'ബാക്ടീരിയ ഭക്ഷണത്തിന്‍റെ പേര് നോക്കിയിട്ടല്ല കയറുന്നത്': കുഴിമന്തി, ഷവർമ ബഹിഷ്കരണത്തിനെതിരെ ഡോക്ടര്‍
'ഒരാൾ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ. കുളംകലക്കൽ നശിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയാണ്'
ബാക്ടീരിയ ഭക്ഷണത്തിന്‍റെ പേര് നോക്കിയിട്ടല്ല കയറുന്നതെന്നും ഭക്ഷണം ഉണ്ടാക്കുന്നതിലും സൂക്ഷിക്കുന്നതിലും ശ്രദ്ധിച്ചില്ലെങ്കില്‍ ഏത് ഭക്ഷണവും പ്രശ്നമുണ്ടാക്കാമെന്നും ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്. "ഷവർമ, കുഴിമന്തി എന്നീ ആരോഗ്യത്തെ നശിപ്പിക്കുന്ന അറബി ഭക്ഷണങ്ങൾ ഒഴിവാക്കുക. കേരളത്തിന്‍റെ തനത് ഭക്ഷണ ശൈലിയിലേക്ക് തിരിച്ചു പോവുക" എന്ന പ്രചാരണത്തിനെതിരെയാണ് ഡോക്ടറുടെ കുറിപ്പ്.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉണ്ടായാൽ ഏത് തരം ഭക്ഷണമാണെങ്കിലും ആരോഗ്യത്തിനു പല രീതിയിലും ഹാനികരമാവാം. അതിനെക്കാളൊക്കെ വലിയ ദുരന്തമായാണ് ഇതുപോലെയുള്ള കുളംകലക്കലുകൾ. ഒരാൾ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ. ഇത് നശിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയാണ്. എന്താണ് കേരളത്തിന്‍റെ ഈ "തനത്" ഭക്ഷണമെന്നും ഡോക്ടര്‍ ചോദിക്കുന്നു.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയയൊക്കെ എന്ത്!! ഇത് അതിനെക്കാൾ കഷ്ടമാണ്. "ഷവർമ, കുഴിമന്തി എന്നീ ആരോഗ്യത്തെ നശിപ്പിക്കുന്ന അറബി ഭക്ഷണങ്ങൾ ഒഴിവാക്കുക... കേരളത്തിന്‍റെ തനത് ഭക്ഷണ ശൈലിയിലേക്ക് തിരിച്ചു പോവുക..." അതിൽ ഷവർമയും കുഴിമന്തിയും അറബികും ഹൈലൈറ്റ് ചെയ്തു കൊടുത്തിരിക്കുന്നു. പിന്നേ, ബാക്ടീരിയ ഭക്ഷണത്തിന്‍റെ പേര് നോക്കിയിട്ടാണല്ലോ കയറിയിരിക്കുന്നതും ടോക്സിൻ ഉണ്ടാക്കുന്നതും.
ഭക്ഷണം ഉണ്ടാക്കുന്നതിലും സൂക്ഷിക്കുന്നതിലും ആവശ്യത്തിനു ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഏത് ഭക്ഷണവും പ്രശ്നമുണ്ടാക്കാം. അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഉണ്ടായാൽ ഏത് തരം ഭക്ഷണമാണെങ്കിലും ആരോഗ്യത്തിനു പല രീതിയിലും ഹാനികരമാവാം. അതിനെക്കാളൊക്കെ വലിയ ദുരന്തമായാണ് ഇതുപോലെയുള്ള കുളംകലക്കലുകൾ.
ഒരാൾ കഴിക്കുന്ന മോശം ഭക്ഷണം ഒരാളുടെ ആരോഗ്യമേ നശിപ്പിക്കൂ. ഇത് നശിപ്പിക്കുന്നത് ഒരു സമൂഹത്തിന്റെ ആരോഗ്യത്തെയാണ്. അതവിടെ നിക്കട്ട്.. എന്താ കേരളത്തിന്‍റെ ഈ "തനത്" ഭക്ഷണം?