ഉറക്കം പോയോ, ഹാർട്ട് അറ്റാക്ക് വഴിയേ വരുന്നുണ്ട്
പകൽ സമയത്ത് ഉറക്കം വരുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
ജോലിത്തിരക്ക്, വീട്ടിൽ തിരക്ക് ഇങ്ങനെ നിരവധി തിരക്കുകൾക്കിടയിൽ ഓടിക്കൊണ്ടിരിക്കുന്ന ജീവിതത്തിനിടെ ഉറക്കത്തിന് എന്ത് പ്രാധാന്യം! ഇതിനെല്ലാം പുറമേ ജോലിസ്ഥലത്തെ സമ്മർദ്ദം, മറ്റ് മാനസിക സമ്മർദ്ദങ്ങൾ കൂടിയാകുമ്പോൾ ഉറക്കം ടാറ്റ പറഞ്ഞങ്ങ് പോകും. ഇതൊന്നുമല്ല പ്രശ്നമെങ്കിൽ ഉറങ്ങാനുള്ള പകുതിയിലേറെ സമയവും കയ്യിലുള്ള മൊബൈൽ ഫോണിന് കൊടുക്കുന്നവരാകും ഭൂരിഭാഗവും. നല്ല കിടിലൻ സിനിമകളും സീരീസും സോഷ്യൽ മീഡിയയിലെ തമാശകളും കൂടിയുണ്ടെങ്കിൽ പൂർത്തിയായി.
രാത്രിയുറക്കം അവധിക്ക് വെച്ച് പകൽ സമയം ഉറങ്ങാൻ കൊടുക്കുന്നവരാണോ നിങ്ങൾ. എന്തുമാത്രം സമ്മർദ്ദമാണ് തനിക്ക് തന്നുകൊണ്ടിരിക്കുന്നതെന്ന് നിങ്ങളുടെ ശരീരം വിളിച്ചുപറയുന്നുണ്ടാകും. ഇതിന് ചെവികൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉറക്കമില്ലായ്മ ശരീരത്തെ എത്രമാത്രം ദോഷകരമായി ബാധിക്കുന്നുവെന്ന് ആരോഗ്യവിദഗ്ധർ നിരന്തരം ഓർമിപ്പിക്കുന്നതാണ്. ഇപ്പോഴിതാ, ഉറക്കമില്ലായ്മയെ ഒരു സാധാരണ ആരോഗ്യപ്രശ്നമായി കാണരുതെന്നാണ് യുഎസിലെ ക്ലിനിക്കൽ കാർഡിയോളജിയിൽ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നത്.
ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം, ഉയർന്ന രക്തസമ്മർദ്ദം, പൊണ്ണത്തടി, വിഷാദം എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുടെ ഒരു നീണ്ടനിര തന്നെ ഉറക്കമില്ലായ്മക്കൊപ്പം ഉണ്ട്. ഇതിന് പുറമേ ഉറക്കമില്ലായ്മ അനുഭവിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 69% കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. അഞ്ചോ അതിൽ താഴെയോ മണിക്കൂറുകൾ ഉറങ്ങുന്ന ആളുകൾക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള ഏറ്റവും ഉയർന്ന സാധ്യതയുണ്ടെന്നും ഗവേഷകർ കണ്ടെത്തി. പ്രമേഹം കൂടിയുണ്ടെങ്കിൽ ഹൃദയാഘാതം വരാനുള്ള സാധ്യത ഇരട്ടിയാണ്.
1,184,256 മുതിർന്നവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. ഇതിൽ 43 ശതമാനം പേരും സ്ത്രീകളായിരുന്നു. ശരാശരി 52 വയസ് പ്രായമുള്ളവരെയാണ് പഠനത്തിന് വിധേയമാക്കിയത്.ഉറങ്ങാനുള്ള ബുദ്ധിമുട്ട്, നേരത്തെ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, ഉണർന്നാൽ വീണ്ടും ഉറങ്ങാൻ കഴിയാത്തത് ഇങ്ങനെ ഏതെങ്കിലുമൊരു അവസ്ഥ നേരിടുന്നവരായിരുന്നു കൂടുതലും. ഇതിൽ 2,406 രോഗികളിലും ഹൃദയാഘാതം സംഭവിച്ചിരുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
പ്രത്യേകിച്ചും, രാത്രിയിൽ ആറ് മുതൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് അഞ്ച് മണിക്കൂറോ അതിൽ താഴെയോ മണിക്കൂർ ഉറങ്ങുന്നവർക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 1.38, 1.56 മടങ്ങ് കൂടുതലാണെന്ന് പഠനത്തിൽ വ്യക്തമാക്കുന്നു.
ഉറക്കവും ഹൃദയാരോഗ്യവും
ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള പ്രാഥമിക പ്രതിരോധ മാർഗനിർദ്ദേശങ്ങളിൽ ഉറക്കം ഉൾപ്പെടുത്തണമെന്ന് ഈജിപ്തിലെ അലക്സാണ്ട്രിയയിലെ അലക്സാണ്ട്രിയ സർവകലാശാലയിലെ മെഡിക്കൽ വിദ്യാർത്ഥിയും പഠനത്തിന്റെ രചയിതാവുമായ യോമ്ന ഇ. ഡീൻ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തിന് ഉറക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് രോഗികളെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവുള്ളവർ കൃത്യമായ ഇടവേളകളിൽ ഹൃദയാരോഗ്യം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
ഉറക്കമില്ലായ്മ എന്നാൽ രാത്രി ഉറങ്ങാതിരിക്കുന്നത് മാത്രമല്ല. അമിതമായ ഉറക്കവും ഇതിൽ ഉൾപ്പെടുന്നു. ആവശ്യത്തിൽ കൂടുതൽ ഉറങ്ങുന്നത് ഉറക്കമില്ലായ്മക്ക് തുല്യവും ചിലപ്പോൾ അതിനേക്കാൾ കൂടുതൽ ദോഷകരവുമാകും.
ഉറക്കത്തിന്റെ അളവാണ് ശ്രദ്ധിക്കേണ്ടത്. വേണ്ടത്ര ഉറക്കം ലഭിക്കാത്ത ആളുകൾക്ക് അവരുടെ ശരീരത്തിന് മികച്ച പ്രവർത്തനം നൽകാനുള്ള ഘടകങ്ങളുടെ അഭാവത്തിന് ഇടയാക്കും. ഉറക്കത്തിന്റെ ഗുണനിലവാരവും പ്രധാനമാണ്. എത്ര നേരം കിടന്നുറങ്ങിയാലും മന്ദതയോടെ എഴുന്നേൽക്കുന്നവരെ കണ്ടിട്ടില്ലേ. അന്നത്തെ ദിവസം മുഴുവൻ അവർ ഒരു ഉഷാറുമില്ലാതെയാകും നടക്കുക. ആഴത്തിലുള്ള ഉറക്കം ലഭിക്കാത്തതിന്റെ പ്രശ്നമാണിത്.
ഉറങ്ങുന്ന സമയത്താണ് നമ്മുടെ ശരീരം വിശ്രമിക്കുന്നത്. എല്ലാ സമ്മർദ്ദങ്ങളും ഒഴിഞ്ഞ് സ്വയം ഫ്രീയാകുന്ന സമയമാണിത്. വേണ്ടത്ര ആഴത്തിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ശരീരത്തെ ആവശ്യമായ എല്ലാ അറ്റകുറ്റപ്പണികളും നിർവഹിക്കുന്നതിൽ നിന്ന് തടയും. ക്രമരഹിതമായ ഉറക്ക രീതികൾ രക്തപ്രവാഹത്തിന് അപകടസാധ്യതയുണ്ടാക്കുമെന്നും ഡോക്ടർ പറയുന്നു. പകൽ സമയത്ത് ഉറക്കം വരുന്ന ആളുകൾക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ഗ്രാൻഡർ കൂട്ടിച്ചേർത്തു.
എല്ലാ രാത്രിയിലും കുറഞ്ഞത് ഏഴ് മണിക്കൂർ ഉറങ്ങുന്നത് നിങ്ങളുടെ ശരീരത്തെ വീണ്ടെടുക്കാൻ സഹായിക്കുകയും അടുത്ത ദിവസം സാധാരണ രീതിയിൽ പ്രവർത്തിക്കാൻ നിങ്ങളെ അനുവദിക്കുകയും ചെയ്യുമെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ആവശ്യത്തിന് ഉറങ്ങുന്നത് രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, ഭാരം എന്നിവ നിയന്ത്രിക്കാൻ സഹായിക്കും. ഇവയെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു.
ശ്രദ്ധിക്കാം..
നല്ല ഉറക്കം ലഭിക്കുന്നതിന് കിടപ്പുമുറിയിൽ ഉൾപ്പടെ പാലിക്കേണ്ട ചില ചിട്ടകളും നുറുങ്ങുവിദ്യകളുമുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
- കിടപ്പുമുറിയിൽ അസുഖകരമായ താപനില, വെളിച്ചം, ശബ്ദങ്ങൾ എന്നിവ ഒഴിവാക്കുക
- ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മൊബൈൽ, കമ്പ്യൂട്ടർ സ്ക്രീനുകൾ ഓഫാക്കുക
- ഉറങ്ങുന്നതിന് മുൻപ് കനത്ത അളവിൽ ഭക്ഷണം കഴിക്കരുത്
- കോഫി അടക്കമുള്ള കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കുക
- മനസ് ശാന്തമാക്കുക, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഇഷ്ടപ്പെട്ട പാട്ട് കേൾക്കുകയോ ബുക്ക് വായിക്കുകയോ ചെയ്യാവുന്നതാണ്