വിമാനത്താവളങ്ങളില്‍ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കുവൈത്ത്

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരില്‍ കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു

Update: 2021-12-19 11:00 GMT
Advertising

കുവൈത്ത്: വിമാനത്താവളത്തില്‍ എത്തുന്നവര്‍ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് വ്യോമയാന വകുപ്പ് . മാസ്‌ക് ധരിക്കാതെ ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വര്‍ദ്ധന രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് വരുന്ന യാത്രക്കാരില്‍ കോവിഡ്സ്ഥിരീകരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായി കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെ ഒമിക്രോണ്‍ വ്യാപനം കൂടി കണക്കിലെടുത്താണ് കുവൈത്ത് വ്യോമയാന വകുപ്പ് വിമാനത്താവളത്തിലെ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമാക്കിയത് . പാസഞ്ചര്‍ ടെര്‍മിനലില്‍ നില്‍ക്കുന്ന സമയമത്രയും മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

രാജ്യത്തെ കോവിഡ് സ്ഥിരീകരണത്തിന്റെ ഗ്രാഫ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുകളിലേക്കാണ്. വെള്ളിയാഴ്ച 81 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 476 ആയി . വെള്ളിയാഴ്ച മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അതിനിടെ എല്ലാവരും ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ കണിശത പുലര്‍ത്തുകയും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യണമെന്ന് കൊറോണ എമര്‍ജന്‍സി അധ്യക്ഷന്‍ ഡോ. ഖാലിദ് അല്‍ ജാറല്ല അഭ്യര്‍ത്ഥിച്ചു. ഈ രണ്ടുകാര്യങ്ങളെയും ആശ്രയിച്ചാണ് രാജ്യത്തിന്റെ ആരോഗ്യ സ്ഥിരത നിലനില്‍ക്കുന്നതെന്നും വിവാദങ്ങളിലും വിയോജിപ്പുകളിലും അര്‍ത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News