കുവൈത്തില്‍ കനത്ത മഴ, മിക്കയിടത്തും റോഡുകള്‍ വെള്ളത്തിലായി
അടിയന്തര സഹായം ആവശ്യമുള്ളവർ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിളിക്കമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു
കുവൈത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മിക്കയിടത്തും റോഡുകള്‍ വെള്ളത്തിലായി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ശരിവെച് ഞയറാഴ്ച പുലര്‍ച്ചെ മുതലാണ് ശക്തമായ മഴയുണ്ടായത്. കടലിൽ പോകരുതെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്. അഹ്മദി ഭാഗത്താണ് ഏറ്റവും കനത്തുപെയ്തത്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, കുവൈത്ത് സിറ്റി, ഫഹാഹീൽ, മംഗഫ്, സാൽമിയ തുടങ്ങി ഏതാണ്ടെല്ലാ ഭാഗങ്ങളിലും മഴയുണ്ടായി.
അടിയന്തര സഹായം ആവശ്യമുള്ളവര്‍ 112 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിക്കമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ ഓടകൾ വൃത്തിയാക്കിയും മറ്റും പൊതുമരാമത്ത് മന്ത്രാലയം കഴിയുന്ന വിധം മുന്നൊരുക്കം നടത്തിയിട്ടുണ്ട്. അഗ്നിശമന വിഭാഗവും ജാഗ്രതയിലാണ്.
മോശം കാലാവസ്ഥയിൽ റോഡപകടസാധ്യത കൂടുതലാണെന്നും വാഹനം ഓടിക്കുമ്പോൾ ഫോഗ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നും മുന്നിലുള്ള വാഹനവുമായി വ്യക്തമായ അകലം പാലിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു. അടിയന്തര സഹായം ആവശ്യമുള്ളവർ മന്ത്രാലയത്തിന്റെ 112 എന്ന ഹോട്ട്ലൈൻ നമ്പറിൽ വിവരം അറിയിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അഭ്യർഥിച്ചു.