'10,000 ഒന്നും വേണ്ട, ദിവസവും 4000 അടി നടക്കാമോ?'; അകാല മരണത്തിനുള്ള സാധ്യത കുറക്കുമെന്ന് പഠനം
ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുക, സമ്മർദം കുറക്കുക, രക്തസമ്മർദ്ദം കുറക്കുക തുടങ്ങിയവയാണ് അതിരാവിലെയുള്ള നടത്തത്തിന്റെ ഗുണങ്ങൾ
പ്രതിദിനം 4000 ചുവടുകൾ നടക്കുന്നത് അസുഖങ്ങൾ മൂലമുള്ള അകാലമരണത്തിനുള്ള സാധ്യത കുറക്കുമെന്ന് പുതിയ പഠനങ്ങൾ. ഡോക്ടറെ അകറ്റി നിർത്താൻ ഒരാൾ ഒരു ദിവസം 10,000 ചുവടുകൾ നടക്കേണ്ടതില്ലെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. അതിന് പകരം 4000 അടി നടന്നാൽ മതിയെന്നാണ് യൂറോപ്യൻ ജേണൽ ഓഫ് പ്രിവന്റീവ് കാർഡിയോളജിയുടെ ഗവേഷണം പറയുന്നത്. അതേസമയം, 10,000 അടി നടക്കുന്നവരുടെ മനോവീര്യം കുറക്കാനല്ല ഈ കണ്ടെത്തലുകളെന്നും ഇത്രയും നടക്കാൻ കഴിയാത്തവർക്ക് പ്രതീക്ഷ നൽകാനാണ് ഇതെന്നും ഗവേഷണ സംഘത്തിന്റെ ഭാഗമായിരുന്ന പ്രിവന്റീവ് കാർഡിയോളജി പ്രൊഫസറായ മസീജ് ബനാച്ച് പറയുന്നു.
ശരീരത്തിലെ കൊഴുപ്പ് എരിച്ചുകളയുക, സമ്മർദം കുറയ്ക്കുക, രക്തസമ്മർദ്ദം കുറയ്ക്കുക തുടങ്ങിയവയാണ് അതിരാവിലെയുള്ള നടത്തത്തിന്റെ ഗുണങ്ങൾ. എല്ലാവർക്കും ജിമ്മിൽ പോയി വ്യായാമം ചെയ്യാൻ സാധിച്ചെന്ന് വരില്ല. എന്നാൽ വ്യായാമം ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം നാം ഇരിക്കുകയോ നടക്കുകയോ ചെയ്യുന്നുണ്ട്.
കലോറി എരിച്ചുകളയാനുള്ള എളുപ്പവഴിയാണ് നടത്തം. നടത്തിന്റെ യഥാർഥ ഗുണം ലഭിക്കണമെങ്കിൽ അതിരാവിലെ നടക്കുന്നതാണ് നല്ലതെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. 2,337 അടി ദിവസവും നടന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങളെ ചെറുക്കാനാകും. 3,967 അടി നടന്നാൽ നേരത്തെയുള്ള മരണം ഒഴിവാക്കാനാകുമെന്നും പഠനം പറയുന്നു. 10,000 ചുവടുകൾ നടക്കുകയാണെങ്കിൽ നിങ്ങളുടെ ആരോഗ്യം ഒരുപാട് മെച്ചപ്പെടും. പല രോഗങ്ങളെയും തടയാൻ സാധിക്കും. എന്നാൽ 4000 ന് മുകളിലുള്ള ഓരോ 1000 ചുവടുകൾക്കും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റി ഓഫ് മസാച്യുസെറ്റ്സ് ആംഹെർസ്റ്റ് നടത്തിയ പഠനത്തിൽ പറയുന്നു.