ഖത്തറില്‍ കേരളോത്സവമൊരുക്കി എക്സ്പാറ്റ് സ്പോര്‍ട്ടീവ് കായികമേള
നാട്ടിലെ കേരളോത്സവത്തോട് കിടപിടിക്കുന്ന സംഘാടനമികവുമായാണ് എക്സ്പാറ്റ് സ്പോര്‍ട്ടീവ് കമ്യൂണിറ്റി കായികമേളയ്ക്ക് കൊടിയിറങ്ങിയത്
ദോഹ: ഖത്തറില്‍ കേരളോത്സവമൊരുക്കി എക്സ്പാറ്റ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച കായികമേള. ഖത്തര്‍ ദേശീയ കായികദിനത്തോട് അനുബന്ധിച്ച് നടത്തിയ മേളയില്‍ മലപ്പുറം ജില്ല ജേതാക്കളായി.
നാട്ടിലെ കേരളോത്സവത്തോട് കിടപിടിക്കുന്ന സംഘാടനമികവുമായാണ് എക്സ്പാറ്റ് സ്പോര്‍ട്ടീവ് കമ്യൂണിറ്റി കായികമേളയ്ക്ക് കൊടിയിറങ്ങിയത്. കേരളത്തെ 13 ജില്ലകളെ പ്രതിനിധീകരിച്ച് വീറും വാശിയുമേറിയ പോരാട്ടങ്ങള്‍ നടന്നു. 78 പോയന്റുകള്‍ നേടി മലപ്പുറത്തിന്റെ കെ.എല്‍ 10 ലെജന്റ്സ് ഓവറോള്‍ ചാമ്പ്യന്‍മാരായി.
72 പോയന്റുകള്‍ നേടി കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബ് രണ്ടാം സ്ഥാനവും തൃശ്ശൂര്‍ യൂത്ത് ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി. വര്‍ണാഭമായ ടീം പരേഡ് കേരളത്തിന്റെ കലാ സാംസ്കാരിക പൈതൃകത്തിന്റെ നേര്‍ക്കാഴ്ചയായി. പുലിക്കളിയും ചെണ്ടമേളവും ഒപ്പനയുമെല്ലാം മാറ്റേകി.
കാറ്റഗറി എ യില്‍ കെ. എല്‍ 10 ലെജന്റ്സിന്റെ മുഹമ്മദ് അന്‍ഷാദും കാറ്റഗറി ബി യില്‍ തൃശ്ശൂര്‍ യൂത്ത് ക്ലബ്ബിന്റെ കണ്ണന്‍ ചെമ്പനും, കാറ്റഗറി സി യില്‍ ഫീനിക്സ് പാലക്കാടീന്റെ ലിന്‍സി സുകുമാരനും കാറ്റഗറി ഡി യില്‍ കാലിക്കറ്റിന്റെ അശ്വതി അശോകനും കണ്ണൂര്‍ സ്ക്വാഡിന്റെ സൂസന്‍ അബ്രഹാമും വ്യക്തിഗത ചാമ്പ്യന്മാരായി.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് തണ്ടാലേ മുഖ്യാതിഥിയായി പങ്കെടുത്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രതിനിധി ക്യാപറ്റന്‍ ഹമദ് ഹബീബ് അല്‍ ഹാജിരി, സുഡാന്‍ ഫുട്ബാള്‍ ടീം മുന്‍ ക്യാപ്റ്റന്‍ അബ്ദു അസീസ് സകരിയ്യ, വിവിധ ഇന്ത്യന്‍ കമ്യൂണിറ്റി സംഘടനകളുടെ പ്രതിനിധികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ഓട്ടോ ഫാസ്റ്റ് ട്രാക് എം.ഡി ഷിയാസ് കൊട്ടാരം എന്നിവര്‍ ഓവറോള്‍ ചാമ്പ്യന്‍ന്മാര്‍ക്കുള്ള ട്രോഫികള്‍ കൈമാറി. കമ്മ്യൂണിറ്റി സ്പോര്‍റ്റ്സ് മീറ്റ് ചെയര്‍മാന്‍ ഡോ. താജ് അലുവ, കള്‍ച്ചറല്‍ ഫോറം പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍, എക്സ്പാറ്റ്സ് സ്പോർടീവ് പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍, ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Summary: Expat Sportive sports meet held in Qatar