ഭക്ഷണ ശേഷം ചാടിക്കയറി ഉറങ്ങുന്നവരോട്; 10 മിനിറ്റ് നടന്നു നോക്കൂ, മാറ്റം അനുഭവിച്ചറിയാം...

ഹൃദയാരോഗ്യം വർധിപ്പിക്കാൻ നടത്തം നല്ലൊരു വ്യായാമമാണ്

Update: 2023-09-25 07:16 GMT
Editor : Lissy P | By : Web Desk
Advertising

അത്താഴം കഴിച്ച ഉടൻ തന്നെ കിടക്കരുതെന്ന് മുതിർന്നവർ ഉപദേശിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ടാകും. കുറച്ച് നേരം നടന്നിട്ടൊക്കെ ഉറങ്ങാമെന്ന്  അവർ നിരന്തരം ഓർമിപ്പിക്കാറുണ്ട്. എന്നാൽ നമ്മളിൽ പലരും അത് ചെവിക്കൊള്ളാറില്ലെന്നതാണ് സത്യം. പക്ഷേ അവർ പറയുന്നതിൽ ചെറുതല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. 

ഭക്ഷണത്തിന് ശേഷം നടക്കുന്നത് ദഹനത്തെ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വർധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം നൽകുകയും ചെയ്യുന്നു. അതേസമയം, ഭക്ഷണം കഴിച്ചിട്ട് കിലോമീറ്ററുകളോളം നടക്കണം എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. 10 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ മാത്രം നടന്നാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അത്താഴ ശേഷം നടക്കുന്നതിന്‍റെ ഗുണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...


രക്തത്തിലെ പഞ്ചസാര കുറക്കാൻ സഹായിക്കുന്നു

ഭക്ഷണം കഴിച്ച ശേഷം  ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കും. കുറച്ച് സമയം നടക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാൻ സഹായിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത്  ടൈപ്പ് 2 പ്രമേഹക്കാരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നുണ്ടെന്ന് 2009-ൽ പബ്‌മെഡിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യം വർധിപ്പിക്കാൻ നടത്തം നല്ലൊരു വ്യായാമമാണ്. സ്ഥിരമായി നടക്കുന്നത് രക്തചംക്രമണം സുഗമാക്കുകയും ധമനികളുടെ കാഠിന്യം കുറക്കുകയും ഇതുവഴി രക്തസമ്മർദം കുറക്കാൻ സഹായിക്കുകയും ചെയ്യും. എൽഡിഎൽ അല്ലെങ്കിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും എച്ച്ഡിഎൽ കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും നടത്തം സഹായിക്കുന്നുണ്ട്. ഇതുവഴി ഹൃദ്രോഗസാധ്യത കുറയ്ക്കുന്നു. അത്താഴത്തിന് ശേഷം നടക്കുന്നതും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള മാർഗമാണ്.


നല്ല ഉറക്കത്തിന്

ഭക്ഷണത്തിന് ശേഷം നടക്കുന്നത് നല്ല ഉറക്കം നൽകാൻ സഹായിക്കുന്നു. നടത്തിലൂടെ ഭക്ഷണശേഷമുള്ള അസ്വസ്ഥത കുറക്കാനും സഹായകമാകും. ദഹനം സുഗമമാക്കാനും മെറ്റബോളിസത്തെ പ്രോത്സാഹിപ്പിക്കാനും ഇതുവഴി സാധിക്കുന്നു. ഭക്ഷണം കഴിച്ച ഉടൻ ഉറങ്ങുന്നവരേക്കാൾ അൽപ ദൂരം നടന്നതിന് ശേഷം ഉറങ്ങുന്നവർക്ക് ശാന്തവും ദീർഘവുമായ ഉറക്കം ലഭിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. 


മാനസികാരോഗ്യത്തിന്

ഭക്ഷണത്തിന് ശേഷമുള്ള ചെറു നടത്തം മാനസികാരോഗ്യത്തെ സ്വാധീനിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഹാപ്പി ഹോർമോണുകൾ എന്നറിയപ്പെടുന്ന എൻഡോർഫിനുകളുടെ അളവ് കൂട്ടാനും നടത്തം സഹായിക്കും. വ്യായാമത്തിൽ ഏർപ്പെടുമ്പോൾ ശരീരം ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ഹാപ്പി ഹോർമോണുകളെയും പുറത്തുവിടുന്നുണ്ട്. ഇവ വിഷാദവും ഉത്കണ്ഠയും കുറക്കുന്നതിന് സഹായിക്കും. കൂടാതെ, നടക്കുന്ന സമയത്ത് പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും നമ്മുടെ ചിന്തകളെയും സ്വാധീനിക്കും. ഇതുവഴി മനസിലെ സംഘർഷങ്ങൾ കുറക്കാനും വിഷാദം ഇല്ലാതാകുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. അതിനോടൊപ്പം തന്നെ നടത്തം ദഹനം വേഗത്തിലാക്കാൻ സഹായിക്കുമെന്ന് 2020 ൽ പബ്‌മെഡിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News