പോഷകസമൃദ്ധം കശുമാങ്ങയും കശുവണ്ടിയും
വിറ്റാമിന്‍ സി ഏറെയുണ്ട് കശുമാങ്ങയില്‍.
നമ്മുടെ നാട്ടില്‍ വ്യാപകമായി കാണുന്ന വൃക്ഷമാണ് കശുമാവ്. ബ്രസീലാണ് കശുമാവിന്‍റെ ജന്മദേശം. കേരളത്തിലേക്ക് കശുമാവിനെ എത്തിച്ചത് പോര്‍ച്ചുഗീസുകാരാണ്. അതുകൊണ്ടുതന്നെ ചിലയിടങ്ങളിലൊക്കെ പറങ്കിമാവെന്നും അറിയപ്പെടുന്നു.
കശുവണ്ടിയെടുത്ത ശേഷം കശുമാങ്ങ വലിച്ചെറിയുന്നതാണ് നമ്മുടെ ശീലം. നമ്മള്‍ വലിച്ചെറിയുന്ന കശുമാങ്ങ ചില്ലറക്കാരനല്ല. വിറ്റാമിന്‍ സി ഏറെയുണ്ട് കശുമാങ്ങയില്‍. പഴത്തിന്‍റെ നീര് ഛര്‍ദിയും അതിസാരവും തടയാന്‍ നല്ലതാണ്. സ്ക്വാഷ് ഉണ്ടാക്കാനും പഴച്ചാറ് ഉപയോഗിക്കാറുണ്ട്. കശുമാങ്ങയില്‍ ശരീരത്തിനാവശ്യമായ അന്നജവും കരോട്ടിനും മാംസ്യവുമെല്ലാം അടങ്ങിയിട്ടുണ്ട്.
പല്ലുവേദന, വയറിളക്കം, മൂത്രതടസ്സം എന്നിവ മാറാന്‍ കശുമാവിന്‍റെ ഇല നല്ലതാണ്. കശുവണ്ടി ഉണക്കി വറുത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നല്ല പോഷകാഹാരമാണിത്. കശുമാവിന്‍റെ തടിയില്‍ നിന്ന് ലഭിക്കുന്ന കറ ജൈവ കീടനാശിനിയായി ഉപയോഗിക്കാവുന്നതാണ്.