വിമാന ടിക്കറ്റ് നിരക്കിലെ വർധന; കോവിഡും വേനലവധിയും കാരണമായെന്ന് സൗദി
സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവാണ് ടിക്കറ്റ് നിരക്കിലെ വർധനവ് സംബന്ധിച്ച് സംസാരിച്ചത്
വേനലവധിയും കോവിഡും ഒരുമിച്ച് വന്നപ്പോഴാണ് വിമാന ടിക്കറ്റ് നിരക്ക് ഉയർത്തിയതെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. സൗദിയിൽ നിന്നും വിവിധ പ്രവിശ്യകളിലേക്കും രാജ്യങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധനവുണ്ടായി. ടിക്കറ്റ് നിരക്ക് കുറക്കാൻ പ്രത്യേക നയം നടപ്പിലാക്കാനാണ് നീക്കം.
സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വക്താവാണ് ടിക്കറ്റ് നിരക്കിലെ വർധനവ് സംബന്ധിച്ച് സംസാരിച്ചത്. കോവിഡ് കാരണം പൊതുവേ വിമാന സർവീസ് കുറവാണ്. ഇതോടൊപ്പം വേനലവധി കൂടി ഒന്നിച്ചെത്തിയതോടെ ടിക്കറ്റ് വില വർധിച്ചു. വിമാന സർവീസ് സാധാരണ ഗതി പ്രാപിക്കുന്നതോടെ ടിക്കറ്റ് നിരക്ക് കുറയും.
സ്ഥിതി സിവിൽ ഏവിയേഷൻ അതോറിറ്റി നിരീക്ഷിക്കുന്നുണ്ട്. നിരക്ക് കുറക്കുന്നതിനായി വിമാനക്കന്പനികൾ തമ്മിലുള്ള മത്സരം പ്രോത്സാഹിപ്പിക്കും. ഇതിനായുള്ള ഉദാര നയം തയ്യാറാക്കിയതായും അതോറിറ്റി അറിയിച്ചു. ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഒരു മാസത്തിനിടെ ഉണ്ടായത്. ഇത് പ്രവാസികളുടെ മടക്ക യാത്രയേയും ബാധിച്ചിരുന്നു.