ലൈസൻസില്ലാത്ത ഓൺലൈൻ സറ്റോറുകളിൽ നിന്ന് കുട്ടികളുടെ ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങരുത്; മുന്നറിയിപ്പുമായി ഒമാൻ വാണിജ്യ മന്ത്രാലയം
ഇത്തരം സ്റ്റോറുകളിൽ വിൽകുന്ന ഉത്പന്നങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം
മസ്‌കത്ത് : ഒമാനിൽ കുഞ്ഞുങ്ങളുടെ പാൽപ്പൊടി, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവയുടെ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടക്കുന്ന പരസ്യങ്ങൾക്കെതിരെ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം (എം.സി.ഐ.ഐ.പി) മുന്നറിയിപ്പ് നൽകി. അനുമതിയില്ലാതെ നടത്തുന്ന ഇത്തരം പരസ്യങ്ങളിലൂടെ വിൽകുന്ന ഉത്പന്നങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങൾ ഉണ്ടാക്കിയേക്കാം.
3 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണ പദാർത്ഥങ്ങളുടെ വിപണനവും പ്രചരണവും നിരോധിച്ചുകൊണ്ട് വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചു. ഇത് 2022/619 മന്ത്രിസഭ തീരുമാനപ്രകാരം സോഷ്യൽ മീഡിയയിലെ വിപണന പ്രവർത്തനങ്ങൾക്കുള്ള ചട്ടങ്ങളുടെ ലംഘനമാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിയന്ത്രണങ്ങൾ പാലിക്കുന്നതിന്റെ പ്രാധാന്യം വാണിജ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഓൺലൈൻ സ്റ്റോറുകളുടെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിശ്വസനീയമല്ലാത്ത സൈറ്റുകളിൽ നിന്ന് വാങ്ങുന്നതിന് മുമ്പ് സൈറ്റിന്റെ വിശ്വാസ്യത ഉറപ്പുവരുത്തണം. ഉപയോക്താക്കളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും വായിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ഭക്ഷണ പദാർത്ഥങ്ങൾ പോലുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ അവ ഒമാനിൽ അംഗീകൃതമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.