ഇയർഫോൺ ഉപയോ​ഗം കുറച്ചില്ലെങ്കിൽ പിന്നാലെ വരുന്നുണ്ട് ഈ ആരോ​ഗ്യപ്രശ്നങ്ങൾ

19-25 വയസ്സിനിടയിൽ പ്രായമുള്ളവരിൽ 41 ശതമാനവും 26-60 പ്രായമുള്ളവരിൽ 69 ശതമാനവും കേൾവിപ്രശ്നങ്ങൾ വർധിച്ചുവെന്നും പഠനത്തിൽ കണ്ടെത്തി.

Update: 2023-09-03 14:08 GMT
Editor : anjala | By : Web Desk

പ്രതീകാത്മക ചിത്രം 

Advertising

ജോലി ചെയ്യുമ്പോഴും വീട്ടുപണികളിൽ മുഴുകുമ്പോഴും വാഹനമോടിക്കുമ്പോൾ പോലും ഇയർഫോൺ ഉപയോ​ഗിക്കുന്നവരാണ് നമ്മളിൽ പലരും. അധിക നേരം ഇയർഫോൺ ഉപയോ​ഗിക്കുന്നത് ചെവിയുടെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കാം. ഇയർഫോണിന്റെ അമിത ഉപയോ​ഗം കേള്‍വി തകരാറിലേക്ക് വരെ നയിക്കും. ഇയർഫോണുകൾ മറ്റും അനിയന്ത്രിതമായി ഉപയോ​ഗിക്കുന്നവരിൽ കേൾവി-സംസാര സംബന്ധമായ വൈകല്യങ്ങൾ വർധിക്കുന്നുണ്ടെന്നാണ് പുതിയ പഠനം. ഇന്ത്യൻ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഭാഷാപരമായ പ്രശ്നങ്ങളും കൂടിവരുന്നതായും പഠനത്തിൽ കണ്ടെത്തി.

19-25 വയസ്സിനിടയിൽ പ്രായമുള്ളവരിൽ 41 ശതമാനവും 26-60 പ്രായമുള്ളവരിൽ 69 ശതമാനവും കേൾവിപ്രശ്നങ്ങൾ വർധിച്ചുവെന്നും പഠനത്തിൽ കണ്ടെത്തി. ഇയർഫോണുകൾ കൂടുതൽ ഉപയോ​ഗിക്കുന്നത് കുറയ്ക്കണമെന്ന് ആരോ​ഗ്യവിദ​ഗ്ധനും കേന്ദ്രആരോ​ഗ്യമന്ത്രിയുടെ മുൻഉപദേശകനുമായ ഡോ.രാജേന്ദ്ര പ്രതാപ് ​ഗുപ്ത പറയുന്നു. ഇവയുടെ ഉപയോ​ഗം കുറയ്ക്കാത്തപക്ഷം ​ഇയർഫോണുകൾക്ക് പകരം ശ്രവണസഹായി വെക്കേണ്ട ഘട്ടത്തിലേക്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു. 

ഇയർ ഫോൺ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ‌...

ഇയർഫോൺ ആണെങ്കിലും ഹെഡ്ഫോണാണെങ്കിലും അമിതശബ്ദത്തിൽ ഉപയോഗിക്കുന്നത് കേൾവിപ്രശ്നങ്ങൾക്ക് കാരണമാകുന്നു. 90 ഡെസിബെൽ അല്ലെങ്കിൽ 100 ​​ഡിബി ശബ്ദ തീവ്രതയോടെ ദീർഘനേരം ഇയർ ഫോണുകൾ ഉപയോ​ഗിക്കുന്ന ആളുകൾക്ക് ശ്രവണ വൈകല്യത്തിനുള്ള സാധ്യത കൂടുതലാണ്. 2017 ൽ 'നോയിസ് ആന്റ് ഹെൽത്ത്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇത് സൂചിപ്പിക്കുന്നത്. ഇയർഫോണുകൾ പരമാവധി ശബ്ദത്തിന്റെ 60 ശതമാനംവരെ മാത്രമേ ഉപയോഗിക്കാവൂ.

ഗുണനിലവാരമുള്ള ഇയർഫോണുകൾ മാത്രം ഉപയോഗിക്കുക.

ദിവസവും ഒരുമണിക്കൂറിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കരുത്. ശബ്ദംകുറഞ്ഞ അളവിലാണെങ്കിലും ദീർഘനേരം ഉപയോഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകും. അഞ്ചും ആറും മണിക്കൂർ തുടർച്ചയായി ഇയർ ഫോൺ ഉപയോ​ഗിക്കുന്നതും കേൾവിക്കുറവിന് കാരണമാകുന്നു.

ഇയർഫോൺ ഉപയോഗം ചെവിയുടെ കനാലില്‍ ഉയർന്ന താപനിലയും ഈർപ്പവും ഉണ്ടാക്കും. ഇത് ബാക്ടീരിയയ്ക്കും ഫംഗസിനും അനുയോജ്യമായ പ്രജനന കേന്ദ്രമാണ്. പുറം ചെവി അണുബാധയ്ക്ക് കാരണമാകും. മൃദുവായ ഇയർബഡുകളുള്ള ഇയർഫോൺ തിരഞ്ഞെടുക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത ഒരു പരിധി വരെ കുറയ്ക്കും.

ഇയർഫോണുകൾ പതിവായി വൃത്തിയാക്കുക. പൊടി, സൂക്ഷ്മാണുക്കൾ, മറ്റേതെങ്കിലും വസ്തുക്കൾ ഇയർഫോൺ പറ്റിപിടിച്ചിരിക്കുന്നുവെങ്കിൽ വൃത്തിയാക്കുന്നതിലൂടെ അത് മാറികിട്ടും.

Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News