മനുഷ്യ രക്തത്തിലും പ്ലാസ്റ്റിക്കോ? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ
നേരത്തെ നടത്തിയ ഗവേഷണങ്ങളിൽ ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടൽ, എന്നിവയിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു
ലോകത്ത് ആദ്യമായി മനുഷ്യരക്തത്തിൽ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സായ മൈക്രോ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. നെതർലാൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. ശേഖരിച്ച സാമ്പിളുകളിൽ 80 ശതമാനത്തിലും മൈക്രോപ്ലാസ്റ്റികിന്റെ അംശം കണ്ടെത്തിയത് ഗവേഷകരെ ഞെട്ടിച്ചിരിക്കുകയാണ്. മൈക്രോപ്ലാസ്റ്റിക്കിന് ശരീരത്തിലുടനീളം സഞ്ചരിക്കാനും അവയവങ്ങളിൽ തങ്ങിനിൽക്കാനും കഴിയുന്നു എന്നതിനാൽ ഈ കണ്ടെത്തൽ വളരെ പ്രാധാന്യമർഹിക്കുന്നു.
22 വ്യക്തികളിൽ നിന്ന് ശേഖരിച്ച് രക്ത സാംപിളുകൾ വച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 17 പേരുടെ രക്തത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി എന്ന് എൻവിയോൺമെന്റ് ഇന്റർനാഷനൽ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിൽ പറയുന്നു.
അഞ്ച് മില്ലിമീറ്ററിൽ താഴെയുള്ള സൂഷ്മ പ്ലാസ്റ്റിക് ശകലങ്ങളാണ് മൈക്രോപ്ലാസ്റ്റിക്. ഇവ വലിയ മലിനീകരണ വസ്തുവായാണ് കണക്കാക്കപ്പെടുന്നത്. ഇവ എങ്ങനെയാണ് മനുഷ്യ ശരീരത്തിൽ എത്തുന്നതെന്ന പഠനത്തിലാണ് ഗവേഷകർ. രക്തത്തിലൂടെ മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങളിലെത്താനും അവയിൽ അടിഞ്ഞു കൂടി ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാനും സാധ്യത ഉണ്ടെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇത് ആരോഗ്യത്തെ സംബന്ധിച്ച് വലിയ മുന്നറിയിപ്പാണ് നൽകുന്നത്.
ഗവേഷകർ പറയുന്നതനുസരിച്ച്, പ്ലാസ്റ്റിക് കണികകൾ വായുവിൽ നിന്നും ഭക്ഷണത്തിലൂടെയും പാനീയങ്ങളിലൂടെയും മനുഷ്യ ശരീരത്തിൽ പ്രവേശിക്കുമെന്നാണ് കണ്ടെത്തൽ. പ്രധാനമായും ശീതളപാനീയങ്ങൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കുപ്പികൾ നിർമ്മിക്കുന്ന പോളിയെത്തിലീൻ ടെറഫ്താലേറ്റ് (പിഇടി) എന്നിവ പകുതി ആളുകളുടെയും രക്തത്തിൽ അടങ്ങിയിട്ടുണ്ടെന്ന കണ്ടെത്തൽ ഭീതിജനകമാണ്.
ഭക്ഷണപ്പൊതികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിസ്‌റ്റൈറൈൻ 36 ശതമാനവും സാമ്പിളുകളിലും, പാക്കേജിംഗ് ഫിലിമും ബാഗുകളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന പോളിയെത്തിലീൻ 23 ശതമാനം സാമ്പിളുകളിലും അടങ്ങിയിട്ടുള്ളതായി ഗവേഷകർ കണ്ടെത്തി. വീട്ടിനുള്ളിൽ നല്ല വായുസഞ്ചാരം ആവശ്യമാണ്. കാരണം മൈക്രോപ്ലാസ്റ്റിക് സാന്ദ്രത പുറത്തുള്ളതിനേക്കാൾ കൂടുതൽ വീടിന്റെ അകത്താണെന്ന് ഗവേഷകർ പറയുന്നു.
രക്തത്തിലെ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യമുണ്ടാക്കുന്ന ദീർഘകാല ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഗവേഷകർ പഠിച്ചു വരുന്നതെയുള്ളൂ. എന്നതിനാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ നടത്തിയ ഗവേഷണങ്ങളിൽ ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടൽ, എന്നിവയിൽ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. എന്നാൽ മനുഷ്യന്റെ രക്ത സാമ്പിളിൽ മുമ്പൊരിക്കലും പ്ലാസ്റ്റിക് ഉണ്ടായിട്ടില്ലെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.