കുഞ്ഞ് തട്ടി വീണാല്‍ അവഗണിക്കരുതേ...

Update: 2018-06-01 18:35 GMT
കുഞ്ഞ് തട്ടി വീണാല്‍ അവഗണിക്കരുതേ...
Advertising

കുഞ്ഞുങ്ങൾ വീണോ മറ്റോ തലയ്ക്ക് മുറിവുണ്ടായാലോ, തല മുഴച്ചാലോ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് പൊതുവേ മാതാപിതാക്കളുടെ സംശയമാണ്. കൂട്ടത്തിൽ ഇവ ഒഴിവാക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ എന്നതും.

കുട്ടിക്കുറുമ്പന്മാരും കുറുമ്പികളും വളര്‍ച്ചയുടെ പടവുകളില്‍ കാണിച്ചുകൂട്ടുന്ന കുറുമ്പുകള്‍ക്ക് ഒരു കുറവുമുണ്ടാവില്ല.. ആ കുറുമ്പു മൂലം അവര്‍ക്ക് പറ്റുന്ന പരിക്കുകള്‍ക്കും. കുട്ടികള്‍ക്കുണ്ടാകുന്ന വീഴ്ചയും തുടര്‍ന്നുണ്ടാകുന്ന പരിക്കുകളിലും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് ഈ ലേഖനം.

ആരോഗ്യരംഗത്തെ വ്യാജപ്രചാരണങ്ങളെ പ്രതിരോധിയ്ക്കാനും പൊതുജനാരോഗ്യം സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ പങ്കുവയ്ക്കാനും ഒരു കൂട്ടം യുവ ഡോക്ടര്‍മാര്‍ ആരംഭിച്ച ഇന്‍ഫോ ക്ലിനിക് എന്ന ഫേസ്‌ബുക്ക് പേജിലാണ് ഉണ്ണിക്കാലിടറുമ്പോള്‍ കൈത്താങ്ങും കരുതലും എന്ന പേരില്‍ ഈ കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മാതാപിതാക്കൾക്ക് അത്യധികം മനോവേദന ഉണ്ടാക്കുന്നവയാണ് കുട്ടികൾക്കുണ്ടാവുന്ന വീഴ്ചയും തുടർന്നുണ്ടാകുന്ന പരിക്കുകളും. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ തലക്കേൽക്കുന്ന മുറിവുകളും ക്ഷതങ്ങളും. എന്നാൽ വേവലാതി തീർത്തും അസ്ഥാനത്താണ് എന്ന് പറഞ്ഞുകൂടാ. ചിലപ്പോഴെങ്കിലും ഇതവഗണിക്കുന്നതും തെറ്റാവും. കുഞ്ഞുങ്ങൾ വീണോ മറ്റോ തലയ്ക്ക് മുറിവുണ്ടായാലോ, തല മുഴച്ചാലോ എന്തൊക്കെ ശ്രദ്ധിക്കണമെന്നത് പൊതുവേ മാതാപിതാക്കളുടെ സംശയമാണ്. കൂട്ടത്തിൽ ഇവ ഒഴിവാക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങളുണ്ടോ എന്നതും.

കുട്ടികൾ വളർച്ചയുടെ പടവുകൾ കയറുമ്പോൾ കുഞ്ഞുകുഞ്ഞു വീഴ്ചകൾ സ്വാഭാവികമാണ്. ഇരിക്കാൻ, ഇഴയാൻ, മുട്ടുകുത്തി നടക്കാൻ, പിച്ചവെച്ച് നടക്കാൻ... എല്ലാം വീഴ്ചകളും അകമ്പടിയായുണ്ടാവും. അമ്മയ്ക്കും അച്ഛനുമെല്ലാം സന്തോഷവും കുഞ്ഞുവേദനയും സമ്മാനിക്കുന്ന ഈ കുഞ്ഞു വീഴ്ചകൾ, കുട്ടികൾ ചാട്ടവും ഓട്ടവും തുടങ്ങുമ്പോൾ അതിന്റെ പാരമ്യത്തിലെത്തും. കൂടെ കുട്ടിക്കുറുമ്പുകളും ചേരുമ്പോൾ ഒരു കുഞ്ഞിന്റെ പുറകെ നടക്കാൻ ഒരു പട തന്നെ വേണമെന്നാവും.

പഴമക്കാർ പറയാറുള്ളത് ഉണ്ണികൾ വീണാൽ ഭൂമീദേവി താങ്ങും എന്നാണ്. ഈ ചൊല്ല് ശരിവെക്കും വിധം ഭൂരിഭാഗം വീഴ്ചകളും കുട്ടികളിൽ സാരമായ പരിക്കൊന്നും ഉണ്ടാക്കുന്നില്ല. തലയോട്ടിയെ ആവരണം ചെയ്യുന്ന ശിരോ ചർമ്മത്തിനാണ് സാധാരണ കൂടുതൽ പരിക്കുണ്ടാകുന്നത്. ബാഹ്യമായുള്ള ഇത്തരം പരിക്കുകൾ സാരമുള്ളതല്ലെങ്കിലും മാതാപിതാക്കളെ അങ്ങേയറ്റം പരിഭ്രാന്തരാക്കും.

ശിരോചർമ്മത്തിൽ രക്തക്കുഴലുകൾ ഏറെയുള്ളതിനാൽ ചെറിയ മുറിവ് പോലും ഒരുപാട് രക്തസ്രാവം ഉണ്ടാക്കും. രക്തസ്രാവവും നീർക്കെട്ടും ചതവുമെല്ലാം തലയിൽ മുഴയായി രൂപാന്തരപ്പെടാം. തലയിലുണ്ടാകുന്ന ആന്തരികമായ പരിക്ക് തലയോട്ടി, തലച്ചോർ, രക്തക്കുഴലുകൾ എന്നിവയെ ബാധിക്കാം. യഥാസമയം കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ ജീവാപായം വരെ സംഭവിക്കാനിടയുണ്ട്.

കുട്ടികൾ തലയടിച്ച് വീഴുമ്പോൾ ഇത്തരത്തിൽ ഗുരുതരമായ ആന്തരിക പരിക്കുകൾ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടത് പരമപ്രധാനമാണ്. കുഞ്ഞ് വീണതിന് ശേഷം അൽപ്പസമയം കരയുന്നത് സ്വാഭാവികമാണ്. അതിനെത്തുടർന്ന് കുട്ടി പതിവിൻപടി കളിയും ചിരിയുമായി ഇരിക്കുന്നുവെങ്കിൽ സാധാരണ ഗതിയിൽ പേടിക്കാനില്ല. എന്നാൽ നിർത്താത്ത കരച്ചിലോ ദേഹത്ത് തൊടുമ്പോൾ ഉള്ള കരച്ചിലോ ഉണ്ടോയെന്ന് ശ്രദ്ധിക്കണം. കുട്ടി കൈകാലുകൾ ചലിപ്പിക്കാതിരിക്കുന്നുണ്ടോ എന്നു നിരീക്ഷിക്കണം. കയ്യിനോ കാലിനോ പരുക്കുണ്ടെങ്കിൽ കൊച്ചുകുട്ടികൾ ആ ഭാഗം അനക്കാതെ പിടിക്കുകയും തൊട്ടു നോക്കുമ്പോൾ കരയുകയും ചെയ്യും. മുതിർന്ന കുട്ടികൾ പരുക്കു പറ്റിയ കൈ തൊടീക്കാതിരിക്കുകയോ മറ്റേ കൈ കൊണ്ട് പരുക്ക് പറ്റിയ ഭാഗം ചൂണ്ടിക്കാണിക്കുകയോ ചെയ്യും. നടന്നു തുടങ്ങിയ കുട്ടികളാണെങ്കിൽ പരുക്ക് പറ്റിയതിനു ശേഷം നടക്കാൻ കൂട്ടാക്കില്ല. ഇവ മാതാപിതാക്കൾ ശ്രദ്ധിക്കുന്നതാണ് മടക്കി നിവർത്തി നോക്കുന്നതിനേക്കാൾ നല്ലത്. നേരിയ പൊട്ടലോ ക്ഷതമോ സംഭവിച്ചിട്ടുണ്ടെങ്കിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും.

ദേഹത്ത് പരിക്കുകളുണ്ടോ എന്ന് വിശദമായി നോക്കണം. തലയിൽ മുറിവോ ചതവോ മുഴകളോ ഉണ്ടോയെന്ന് നോക്കണം. കണ്ണിന് ചുറ്റുമോ ചെവിക്ക് പുറകിലോ ആയി രക്തം കല്ലിച്ച പാടുകൾ ഉണ്ടെങ്കിൽ അവ തലയോട്ടിക്കോ തലച്ചോറിനോ സംഭവിച്ച ക്ഷതത്തിന്റെ ലക്ഷണങ്ങളാവാം. റാക്കൂണിനെ പോലെയോ പാണ്ടയെപ്പോലെയോ കണ്ണിന് ചുറ്റും കറുത്ത വലയം പോലെ കാണുന്നതിന് Raccoon eyes / Panda eyes എന്നൊക്കെയാണ് വിശേഷണം. ഇത് തലയോട്ടിയുടെ അടിഭാഗത്തുള്ള എല്ലിന് പൊട്ടലുണ്ടാവുന്നതിനെത്തുടർന്നുള്ള രക്തസ്രാവം വ്യാപിക്കുന്നതിന്റെ ലക്ഷണമാവാം.
ചെവിയിൽ നിന്നോ മൂക്കിൽ നിന്നോ വരുന്ന രക്തമോ സ്രവമോ തലക്കേറ്റ പരിക്കിനെത്തുടർന്നുള്ള ആന്തരിക രക്തസ്രാവത്തിന്റെ ലക്ഷണമാകാം. ഇത്തരം സന്ദർഭങ്ങളിൽ ശക്തിയായി മൂക്കു ചീറ്റുന്നതോ ചുമയ്ക്കുന്നതോ രക്തസ്രാവം വർദ്ധിക്കുന്നതിന് കാരണമാകാം.

കൂടാതെ നിർത്താതെയുള്ള ഛർദ്ദി, ബോധക്ഷയം, മയക്കം, അപസ്മാരം, കാഴ്ചയിലും സംസാരത്തിലും വരുന്ന വ്യത്യാസങ്ങൾ, ശ്വസന പ്രക്രിയയിലുള്ള വ്യതിയാനം, നിൽക്കാനോ നടക്കാനോ ഉള്ള ബുദ്ധിമുട്ട് തുടങ്ങിയവ തലയുടെ പരിക്ക് ഗൗരവമുള്ളതാണ് എന്നതിന്റെ സൂചനകളാണ്. അടിയന്തിരമായി കുട്ടിക്ക് വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്. രോഗനിർണയത്തിനായി തലയുടെ സി.ടി.സ്കാൻ എടുക്കേണ്ടതായി വരാം.

ഇതിലുപരിയായി എന്തെങ്കിലും ഒരു പന്തിയില്ലായ്മ മാതാപിതാക്കൾക്ക് തോന്നുകയാണെങ്കിൽ മറ്റു ലക്ഷണങ്ങളൊന്നും കണ്ടില്ലെങ്കിൽ കൂടിയും കുട്ടിയെ ഡോക്ടറെ കാണിക്കുക. കുഞ്ഞിന്റെ ഒരു നേരിയ ഭാവമാറ്റം പോലും ഏറ്റവും നന്നായി തിരിച്ചറിയാൻ കഴിയുക മാതാപിതാക്കൾക്കല്ലാതെ മറ്റാർക്കാണ്!
നേരത്തേ സൂചിപ്പിച്ചതു പോലെ ശിരോചർമ്മത്തിലുണ്ടാകുന്ന തീരെ ചെറിയ മുറിവു പോലും വളരെയധികം രക്തസാവം ഉണ്ടാക്കാം. മനസ്സാന്നിധ്യം കൈവിടാതെ വൃത്തിയുള്ള പഞ്ഞിയോ, തുണിയോ വച്ച് മുറിവ് അഞ്ച് മിനിറ്റ് നേരം അമർത്തിപ്പിടിക്കണം. അണുവിമുക്തമാക്കിയ പഞ്ഞിയും ഗോസ് പാഡും ഉൾപ്പെട്ട ഫസ്റ്റ് എയ്ഡ് കിറ്റ് വീട്ടിൽ സൂക്ഷിക്കുന്നത് നന്നായിരിക്കും.

പലപ്പോഴും കണ്ടു വരുന്നത് ഇത്തരം മുറിവുകളിൽ ചായപ്പൊടി, കാപ്പിപ്പൊടി, മഞ്ഞൾപ്പൊടി മുതലായവ ഇട്ട് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുവരിക എന്നതാണ്. അടുക്കളയിൽ ഉപയോഗിക്കേണ്ട സാധനങ്ങൾ മുറിവിലിടുന്നത് അണുബാധക്ക് കാരണമാകുമെന്നതിന് പുറമേ മുറിവ് ഡ്രസ്സ് ചെയ്യാനോ തുന്നാനോ തുനിയുന്ന ഡോക്ടർക്ക് ഇരട്ടിപ്പണിയുമാവും. നീർക്കെട്ടോ ചതവോ മൂലമുണ്ടാകുന്ന മുഴകൾക്ക് മേൽ ഐസ് ക്യൂബ് തുണിയിൽ പൊതിഞ്ഞ് വെക്കാം. ഇത്തരം മുഴകൾ വലിഞ്ഞു പോകാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കാം. ചതവോ നീർക്കെട്ടോ ഉള്ള ഭാഗത്ത് അമർത്തിത്തിരുമ്മുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മാത്രവുമല്ല അത് കുഞ്ഞിന്റെ വേദന കൂട്ടുകയും ചെയ്യും.

പ്രത്യേകിച്ച് അപായസൂചനകളൊന്നും ഇല്ലെങ്കിൽ കൂടിയും തലയിടിച്ച് വീഴുന്ന കുട്ടികളെ ഇരുപത്തിനാലു മണിക്കൂർ നിരീക്ഷിക്കേണ്ടതാണ്. ഉറക്കത്തിന്റെ സമയമാണെങ്കിൽ ഉറക്കത്തിനിടെ കുട്ടിയെ ഉണർത്തി നോക്കി മയക്കത്തിലല്ലായെന്ന് ഉറപ്പ് വരുത്തണം.

ചെറിയ മുറിവുകളോ പരിക്കുകളോ സാധാരണ കുട്ടികളിൽ സാരമായ രക്തസ്രാവത്തിന് കാരണമാകാറില്ല. എന്നാൽ രക്തം കട്ടപിടിക്കുന്നതിന് തകരാറുള്ള ഹീമോഫീലിയ പോലുള്ള അസുഖങ്ങളിലും, പ്ലേറ്റ്‍ലെറ്റിന്റെ എണ്ണം കുറഞ്ഞു കാണപ്പെടുന്ന ചില അസുഖങ്ങളിലും ചെറിയ മുറിവുകൾ പോലും ഗൗരവമായ രക്തസ്രാവത്തിന് കാരണമായേക്കാം. അതു കൊണ്ട് ഇത്തരം കുട്ടികളുടെ കാര്യത്തിൽ സവിശേഷ ശ്രദ്ധ നൽകേണ്ടതുണ്ട്.

മുൻകരുതലുകൾ

  1. ഓരോ വീടും ശിശു സൗഹൃദ ഭവനമാവണം. കുട്ടികളെ മുന്നിൽ കണ്ടാവണം വീട് പണിയുന്നതും ക്രമീകരിക്കുന്നതും.
  2. കുട്ടികളുടെ കയ്യെത്തും ദൂരത്തുള്ള ഇലക്ട്രിക് സോക്കറ്റുകൾ ഒഴിവാക്കുക.
  3. മൂർച്ചയേറിയ വസ്തുക്കളും ഉപകരണങ്ങളും കുട്ടികൾക്ക് അപ്രാപ്യമായ സ്ഥലങ്ങളിൽ സൂക്ഷിക്കുക.
  4. സ്റ്റെയർ കേസുകളിൽ ചെറിയ കുട്ടികൾക്ക് കടക്കാനാവാത്ത വിധം ക്രോസ് ബാറുകൾ പിടിപ്പിക്കുക
  5. കുഞ്ഞുങ്ങളുടെ കയ്യിൽ കരിവളകൾ ഇടുന്നുവെങ്കിൽ കുപ്പിവളകൾ ഒഴിവാക്കുക
  6. സുരക്ഷിതമായ കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുക.
  7. സൈക്ലിംഗ്, സ്കേറ്റിംഗ്, ക്രിക്കറ്റ് തുടങ്ങിയ സ്പോർട്സ് ഇനങ്ങളിൽ നിർദ്ദിഷ്ട സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കുക.
  8. കട്ടിലിൽ നിന്നുള്ള വീഴ്ച ഒഴിവാക്കാൻ ബെഡ് നിലത്തിട്ട് കുട്ടികളെ കിടത്തുക.
  9. കുഞ്ഞിന്റെ ചിരി കാണാനായി, കുഞ്ഞിനെ മേലോട്ടെറിഞ്ഞ് പിടിക്കുന്നത് ഒഴിവാക്കുക. ആ ചിരി കാണാൻ വേറെ എത്രയോ മാർഗ്ഗങ്ങൾ നിങ്ങൾക്ക് കണ്ടെത്താനാവും!
  10. കുഞ്ഞുങ്ങളെ കിടത്തിയുറക്കാൻ കയറിൽ കൊരുത്ത് കെട്ടിയ തുണിത്തൊട്ടിലുകൾ ഉപയോഗിക്കാതിരിക്കുക.
  11. ബുദ്ധിമാന്ദ്യം, പെരുമാറ്റ വൈകല്യങ്ങൾ, എന്നിവയുള്ള കുട്ടികൾക്ക് വീണ് പരിക്കുകൾ പറ്റാൻ സാധ്യത കൂടുതലാണ്. ഇത്തരം പരിക്കുകൾ തടയാനായി അവരുടെ കൂടെ നിഴൽ പോലെ ഒരാൾ സദാ വേണ്ടി വരും.
  12. അപസ്മാര രോഗമുള്ള കുട്ടികൾക്ക് അപസ്മാര ബാധയെത്തുടർന്ന് പരിക്കുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

മാതാപിതാക്കളുടെ മേൽനോട്ടത്തിലുപരി മറ്റൊരു മുൻകരുതലുമില്ലെന്ന് ഓർക്കുക. ചെറിയ കുട്ടികളെ തനിച്ചു വിടരുത്. അവരുടെ മേൽ എപ്പോഴും ഒരു കണ്ണ് വേണം എന്ന് സാരം.

കുഞ്ഞുങ്ങൾ വീണുയർന്ന് വളർച്ചയുടെ പടവുകൾ കയറട്ടെ ...
നാളെ നമ്മൾ വീഴുമ്പോൾ നമുക്ക് കൈത്താങ്ങാവട്ടെ.

Full View
Tags:    

Similar News