ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ കുവൈത്ത്
കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ കൊടിയുമായി ഗൂഗ്ൾ ഡൂഡിൽ തയ്യാറാക്കി
കുവൈത്ത് സിറ്റി: കുവൈത്തിലെ നാടും നഗരവുമൊന്നിച്ച് 62ാമത് ദേശീയ ദിനം ആഘോഷിച്ചു. കാറുകളിലും ഇരുചക്ര വാഹനങ്ങളിലും കുവൈത്തിന്റെ ദേശീയ പതാക വീശി സ്വദേശികളും പ്രവാസികളും പാതകൾ കൈയടക്കി. പാതയോരങ്ങളിലും പാലങ്ങളിലും അമീറിന്റെയും കിരീടാവകാശിയും ചിത്രങ്ങൾ ദീപാലങ്കാരങ്ങൾ പ്രദർശിപ്പിച്ചു. കരിമരുന്ന് പ്രയോഗവും വ്യോമാഭ്യാസ വിസ്മയങ്ങളും വീക്ഷിക്കാൻ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഒഴുകിയെത്തിയത്.
ഞായറാഴ്ച വിമോചന ദിനമാണ്. ബ്രിട്ടിഷ് കോളനി ഭരണത്തിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഓർമ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിച്ചതെങ്കിൽ ഇറാഖ് അധിനിവേശത്തിൽനിന്ന് മോചിതമായതിന്റെ ഓർമയ്ക്കായാണ് വിമോചനദിനാഘോഷം. ഓരോ ഗവർണറേറ്റുകൾ കേന്ദ്രീകരിച്ചും ആഘോഷങ്ങൾ നടന്നു. കുവൈത്ത് ടവർ, അറേബ്യൻ ഗൾഫ് സ്ട്രീറ്റ് എന്നിവിടങ്ങൾ ആഘോഷങ്ങളുടെ കേന്ദ്രങ്ങളായി. പ്രധാന ഷോപ്പിങ് മാളുകളും കച്ചവട സ്ഥാപനങ്ങളും ദീപാലങ്കാരം കൊണ്ടും ഓഫറുകൾ പ്രഖ്യാപിച്ചും ദേശീയ ദിനത്തിൽ പങ്കുകൊണ്ടു. സ്വദേശികൾക്കൊപ്പം പ്രവാസികളും ആഘോഷത്തിന്റെ നിറവിന് മാറ്റേകി.
കുവൈത്ത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ കൊടിയുമായി ഗൂഗ്ൾ ഡൂഡിൽ തയ്യാറാക്കി. വെള്ള, ചുവപ്പ്, കറുപ്പ്, പച്ച നിറമുള്ള കുവൈത്ത് പതാക വാനത്തിൽ പാറിപ്പറക്കുന്ന തരത്തിലാണ് ഗൂഗ്ളിന്റെ ഡൂഡിൽ. പതാകയുടെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദേശീയദിനാഘോഷവുമായി ബന്ധപ്പെട്ട വാർത്തകൾ, പരിപാടികൾ, ചിത്രങ്ങൾ തുടങ്ങിയവയുടെ വെബ്‌സൈറ്റുകളിലേക്ക് എത്തുന്ന വിധത്തിലായിരുന്നു ക്രമീകരണം.
കുവൈത്തിന് ആശംസ നേർന്ന് ലോകം
രാജ്യത്തിന്റെ ദേശീയ ദിനത്തിൽ കുവൈത്ത് ഭരണാധികാരികൾക്കും ജനങ്ങൾക്കും ലോക നേതാക്കളും ഭരണാധികാരികളും ആശംസകൾ അറിയിച്ചു. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് രാജ്യത്തെ അഭിസംബോധനം ചെയ്ത് സംസാരിച്ചു. 'രാജ്യത്തിന്റെ ദേശീയ ദിനത്തിൽ എന്റെ സഹോദരൻ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനും കുവൈത്തിലെ ജനങ്ങൾക്കും അഭിനന്ദനങ്ങൾ' അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ശൈഖ് ജാബിർ അൽ അഹമ്മദ് അസ്സബാഹിൻറെ ശൈഖ് സായിദിനൊപ്പമുള്ള ഫോട്ടോ അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു. പ്രവാസികളുൾപ്പടെയുള്ളവർക്ക് പ്രസിഡന്റ് ആശംസകൾ നേർന്നു.
യു.എ.ഇ വൈസ് പ്രസിഡൻറ് ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവരും കുവൈത്ത് അമീറിനും കിരീടാവകാശിക്കും ആശംസാ സന്ദേശങ്ങൾ അയച്ചു.
സേവനം ഉറപ്പുവരുത്തി ആരോഗ്യ കേന്ദ്രങ്ങൾ
അവധി ദിവസങ്ങളിലും രാജ്യത്തെ 29 പ്രാഥമിക ശുശ്രൂഷാ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. പതിവുപോലെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യക്കാർക്ക് വേണ്ട ചികിത്സ നൽകിവരുന്നുണ്ട്. ജനങ്ങൾക്ക് അത്യാവശ്യ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. അമിരി ഹോസ്പിറ്റൽ എമർജൻസി ഡെന്റൽ ക്ലിനിക് എല്ലാ സമയവും ഉണ്ടായിരിക്കുമെന്ന് അൽ സനദ് പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകർ മന്ത്രാലയ ഉദ്യോഗസ്ഥർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.