മനുഷ്യന്‍ ആരോഗ്യം നശിപ്പിക്കുന്നു: ലോകത്ത് നാലിലൊരാള്‍ക്ക് വ്യായാമം ചെയ്യാന്‍ മടി

ജോലി മുതല്‍ യാത്ര വരെയുള്ള മിക്ക കാര്യങ്ങളും ഇരുന്നാണ് ആളുകള്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തെ ചലിപ്പിക്കുക എന്നത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നുവെന്ന് പഠനം പറയുന്നു

Update: 2018-09-06 05:56 GMT
Advertising

ലോക ജനസംഖ്യയിലെ നാലിലൊന്ന് ആളുകളും കായികാധ്വാനങ്ങളിലേര്‍പ്പെടാത്തവരാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. വ്യായാമം പോലുമില്ലാതെ നാലിലൊന്ന് പേരും ശാരീരിക മാനസിക ആരോഗ്യത്തെ നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുതിര്‍ന്നവരില്‍ 140 കോടി ആളുകളും ആരോഗ്യം നിലനിലനിര്‍ത്താന്‍ ആവശ്യമായ വ്യായാമം ചെയ്യുന്നില്ലെന്ന് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളില്‍ മൂന്നിലൊന്നും പുരുഷന്മാരില്‍ നാലിലൊന്നും പേര്‍ മതിയായ വ്യായാമം ചെയ്യുകയോ വേണ്ടത്ര ചലിക്കുകയോ ചെയ്യുന്നില്ല. സന്പന്ന രാജ്യങ്ങളിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. ജോലി മുതല്‍ യാത്ര വരെയുള്ള മിക്ക കാര്യങ്ങളും ഇരുന്നാണ് ആളുകള്‍ നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ ശരീരത്തെ ചലിപ്പിക്കുക എന്നത് അടിയന്തര ആവശ്യമായി മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ്, ചില തരം ക്യാന്‍സര്‍, തുടങ്ങിയ രോഗങ്ങള്‍ക്ക് വ്യായാമക്കുറവ് കാരണമാകുന്നുവെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആഴ്ച തോറും കുറഞ്ഞത് 150 മിനിറ്റ് മിതമായും, അല്ലെങ്കില്‍ 75 മിനിറ്റ് തീവ്രമായും വ്യായാമം ചെയ്യണമെന്നതാണ് സംഘടനയുടെ നിര്‍ദേശം. പ്രതിദിനം അധ്വാനിക്കുന്ന വികസ്വര രാജ്യങ്ങളിലെ പകുതിയിലധികം പേരും ആരോഗ്യമുള്ളവരാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വികസിത രാജ്യങ്ങളില്‍ 37 ശതമാനം പേരും കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാത്തവരോ വേണ്ടത്ര വ്യായാമം ചെയ്യാത്തവരോ ആണ്. എന്നാല്‍ അവികസിത രാഷ്ട്രങ്ങളില്‍ ഇത് 16 ശതമാനം മാത്രമാണ്.

Tags:    

Similar News