വെള്ളം കുടിച്ചാൽ പോരാ.. കുപ്പിയുടെ കാര്യത്തിലും വേണം ജാഗ്രത; കുപ്പിവെള്ളം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശുദ്ധമായ വെള്ളം കുടിക്കാൻ നാം ഏറെയും ആശ്രയിക്കുന്നത് മിനറൽ വാട്ടറിനെയാണ്. പ്രത്യേകിച്ചും ചൂട് കാലത്ത് പുറത്ത് പോയാൽ മിനറൽ വാട്ടറിന്റെ ഉപയോഗം കൂടുതലാണ്
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒന്നാണ് വെള്ളം. വെള്ളത്തിന്റെ കുറവ് പല രോഗങ്ങൾക്കും കാരണമാകും. പ്രധാനമായും വേനൽ ചൂട് കനക്കുന്ന സമയങ്ങളിൽ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ഏറെ പ്രധാനമാണ്. വേനലിൽ ശരീരത്തിൽ ജലാംശം കുറയുന്നത് പല തരത്തിലുള്ള രോഗങ്ങൾക്കും കാരണമാവും. എന്നാൽ കുടിക്കുന്ന വെള്ളത്തിന്റെ കാര്യത്തിൽ ചെലുത്തുന്ന ശ്രദ്ധ കുപ്പിയിലും വേണം. ശുദ്ധമായ വെള്ളം കുടിക്കാൻ നാം ഏറെയും ആശ്രയിക്കുന്നത് മിനറൽ വാട്ടറിനെയാണ്. പ്രത്യേകിച്ചും ചൂട് കാലത്ത് പുറത്ത് പോയാൽ മിനറൽ വാട്ടറിന്റെ ഉപയോഗം കൂടുതലാണ്.
പൊതുവേ ശുദ്ധജലമെന്ന ധാരണയാണ് പലപ്പോഴും ഇവ വാങ്ങി ഉപയോഗിക്കാനുള്ള കാരണം. എന്നാൽ മിനറൽ വാട്ടർ വാങ്ങുമ്പോൾ കുപ്പിയുടെ കാര്യത്തിൽ ആവശ്യമായ ശ്രദ്ധ നാം കൊടുക്കാറില്ല. ബ്രാന്റഡ് കമ്പനികളുടെ വെള്ളം വാങ്ങി ഉപയോഗിക്കുമ്പോഴും ഇത്തരം കുപ്പികളുടെ സുരക്ഷിതത്വത്തെ കുറിച്ചുള്ള അറിവ് പലർക്കും പരിമിതമാണ്.
കുപ്പിയുടെ മുകളിലുള്ള നമ്പർ
കുപ്പിവെള്ളം വാങ്ങുമ്പോൾ സാധാരണഗതിയിൽ അതിനു മുകളിൽ ഒരു നമ്പർ എഴുതിയിട്ടുണ്ടാവും. എന്നാൽ പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കാറില്ല. ഒന്ന് (1) എന്ന നമ്പർ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഇത്തരം കുപ്പികൾ ഒരു പ്രാവശ്യം മാത്രം ഉപയോഗിയ്ക്കുന്നവയാണ്. രണ്ടാമതൊരു തവണ ഇത് ഉപയോഗിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവും. പല തവണ ഇതുപയോഗിക്കുമ്പോള്‍ പ്ലാസ്റ്റിക്കിലെ ബിസ്ഫിനോൾ എന്ന ഘടകം വെള്ളത്തിലൂടെ ശരീരത്തിലെത്തുന്നു. ഇത് ചർമത്തിനും ആരോഗ്യത്തിനും പ്രത്യുൽപാദന ശേഷിയ്ക്കുമെല്ലാം ദോഷമുണ്ടാക്കുന്നതാണ്.
ചൂടുള്ള സ്ഥലങ്ങളിൽ വയ്ക്കരുത്
സാധാരണ നമ്മൾ യാത്ര പോവുമ്പോൾ കുപ്പിവെള്ളം വാഹനത്തിന്റെ പുറകിൽ വയ്ക്കുന്നത് സാധാരണയാണ്. വെയിലത്ത് വാഹനം പാർക്ക് ചെയ്യുമ്പോൾ വെള്ളത്തിന്റെ കുപ്പി ചൂടാവുകയും അത് പിന്നീട് നമ്മൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശരീരത്തിന് വളരെയേറെ ദോശകരമാണ്. ഇങ്ങനെ ഉപയോഗിക്കുമ്പോൾ ബിസ്ഫിനോൾ എ എന്ന ഘടകം വെള്ളത്തിലൂടെ നമ്മുടെ ശരീരത്തിൽ എത്തുന്നു
2,5 എന്ന നമ്പർ രേഖപ്പെടുത്തിയ വെള്ളം വാങ്ങുക
മിനറൽ വാട്ടർ വാങ്ങി ഉപയോഗിക്കുമ്പോൾ കുപ്പിയുടെ അടിയിൽ 2 അല്ലെങ്കിൽ 5 എന്നീ നമ്പറുകൾ രേഖപ്പെടുത്തിയിരിക്കുന്നെങ്കിൽ വാങ്ങിക്കാം. ഇത്തരം കുപ്പികൾ ഒന്നിൽ കൂടുതൽ തവണ ഉപയോഗിക്കാവുന്നതാണ്. വീണ്ടും വെള്ളം നിറച്ച് ഉപയോഗിക്കണമെന്നുള്ളവർ തീർച്ചയായും കുപ്പിയുടെ മുകളിലെ നമ്പർ നോക്കി വാങ്ങാൻ ശ്രമിക്കുക. അല്ലെങ്കിൽ വലിയ രോഗങ്ങളായിരിക്കും നമ്മളെ കാത്തിരിക്കുന്നത്.
കോപ്പർ ബോട്ടിലുകൾ ഉപയോഗിക്കാം
കോപ്പർ വാട്ടർ ബോട്ടിൽ ഇപ്പോൾ ഡോക്ടർമാരും ആരോഗ്യ വിശകലന വിദഗ്ധരും ശുപാർശ ചെയ്യുന്നു. ഒരു രാത്രി മുഴുവനുമോ അല്ലെങ്കിൽ കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലുമോ കോപ്പർ ബോട്ടിലിൽ വെള്ളം സംഭരിക്കുമ്പോൾ കോപ്പറിൽ അടങ്ങിയിട്ടുള്ള ആന്റി മൈക്രോബിയൽ, ആന്റി ഓക്‌സിഡന്റ്, ആന്റി ഇൻഫ്‌ലമേറ്ററി സവിശേഷതകൾ വെള്ളത്തിലേക്ക് ഇറങ്ങുകയും ഈ വെള്ളം കുടിക്കുമ്പോൾ അതിലടങ്ങിയിട്ടുള്ള ആരോഗ്യ ഗുണങ്ങൾ നമ്മളുടെ ശരീരത്തിലേയ്ക്ക് എത്തുകയും ചെയ്യുന്നു.