ആളുകൾ കൂടുതലായി ഉറങ്ങുന്നത് തണുപ്പ് കാലത്ത്; പഠനം പറയുന്നത്
292 പങ്കാളികളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. ഇവർക്കായി പ്രത്യേകം മുറികൾ സജ്ജീകരിച്ചു. എന്നിട്ട് ഉറങ്ങാൻ ആവശ്യപ്പെട്ടു
മതിയായ ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. തലച്ചോറിന്റെയും രോഗ പ്രതിരോധ സംവിധാനത്തിന്റെയും ശരിയായ പ്രവർത്തനത്തിന് നല്ല ഉറക്കം ആവശ്യമാണ്. ചൂടുകാലത്തെക്കാൾ തണുപ്പ് കാലത്താണ് ആളുകൾ കൂടുതലായി ഉറങ്ങുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. തണുപ്പ് കാലത്ത് പകൽപോലും ആളുകൾ ഉറങ്ങാൻ ഇഷ്ടപ്പെടുന്നു എന്ന് ഫ്രണ്ടിയേഴ്സ് ഇൻ ന്യൂറോ സയൻസ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.
നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക രീതികളാണ് എപ്പോൾ ഉറങ്ങണം എന്ന് തീരുമാനിക്കുന്നത്. പകൽ സമയത്ത് നമ്മുടെ ശരീരത്തിന് വേണ്ടത്ര സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ നമ്മുടെ ഉറക്കത്തിന്റെ താളം തെറ്റുകയും അത് നമ്മുടെ ഉറക്കത്തിന്‍റെ സമയം കൂട്ടുകയും ചെയ്യുന്നു. കൂടുതലായും തണുപ്പ് കാലത്താണ് ഈ പ്രവണത കണ്ടെത്തുന്നത് എന്ന് പഠനം പറയുന്നു.
ബെർലിനിലെ ചാരിറ്റേ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരുടെ ഒരു സംഘം 292 പങ്കാളികളില്‍ ഇതുമായി ബന്ധപ്പെട്ട പഠനം നടത്തി. ഇവർക്കായി പ്രത്യേകം മുറികൾ സജ്ജീകരിച്ചു. എന്നിട്ട് ഉറങ്ങാൻ ആവശ്യപ്പെട്ടു. ഇവർ ഉറങ്ങുന്ന ഇടങ്ങളിൽ അലറാം പോലുമില്ലതെ കൃത്യമായ നിരീക്ഷണം നടത്തി. ഉറക്കത്തിന്റെ ഗുണനിലവാരം, ദൈർഘ്യം എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കിയത്. മാസങ്ങളോളം നീണ്ടുനിന്ന പരീക്ഷണത്തിലാണ് ശൈത്യകാലത്ത് ആളുകൾ കൂടുതലായി ഉറങ്ങാൻ ഇഷ്ടപ്പെടുന്നു എന്ന് കണ്ടെത്തലിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ വർഷാവസാനം ആളുകളിലെ ഉറക്കത്തിന്‍റെ സമയം കുറയുന്നതായി കാണപ്പെട്ടു എന്നും പഠനം വ്യക്തമാക്കുന്നു.