ലക്ഷ്യം കൂടുതല്‍ വിപണി; പുതിയ എണ്ണപ്പാത തുറന്ന് ഇറാന്‍
ഉപരോധം മറികടന്ന് ഇതര രാജ്യങ്ങൾക്ക് കൂടുതൽ എണ്ണ വിൽക്കാൻ ഇറാൻ തുനിയുമെന്ന ആശങ്കയിലാണ് അമേരിക്ക.
എണ്ണ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി പുതിയ ടെർമിനൽ തുറന്നതിലൂടെ ഇറാന്റെ എണ്ണ വിപണനം ഗണ്യമായി വർധിക്കും എന്നാണ് വിലയിരുത്തൽ. ഉപരോധം മറികടന്ന് ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് കൂടുതൽ എണ്ണ വിൽക്കാൻ ഇറാൻ തുനിയുമെന്ന ആശങ്കയിലാണ് അമേരിക്ക.
ഗൾഫ് ഓഫ് ഒമാനിലാണ് ഇറാൻ ആദ്യ ഓയിൽ ടെർമിനൽ തുറന്നത്. പ്രസിഡൻറ് പദവിയിൽ നിന്ന് വിരമിക്കുന്ന ഹസൻ റൂഹാനിയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ ഹോർമൂസ് കടലിടുക്ക് മറികടന്ന് ഗൾഫ് ഓഫ് ഒമാൻ മുഖേന ഇറാന്റെ കപ്പലുകൾക്ക് സഞ്ചരിക്കാൻ സാധിക്കും. പ്രാദേശിക സംഘർഷങ്ങൾക്കിടയാക്കിയ ഹോർമുസ് കടലിടുക്ക് മുഖേനയുള്ള ഇറാന്റെ എണ്ണവ്യാപാരം പല ഘട്ടങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
സുപ്രധാന ചുവടുവെപ്പ് എന്ന നിലയിലാണ് തെഹ്റാൻ പുതിയ പാതയെ നോക്കി കാണുന്നത്. ഇറാന് ഇനി സുരക്ഷിതമായി എണ്ണ കയറ്റുമതി ചെയ്യാൻ സാധിക്കുമെന്ന് റൂഹാനി പ്രതികരിച്ചു..100 ടൺ എണ്ണയുമായി ഇറാന്റെ എണ്ണകപ്പൽ പുതിയ റൂട്ടിലൂടെ സഞ്ചാരം ആരംഭിക്കുകയും ചെയ്തു.
ദിനംപ്രതി 10 ലക്ഷം ബാരൽ എണ്ണ പുതിയ പാതയിലൂടെ കയറ്റുമതി ചെയ്യാനാണ് ഇറാൻ ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്കിന് തെക്കായി ഗൾഫ് ഓഫ് ഒമാനിലെ ജാസ്ക് തുറമുഖത്തിനു സമീപമാണ് പുതിയ ടെർമിനൽ.
അടുത്തിടെ ചൈനക്ക് വൻതോതിൽ എണ്ണ വിറ്റതായ റിപ്പോർട്ട് പുറത്തുവന്നതോടെ ഇറാനു മേൽ പുതിയ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. അതേ സമയം ആണവ കരാർ സംബന്ധിച്ച വിയന്ന ചർച്ചയെ പുതിയ സംഭവവികാസങ്ങൾ ബാധിക്കില്ലെന്നാണ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതീക്ഷ.