന്ദർശന വിസ നേടിയവർക്കും വിസാ കാലാവധി ദീർഘിപ്പിച്ച് നൽകുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു. ഇതിനാവശ്യമായ സാമ്പത്തിക ചെലവുകൾ ധനകാര്യ മന്ത്രാലയം വഹിക്കും. വിസാ കാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോർട്ടിലിൽനിന്നും വിസ വാലിഡിറ്റി എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇഖാമ നമ്പറും അനുബന്ധവിവരങ്ങളും നൽകിയാൽ മതി. അബ്ഷിർ വഴിയും കാലാവധി പരിശോധിക്കാവുന്നതാണ്.
ഇന്ത്യയുൾപ്പെടെ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള നിരവധി പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം. യാത്രാവിലക്കുമൂലം പ്രവാസികളുടെ മടങ്ങിവരവ് അനന്തമായി നീളുന്ന സാഹചര്യത്തിൽ പല കമ്പനികളും മടങ്ങിവരാനാകാത്ത പ്രവാസികളുടെ ഇഖാമയും റീ എൻട്രിയും പുതുക്കുന്നതിന് വിമുഖത കാണിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് പ്രവാസികളുടെ വിസ റദ്ദാകുന്നതിന് വഴിവയ്ക്കും. അതിനാൽ തന്നെ ഈ സന്ദർഭത്തിൽ ഇഖാമയും റീ എൻട്രിയും പുതുക്കിനൽകണമെന്ന സൗദി രാജാവിന്റെ നിർദേശം പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ്.