മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനുള്ള ടെസ്റ്റുകളില്‍ പുതിയ മാറ്റങ്ങൾ
കുവൈത്തില്‍ പൊതു-സ്വകാര്യ ആരോഗ്യ മേഖലയിൽ നിയമിക്കുന്ന ഡോക്ടർമാർക്ക്, മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനായുള്ള ടെസ്റ്റുകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം.
ഏകീകൃത ഇ-ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉള്‍പ്പടെ മൂന്ന് ഘട്ടങ്ങളായാണ് ഡോക്ടർമാര്‍ക്കും മെഡിക്കൽ പ്രാക്ടീഷണർമാര്‍ക്കും ടെസ്റ്റുകള്‍ നടത്തുക. നിലവില്‍ നടത്തുന്ന 'പ്രാഫിഷ്യൻസ് അസസ്‌മെന്റ് ടെസ്റ്റിന്റെ' വിപുലീകരണമാണ് പുതിയ ടെസ്റ്റുകള്‍.
ഇതോടെ അപേക്ഷകര്‍ക്ക് ലോകത്തെവിടെ നിന്നും ഓൺലൈനായി പരീക്ഷ എഴുതുവാന്‍ സാധിക്കും. തുടര്‍ന്ന് അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ നടത്തിയതിന് ശേഷമായിരിക്കും മെഡിക്കല്‍ പ്രാക്ടീസ് ലൈസന്‍സ് അനുവദിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആദ്യ ഘട്ടമെന്ന നിലയില്‍ ചുരുക്കം മെഡിക്കൽ പ്രൊഫഷനുകൾക്ക് മാത്രമാണ് പുതിയ ടെസ്റ്റുകള്‍ ബാധകമാക്കിയിരിക്കുന്നത്. മറ്റ് സ്പെഷ്യലൈസേഷനുകൾക്കും പുതിയ നിബന്ധനകള്‍ ക്രമേണ ബാധകമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
നേരത്തെ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന 65 വയസ് കഴിഞ്ഞ ഡോക്ടർമാർക്ക് പ്രാക്ടീസ് ലൈസൻസ് പുതുക്കുന്നതിനായി വൈദ്യ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.