അബൂദബിയിൽ സ്‌കൂൾ നിയമനങ്ങൾക്ക് കർശന മാനദണ്ഡം; നിർദേശങ്ങൾ പുറത്തിറക്കി അഡെക്

അധ്യാപകരെ പുറത്താക്കാനും രാജി സമർപ്പിക്കാനും ഇനി അഡെക്കിന്റെ അനുമതി വേണം

Update: 2024-10-28 16:15 GMT
Advertising

അബൂദബിയിലെ സ്വകാര്യ സ്‌കൂളുകൾ നിയമനങ്ങൾക്ക് കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്. ആറ് സുപ്രധാന തസ്തികകളിൽ മുഴുസമയ ജീവനക്കാർ നിർബന്ധമാണെന്ന് വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് നിർദേശം നൽകി. ഇതിൽ ഒന്നുപോലും ഒഴിച്ചിടാൻ പാടില്ല. അധ്യാപകരെ പുറത്താക്കാനും രാജി സമർപ്പിക്കാനും ഇനി അഡെക്കിന്റെ അനുമതി വേണം.

അബൂദബിയിലെ സ്വകാര്യ സ്‌കൂളുകളിൽ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, ചീഫ് ഇൻറഗ്രേഷൻ ഓഫിസർ, ഹെൽത് ആൻഡ് സെക്യൂരിറ്റി ഓഫിസർ, സോഷ്യൽ വർക്കർ, നഴ്സ് എന്നീ ആറ് തസ്തകകളിൽ മുഴുവൻ സമയ ജീവനക്കാർ ഇനി നിർബന്ധമായിരിക്കും സ്‌കൂളിൽ ക്ലിനിക്ക്, പുകവലി രഹിത കാമ്പസ് എന്നിവ ഈവർഷം ഉറപ്പാക്കണം. ഉയർന്ന ഗ്രേഡുള്ള സ്‌കൂളിൽ കരിയർ, യൂനിവേഴ്സിറ്റി കൗൺസിലർ പദവികളിൽ ജീവനക്കാർ വേണം. അതേസമയം, 500 കുട്ടികളിൽ കുറവുള്ള പുതിയ സ്‌കൂളുകളിൽ ആദ്യ അഞ്ചുവർഷം വൈസ് പ്രിൻസിപ്പൽ വേണമെന്ന വ്യവസ്ഥയിൽ ഇളവുണ്ടാകും. പകരം ആക്ടിങ് സീനിയർ അക്കാദമിക് ലീഡറുണ്ടാകണം.

യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാത്ത നിലവിലെ ജീവനക്കാർക്ക് പദവികളിൽ തുടരാനുള്ള മാനദണ്ഡങ്ങളും അഡെക് വ്യക്തമാക്കി. അധ്യാപന പരിചയമില്ലാതെ ലീഡർഷിപ് പദവികളിൽ തുടരുന്ന ജീവനക്കാർ 2026-2027 അകാദമിക വർഷത്തിലെ ആദ്യ സെമസ്റ്ററിന് മുമ്പ് ലീഡർഷിപ്പ് ലൈസൻസ് നേടണം. അധ്യാപക യോഗ്യതാ സർട്ടിഫിക്കറ്റില്ലാത്തവർ തൊഴിൽ കരാർ പുതുക്കിയിട്ടുണ്ടെങ്കിൽ ജോലിയിൽ തുടരാം. അല്ലെങ്കിൽ ലെവൽ 6 യോഗ്യത കരസ്ഥമാക്കി മറ്റൊരു സ്‌കൂളിൽ പുതിയ ജോലിക്ക് ചേരാം. അല്ലാത്തപക്ഷം, അടുത്ത അധ്യയന വർഷത്തോടെ അധ്യാപന ലൈസൻസ് നേടണം.

അധ്യാപന യോഗ്യതനേടാൻ ശ്രമം നടത്തുന്നതിന്റെ രേഖകൾ ഹാജരാക്കിയാലും തൊഴിൽ കരാർ പുതുക്കാം. ഒരേ മാനേജ്മെൻറിന് കീഴിലുള്ള ജീവനക്കാരുടെ ആഭ്യന്തര സ്ഥലംമാറ്റം ഒഴികെയുള്ള നിയമനങ്ങൾക്ക് വിദ്യാഭ്യാസ വകുപ്പിൻറെ പുതിയ യോഗ്യതാ മാനദണ്ഡം പാലിച്ചിരിക്കണം. അധ്യാപകരെ പുറത്താക്കാനും, അധ്യാപകർക്ക് രാജി വെക്കാനും അഡെക്കിന്റെ മുൻകൂർ അനുമതി നേടിയിരിക്കണമെന്നും പുതിയ റിക്രൂട്ട്‌മെന്റ് നയത്തിൽ പറയുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News