കാൻസർ സാധ്യത കുറക്കും, ശരീരഭാരം കുറക്കും..; പെരുംജീരകത്തിന്റെ ഗുണങ്ങൾ അറിയാം

നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് പെരുംജീരകം

Update: 2023-09-05 12:15 GMT
Editor : Lissy P | By : Web Desk
Advertising

ആഹാരസാധനങ്ങൾ പാകം ചെയ്യുമ്പോൾ രുചിക്ക് വേണ്ടിയാണ് പെരുംജീരകം ചേർക്കാറുള്ളത്. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ പെരുംജീരകത്തിൽ ധാരാളമുണ്ട്. കൂടാതെ, ദഹനത്തെ സഹായിക്കുന്നതിനും വയറുവേദന കുറയ്ക്കുന്നതിനും പെരുംജീരകം സഹായിക്കും. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുൾപ്പെടെയുള്ള പോഷകങ്ങളാൽ സമ്പുഷ്ടമാണ് പെരുംജീരകം. പെരുംജീരകം കഴിക്കുന്നത് ഹൃദയാരോഗ്യത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ' വെബ്എംഡി' റിപ്പോർട്ട് ചെയ്യുന്നു.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു

പെരുംജീരകത്തിന്റെ നിരവധി ഗുണങ്ങളിൽ ഒന്ന് ശരീരഭാരം കുറയ്ക്കലാണ്. ഇതിലെ പോഷകങ്ങൾ ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. പെരുംജീരകം ശരീരത്തിലെത്തുമ്പോൾ വയറ് നിറഞ്ഞതായി തോന്നും. കൂടാതെ വിശപ്പ് കുറക്കുകയും ചെയ്യും.

മെറ്റബോളിസം വർധിപ്പിച്ച് ശരീരഭാരം കുറയ്ക്കാൻ പെരുംജീരകം സഹായിക്കുന്നു. ചെറുചൂടുവെള്ളത്തിൽ പെരുംജീരകം പൊടിച്ചതോ, ഇതിന്റെ സത്തോ ചേർത്ത് വെറും വയറ്റിൽ കഴിക്കാം.

ചർമ്മത്തിന്റെ ആരോഗ്യത്തിന്

പെരുംജീരകത്തിലെ എക്‌സ്ട്രാക്റ്റുകൾ ചർമ്മകോശങ്ങളുടെ ആരോഗ്യത്തോടെ നിലനിർത്തുന്നു. സെലിനിയം, സിങ്ക്, പൊട്ടാസ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഓക്‌സിജൻ ബാലൻസ് നിലനിർത്താനും ഹോർമോൺ പ്രവർത്തനം നിയന്ത്രിക്കാനും സഹായിക്കുന്നു. ചുണങ്ങ്, മുഖക്കുരു, ചർമ്മത്തിന്റെ വരൾച്ച എന്നിവ കുറക്കാൻ ഇത് സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

മലബന്ധത്തിനും ദഹനത്തിനും

മലബന്ധം, വീക്കം, ദഹനക്കേട് എന്നിവ ഒഴിവാക്കാൻ സഹായിക്കുന്ന ആന്റിസ്പാസ്‌മോഡിക്, ആൻറി-ഇൻഫ്‌ലമേറ്ററി ഗുണങ്ങളുള്ള അവശ്യ എണ്ണകൾ പെരുംജീരകത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ ഭക്ഷണം ദഹിക്കാൻ സഹായിക്കുന്നു.

കാൻസർ സാധ്യത കുറക്കുന്നു

പെരുംജീരകം വിത്തുകളിലെ ആന്റിഓക്സിഡന്റ് ഉള്ളടക്കത്തിന് കാൻസർ അടക്കമുള്ള രോഗത്തെ തടയാൻ സഹായിക്കുന്ന ഗുണങ്ങളുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പെരുംജീരകത്തിൽ ധാരാളം വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി വർധിപ്പിക്കാൻ സഹായിക്കുന്നു. ഗ്ലാക്കോമ ഭേദമാക്കാൻ പെരുംജീരകം വിത്തിൽ നിന്നുള്ള സത്തുകൾ ഉപയോഗിക്കാറുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News