വ്യാജ ഡോക്ടറില്‍നിന്ന് മൂന്ന് ലക്ഷം ദിനാര്‍ തിരിച്ചുപിടിക്കാൻ കോടതി വിധി
കുവൈത്തില്‍ പിടികൂടിയ വ്യാജ ഡോക്ടറില്‍ നിന്നും നേരത്തെ കൈപ്പറ്റിയ ശമ്പളവും ആനുകൂല്യങ്ങളും ഉള്‍പ്പടെ മൂന്ന് ലക്ഷം ദിനാര്‍ ഈടാക്കുവാന്‍ വിധി പുറപ്പെടുവിച്ച് കോടതി.
വര്‍ഷങ്ങളായി രാജ്യത്ത് താമസിച്ചിരുന്ന ഇവരുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് കണ്ടത്തിയതിനെ തുടര്‍ന്നാണ് നേരത്തെ അധികൃതര്‍ പിടികൂടിയത്. അന്വേഷണത്തിൽ ഇവർ മെഡിക്കല്‍ ബിരുദം നേടി എന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ സർവകലാശാലയിൽ പഠിച്ചിട്ടില്ല എന്ന് വ്യക്തമായിരുന്നു.
ഇവരുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതിനിടെ കുവൈത്തില്‍ വ്യാജ സർട്ടിഫിക്കറ്റുകൾ വർദ്ധിച്ചതിനെ തുടര്‍ന്ന് അധികൃതരുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. സർക്കാർ-പൊതുമേഖല-സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശി-വിദേശി ജീവനക്കാരുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്.
വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസിയുടെ സഹകരണത്തോടെയാണ് അതത് രാജ്യങ്ങളിലെ സർവകലാശാലകളുമായും ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പരിശോധന പുരോഗമിക്കുന്നത്.